ബുദ്ധിസം അനുകമ്പയുടെ മതമാണ്; പക്ഷെ മ്യാൻമറിലെ ബുദ്ധിസ്റ്റുകൾ അതു കാണിക്കുന്നില്ല: എഡ്മണ്ട് യിയോ

ഓങ്‌ സാങ് സൂചി സമാധാനത്തിനുള്ള നൊബൽ സമ്മാനം നേടിയവരാണെങ്കിലും റോഹിം​ഗ്യൻ കൊലപാതകങ്ങൾക്ക് അവർ കൂട്ട് നിൽക്കുകയാണ്- എഡ്‌മണ്ട് യിയോ സംസാരിക്കുന്നു

ബുദ്ധിസം അനുകമ്പയുടെ മതമാണ്; പക്ഷെ മ്യാൻമറിലെ ബുദ്ധിസ്റ്റുകൾ അതു കാണിക്കുന്നില്ല: എഡ്മണ്ട് യിയോ

റോഹിം​ഗ്യന്‍ അഭയാർത്ഥി പ്രശ്നത്തെ പശ്ചാത്തലമാക്കി ഒതുക്കി നിര്‍ത്തപ്പെട്ട മനുഷ്യന്റെ ചോദനകളെ ചിത്രീകരിക്കുന്ന ചലച്ചിത്രമാണ് മലേഷ്യൻ സംവിധായകനായ എഡ്മണ്ട് യിയോ സംവിധാനം ചെയ്ത അകിരാത. 22ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു അകിരാത. ജനിച്ച മണ്ണിൽ നിന്നും പുറത്താക്കപ്പെട്ട റോഹിം​ഗ്യൻ അഭയാർത്ഥി സമൂഹത്തേക്കുറിച്ചും അതിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവുമാണ് സിനിമ പ്രമേയമാക്കുന്നത്.

ഒതുക്കി നിര്‍ത്തപ്പെട്ട മനുഷ്യന്റെ ആര്‍ത്തിയും ക്രൂരതയും മനുഷ്യ നിഷേധവും വൈകാരിക ബന്ധങ്ങളും ചിത്രീകരിക്കുന്നതില്‍ എഡ്മണ്ട് യിയോ വിജയിക്കുമ്പോള്‍ അകിരാത മികവുറ്റ ചിത്രമായും രൂപാന്തരപ്പെടുന്നു. ടോക്കിയോ, സിങ്കപ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരം നേടിയ ചിത്രത്തിന്റെ സംവിധായകൻ എഡ്മണ്ട് യിയോ റോഹിങ്ക്യൻ വിഷയത്തെക്കുറിച്ച് നാരദ ന്യൂസിനോട് സംസാരിക്കുന്നു.

റോഹിം​ഗ്യൻ സമൂഹത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ തികച്ചും സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമുള്ളതാണ് ഈ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?

കഴിഞ്ഞ കുറെ ദശകങ്ങളായി മലേഷ്യയിൽ അഭയാർത്ഥി പ്രശ്‍നം ഉണ്ടെന്നതാണ് സത്യം. വിയറ്റ്നാം, മ്യാന്മർ എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളുടെ ആശ്രയമാണ് മലേഷ്യ. റോഹിം​ഗ്യൻ അഭയാർഥികൾ വന്നുതുടങ്ങിയിട്ട് 10 വർഷത്തിൽ കൂടുതൽ ആയിട്ടില്ല. ഞങ്ങൾ അവരെ ശ്രദ്ധിച്ചിട്ടില്ല. വിദേശികളെന്ന നിലയിൽ അവരെ അവഗണിക്കാറാണ് മലേഷ്യയിൽ പതിവ്. കഴിഞ്ഞ രണ്ടു കൊല്ലമായി അവർ അവരുടെ ജന്മനാട്ടിൽ കൊല്ലപ്പെടുന്നതിനെ തുടർന്നാണ് കൂട്ടമായി മലേഷ്യയിലേക്ക് വരാൻ തുടങ്ങിയത്. ആയിരക്കണക്കിനാളുകൾ അങ്ങനെ മലേഷ്യയിലെത്തി.

ഒരിക്കൽ 150 റോഹിംഗ്യൻ അഭയാർത്ഥികളെ മലേഷ്യയിലെ ഒരു കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മനുഷ്യക്കടത്തുകാർ അവരുടെ പണം എടുത്ത ശേഷം അവരെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് എന്റെ സിനിമയിൽ കാണിച്ചിട്ടുണ്ട്. എന്നെ ഈ വിഷയത്തിലേക്ക് നയിച്ചതും ഈ സംഭവമാണ്.

മ്യാൻമറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വംശഹത്യയെ സഹായിക്കുകയാണോ?

ഓങ്‌ സാങ് സൂചി സമാധാനത്തിനുള്ള നൊബൽ സമ്മാനം നേടിയവരാണെങ്കിലും റോഹിം​ഗ്യൻ കൊലപാതകങ്ങൾക്ക് അവർ കൂട്ട് നിൽക്കുകയാണ്. കുട്ടികൾ കൊല്ലപ്പെടുകയും ഗ്രാമങ്ങൾ ചുട്ടുകരിക്കുകയും ചെയ്യുന്നു. ഇവയോടൊന്നും എനിക്ക് യോജിക്കാനാവില്ല. കുഞ്ഞുങ്ങൾ, ആ നിഷ്കളങ്കരായ ജീവികളെ കൊല്ലുന്നതിന് ഞാൻ എതിരാണ്.

ഇസ്ലാമോഫോബിയയെ മ്യാൻമറിലെയും മലേഷ്യയിലെയും സാഹചര്യങ്ങളിൽ എങ്ങനെയാണ് കാണുന്നത്?

മ്യാൻമാർ ബുദ്ധിസ്റ്റ് രാജ്യമാണ്. ഞാൻ ഒരു ബുദ്ധിസ്റ്റ് ആണ്. ബുദ്ധമതം അനുകമ്പയുടെ മതമാണ്. പക്ഷെ മ്യാൻമറിലെ ബുദ്ധിസ്റ്റുകൾ അത് കാണിക്കുന്നില്ല. ബുദ്ധസന്യാസിമാർ വരെ റോഹിം​ഗ്യൻ മുസ്ലിംകളെ കൊല്ലുന്നു. ചെറിയ കുഞ്ഞുങ്ങളെ കൊല്ലാനോ ഉപദ്രവിക്കാനോ ആർക്കും അവകാശമില്ല. മലേഷ്യ ഒരു ഇസ്ലാമിക രാജ്യമായതുകൊണ്ടാണ് അവർ അവിടേക്ക് അഭയം തേടി വരുന്നത്. ഒരേ മതവും സംസ്കാരവുമാണ് അവരെ ആകർഷിക്കുന്നത്. എന്നാൽ, അവർ ഇവിടുത്തെ ക്രമാസമാധാനത്തിന് തടസ്സം വരുത്തും, അവർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് രാഷ്ട്രീയത്തെ സ്വാധീനിക്കും എന്നതൊക്കെയാണ് മലേഷ്യൻ ജനതയുടെ ഭയങ്ങൾ. പക്ഷെ മനുഷ്യ സഹജമായ മാന്യത അവരോട് കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഇസ്ലാമോഫോബിക് മനോഭാവമാണോ പ്രശ്നം വഷളാകാൻ കാരണം?

എനിക്ക് സിനിമയെടുത്ത ശേഷം മോശമായ മെസ്സേജുകൾ വന്നിട്ടുണ്ട്. ഇസ്ലാമോഫോബിയ, മത വിശ്വാസത്തിന്റെ പേരിൽ തർക്കങ്ങൾ എന്നൊക്കെ അതിൽ പറയുന്നുണ്ട്. ബുദ്ധിസം അനുകമ്പയുടെ മതമാണ് നമുക്ക് വെറുക്കാൻ പറ്റില്ല. ഈ ഫോബിയകൾ ഒക്കെ മനുഷ്യരെ കൊല്ലാനുള്ള ഒഴിവുകഴിവുകളാണ്. ആത്യന്തികമായി വിഭജനങ്ങൾ എല്ലാം പ്രശ്നമാണ്.

മലേഷ്യയിലെ ബുദ്ധിസത്തിന് മാറ്റമുണ്ടോ?

മലേഷ്യ ഒരു സമാധാനപരമായ രാജ്യമാണ്. ഞങ്ങളുടെ ചരിത്രത്തിൽ ഇത്തരം ആക്രമണങ്ങൾ കാണാൻ സാധിക്കില്ല. തൊലിയുടെ നിറവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ 1970ൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ മതമായിരുന്നില്ല ആ ചെറിയ വയലൻസിന് കാരണം.

വംശീയ ശുദ്ധീകരണം എന്ന പ്രശ്‍നത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

വംശീയ ശുദ്ധീകരണം വലിയ പ്രശ്നമാണ്. വംശ ശുദ്ധിക്കുവേണ്ടി നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലുന്നത് പരിഹാസ്യമാണ്. വ്യത്യസ്തമായ വംശീയത, തൊലിയുടെ നിറം, മതം ഇതൊന്നും കൊലപാതകത്തിന് ന്യായീകരണമല്ല. ഇത് ഈ ലോകത്തിന് നിരക്കാത്തതാണ് എന്നാണ് എന്റെ അഭിപ്രായം.

Read More >>