മീനുകള്‍ ചുംബിക്കുന്നു: ബിഷപ്പ് വേദി തടഞ്ഞ ലെസ്ബിയന്‍ നോവല്‍ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

പെണ്‍പ്രണയത്തെക്കുറിച്ച് ഉള്ളടക്കമുള്ള നോവലിന്റെ പ്രകാശന ചടങ്ങിന് കൊച്ചി സെന്റ് തെരേസാസ് കോളേജ് അനുവദിച്ച വേദി ബിഷപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷേധിക്കപ്പെട്ടു. ശ്രീപാര്‍വ്വതി എഴുതിയ മീനുകള്‍ ചുംബിക്കുന്നു എന്ന നോവലിന്റെ ഭാഗങ്ങള്‍ നാരദാന്യൂസ് പ്രസിദ്ധീകരിക്കുന്നു.

മീനുകള്‍ ചുംബിക്കുന്നു: ബിഷപ്പ് വേദി തടഞ്ഞ ലെസ്ബിയന്‍ നോവല്‍ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

പ്രകൃതി എപ്പോഴും അതിനിഗൂഡമായ ഒരു ആവരണത്താല്‍ പൊതിയപ്പെട്ടിരിക്കും.മഴയാണോ കാറ്റാണോ വെയിലാണോ തൊട്ടടുത്ത നിമിഷമുണ്ടാവുക എന്നറിയാത്തതു പോലെ അതിങ്ങനെ മിനുട്ടുകള്‍ക്കുള്ളില്‍ കാലാവസ്ഥ മാറ്റി അതിശയിപ്പിക്കും. ചില മനുഷ്യരുടെ മനസ്സ് പോലെ തന്നെ പ്രകൃതിയുടെ അവസ്ഥകള്‍...

എനിക്ക് ലോകത്തിലേയ്ക്ക്, പ്രകൃതിയിലേക്ക് നോക്കാന്‍ ഭീതിയോ നാണക്കേടോ ഒക്കെ അലിഞ്ഞു ചേര്‍ന്ന ഒരു അരുതായ്ക തോന്നുന്നത് അറിയാന്‍ കഴിയുന്നുണ്ട്. ഞാനിപ്പോള്‍ ആഗ്‌നസിന്റെ തോളില്‍ ചാരിയിരിക്കുകയാണ്.പരസ്പരമറിഞ്ഞവള്‍ക്കുമുന്നില്‍ ഇനിയെന്ത് മറകള്‍...

'നിനക്ക് പേടിയുണ്ടോ താരാ...'

അവളെന്റെ മനസ്സ് വായിച്ചിരുന്നു... എന്നെ ആശ്വസിപ്പിയ്ക്കാന്‍ പ്രകൃതി അവളെ വാക്കുകള്‍ കൊടുത്തു പറഞ്ഞു വിട്ടിരിക്കുന്നു, ഞാന്‍ കരുതി.

'നീയെന്തിനാ പേടിക്കുന്നെ... ഞാനുണ്ടല്ലോ എപ്പോഴും കൂടെ...'

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ വാക്കുകള്‍ എന്റെ ഉള്ളില്‍ എപ്പോഴോ മുഴങ്ങി കേട്ടിരുന്നുവല്ലോ എന്ന് അതിശയത്തോടെ ഞാന്‍ ഓര്‍ത്തെടുത്തു. ചില സ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ ചില സംഭവങ്ങള്‍ അങ്ങനെ ഓര്‍മ്മകളിലേക്ക് നീണ്ടു പോകാറുണ്ട്. അതെ സ്ഥലങ്ങള്‍, അതെ വാക്കുകള്‍ , അതെ അനുഭവം, ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളുടെ ഗതിവിഗതികള്‍ കാലത്തിനറിയാതെ വരുന്നതേയില്ലല്ലോ...

'നീയെന്താ മിണ്ടാതെയിരിക്കുന്നെ...'

'ഒന്നൂല്ല...'

'സമൂഹം എങ്ങനെ കാണും എന്നോര്‍ത്തിട്ടാണോ...'

'എന്താ അത് പേടിക്കേണ്ട കാര്യമല്ലേ...'

'അതെ... പ്രത്യേകിച്ച് ഇന്നത്തെ അവസ്ഥയില്‍ പേടിക്കണം... പക്ഷെ അത് പുറത്തുള്ളവര്‍ അറിയുമ്പോഴല്ലേ, അപ്പോള്‍ അത് നമുക്ക് നേരിടാം....നീ ഇപ്പോള്‍ പേടിച്ച് സന്തോഷം കളയാതെ...'

'നിനക്ക് പേടിയില്ലേ ...'

'ഉണ്ടോന്നോ... ഇതെങ്ങനെ നമുക്കിടയില്‍ വര്‍ക്ക് ഔട് ആയെന്നു എനിക്കിപ്പോഴും അറിയില്ലെടാ... ഞാനിങ്ങനെ ആയിരുന്നില്ല... ഒരു പെണ്‍കുട്ടിയോട് ഇത്തരമൊരു അനുഭവം... നിനക്ക് ആദ്യമല്ലായിരിക്കാം, എനിക്ക് പക്ഷെ... ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെയും സത്യത്തിന്റെയും നേര്‍ത്ത പാഠങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും ഞാന്‍ പകച്ചിരിക്കുന്നുണ്ട്. സമൂഹത്തിനെ അല്ല എനിക്ക് പേടി... എന്നെ തന്നെ... എന്താണ് സംഭവിക്കുന്നതെന്നോര്‍ത്തുള്ളൊരു വിങ്ങല്‍...'

'നീ പേടിക്കരുത്... ഇതിപ്പോള്‍ പങ്കു വയ്ക്കാന്‍ നമുക്കിടയില്‍ മറ്റൊരാളില്ല.. നീയും ഞാനും മാത്രം... നമ്മുടേത് മാത്രമായ നിമിഷങ്ങള്‍ മാത്രം...'

'എനിക്കറിയാമെടാ... എനിക്കറിയാം.... നമുക്കിടയില്‍ എന്തിനെക്കുറിച്ചൊക്കെയോ ഉള്ള ഭീതികള്‍ ഹൃദയമിടിപ്പുകള്‍ കൂട്ടുന്നുണ്ട്... പരസ്പരം കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ അത് നിലവിക്കുന്നതു പോലെ... നിനക്ക് കേള്‍ക്കാമോ...'

എനിക്കവളുടെ നെഞ്ചില്‍ ചാഞ്ഞു കിടന്ന് മിടിപ്പ് കേള്‍ക്കണമെന്ന് തോന്നി... ചെവികള്‍ അവളുടെ ഹൃദയത്തോട് ചേര്‍ത്ത് വച്ച് ഞാനവയില്‍ എനിക്കിഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞു തുടങ്ങി...

'ദില്‍ കെ ജാരോകെ മി തുജെക്കോ ബൈത്താകാര്‍യാദോം കോ തേരി മെയിന്‍ ദുല്‍ഹന്‍ ബനാക്കര്‍...'മുഹമ്മദ് റാഫി പാടുന്നു...ഹൃദയത്തിന്റെ അറകളില്‍ നിന്നെ പ്രതിഷ്ഠ നടത്തി ... ഓര്‍മ്മകളില്‍ നിന്നെ നവവധുവാക്കി, നിന്നെയെന്റെ ഹൃദയത്തില്‍ സൂക്ഷിക്കാം...

അവളുടെ ഹൃദയം പാടിയ പാട്ടില്‍ ഏറെ നേരം ഞാനങ്ങനെ തന്നെ കിടന്നു, മെല്ലെ അവളെന്റെ മുഖം പിടിച്ചുയര്‍ത്തുന്നത് വരെ, ലോകത്തില്‍ മറ്റെന്തു വന്നു വിളിച്ചാലും ആ നിമിഷം വിട്ടു ഞാന്‍ വെളിയില്‍ വരുമായിരുന്നില്ല...

അവളുടെ കണ്ണുകളില്‍ നിന്നും കാടിറങ്ങി വരുന്നു. ഇപ്പോള്‍ അവ എന്റെ മുഖത്തിനു നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്... കാറ്റില്‍ നിന്നും വള്ളിപ്പടര്‍പ്പുകളും മഹാ വൃക്ഷങ്ങളും എന്നിലേയ്ക്ക് അതിന്റെ പച്ചപ്പുകള്‍ നീട്ടുന്നു...

ചുണ്ടുകളിലെ തരിപ്പുകള്‍ക്കു മുകളിലേയ്ക്ക് അവളെ ഞാന്‍ ചേര്‍ത്ത് വയ്ക്കുന്നു... ലോകത്തിലെ ഏറ്റവും മനോഹരമായ ചുംബനം... അത് പ്രണയിക്കുന്നവര്‍ പരസ്പരം ആദ്യമായി നല്കുന്നതാകും... പിന്നീടെത്ര നല്കപ്പെട്ടാലും അതാദ്യം ലഭിക്കുന്നത്ര തീവ്രതയോടെ ഉദാത്തമായി നല്കുവാനാവില്ല.. നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ക്ക് മുകളില്‍ ചുണ്ടുകള്‍ അമര്‍ന്നു തന്നെയിരിക്കട്ടെ...പരസ്പരം വീണ്ടെടുക്കാനുള്ള മോഹത്തെ അത് ഉന്നതിയിലെത്തിക്കട്ടെ..

എന്നോ ഒരിക്കല്‍ ആത്മാവായി അലയുമ്പോള്‍ നഷ്ടപ്പെട്ടു പോയ എന്റെ പാതി ഹൃദയത്തെ നിന്നില്‍ ഞാന്‍ കണ്ടെത്തുന്നു...ചുണ്ടുകള്‍ കൊരുത്തെടുത്ത്, ഹൃദയം പരസ്പരം മുറുകെ ചേര്‍ത്ത് പിടിച്ച് നാം പരസ്പരം നമ്മുടെ ഹൃദയങ്ങളെ വീണ്ടെടുക്കുന്നു...നമുക്ക് മുന്നില്‍ ഭീതിപ്പെടുത്തുന്ന ലോകമില്ല...ബന്ധങ്ങളോ ബന്ധങ്ങളോ ഇല്ല...നിന്റെ സങ്കടങ്ങളില്ല..എന്റെ ജോലികളില്ല...കുഞ്ഞുങ്ങളോ, ഉടമ്പടികളോ ഒന്നുമില്ല...നീയും ഞാനും മാത്രം...നാം പരസ്പരം നമ്മിലേക്ക് ചായുന്നു...

ഒരു പെഗ് വിസ്‌കിയുടെ കുഞ്ഞു ലഹരിയാണോ പ്രണയത്തിന്റെ ഒരിക്കലും കെടാത്ത ലഹരിയാണോ എന്നറിയില്ല, അവളെന്റെ മാറിലേക്ക് പെട്ടെന്നാണ് പിടഞ്ഞു വീണത്. ആ വീഴ്ചയില്‍ അത്രമേല്‍ ഹൃദയത്തിലേക്ക് അവള്‍, ഇനിയൊരിക്കലും, വീണ്ടെടുക്കപ്പെടാതെ ഉരുകി ചേര്‍ന്നിരുന്നെങ്കില്‍ എന്ന് തോന്നി. അവളെ വിറയ്ക്കുന്നുണ്ടായിരുന്നോ...

കണ്ണാടിയുടെ മുന്നില്‍ അവളോടൊട്ടി നില്‍ക്കുമ്പോള്‍ ഇതുവരെ തോന്നാത്ത ഒരു കണ്ടെത്തല്‍ ഞങ്ങളൊന്നിച്ച് നടത്തി, രണ്ടു സ്ത്രീ മുഖങ്ങളിലും ഞങ്ങള്‍ പരസ്പരം ഒന്നെന്ന പോലെയിരിക്കുന്നു. അവളുടെ മുഖം എന്നിലും എന്റേത് അവളിലും പ്രതിഫലിക്കുന്നു. വസ്ത്രങ്ങളുടെ ചൂടിന്റെ ദീര്‍ഘശ്വാസങ്ങളില്‍ നിന്നും അരണ്ട വെളിച്ചമുള്ള മുറിയുടെ കരുതലിലേയ്ക്കും തണുപ്പിലേയ്ക്കും ഞങ്ങളിറങ്ങി നടന്നു. എന്നാല്‍ ഓരോ തീച്ചൂളയേയും അതിജീവിക്കാനാകാതെ വീണ്ടും വീണ്ടും അതെ തണുപ്പിലേക്ക് ഞങ്ങള്‍ക്ക് മഴയാകണമായിരുന്നു. അവളുടെ ചുവന്ന വലിയ പൊട്ടിലേയ്ക്കും കറുത്ത കണ്ണുകളിലെ കാടുകളിലേയ്ക്കും ചുംബനത്തിന്റെ നനുത്ത സ്പര്‍ശം. കടലും കാടും ഒന്നായി മാറാറുണ്ടോ? കടലിന്റെ അടിത്ത്തട്ടിലൊരു കാടുണ്ടത്രെ....

എനിക്കത് ഇപ്പോള്‍ വിശ്വാസമായി... കാരണം പരസ്പരം അവയെ കണ്ടെത്താന്‍ ഞങ്ങള്‍ മത്സരിച്ചു കൊണ്ടേയിരുന്നു. എത്ര നേരം പരസ്പരം അങ്ങനെ കിടന്നുവെന്നു യാതൊരു ധാരണയും ഞങ്ങള്‍ക്കിരുവര്‍ക്കും ഉണ്ടായതേയില്ല. ശരീരത്തിന്റെ ദാഹത്തെക്കാള്‍ ആത്മാവിന്റെ ദാഹമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണര്‍ന്നിരുന്നത്... പരസ്പരം ചുംബിക്കുമ്പോഴും കൂടുതല്‍ ഒന്നിനെ വിഴുങ്ങാനുള്ള ആവേശം... വിഴുങ്ങി ഉള്ളിലെത്തി എന്റെ സ്വന്തമായതെന്തോ , എന്നോ ഞാന്‍ മറന്നു വച്ചു പോയത് കണ്ടെത്താനുള്ള ആവേശം..

എത്രയോ നാളുകള്‍ക്കു ശേഷം അന്നാദ്യമായി റോഡ് സൈഡിലെ ഇലഞ്ഞി പൂത്തത് ഞാന്‍ ഗന്ധത്തിലൂടെയറിഞ്ഞു... രാത്രിയല്ലാതിരുന്നിട്ടും അതെന്നെ ഉണര്‍ത്തിക്കൊണ്ടിരുന്നു...ഞങ്ങള്‍ വീണ്ടും പരസ്പരം വിഴുങ്ങാന്‍ മത്സരിച്ച് കൊണ്ടേയിരുന്നു, ഒടുവില്‍ വീണ്ടെടുക്കാതെ തന്നെ തളര്‍ന്നു അവനവനിലേക്ക് ചായ്ഞ്ഞുറങ്ങിപ്പോയി...

Story by