സിൽക്കിനെ കൊണ്ടുവന്ന ചക്രവർത്തി!

തമിഴ്, മലയാളം, കന്നട, തെലുങ്ക്, ബഡഗ ഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് വിനു ചക്രവര്‍ത്തി. സില്‍ക്ക് സ്മിതയെ സിനിമയിലെത്തിച്ചത് അദ്ദേഹമായിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തന്റെ ഭാഗ്യനടന്‍ എന്നായിരുന്നു വിനു ചക്രവര്‍ത്തിയെ വിശേഷിപ്പിച്ചിരുന്നത്.

സിൽക്കിനെ കൊണ്ടുവന്ന ചക്രവർത്തി!

ഗൗണ്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ കപ്പടാമീശയും ചുറ്റും അടിയാളുകളുമായി നില്‍ക്കുന്ന വെള്ളവസ്ത്രധാരിയാണു നമുക്കു മനസ്സില്‍ വരുക. സിനിമ അങ്ങനെയാണു കാണിച്ചു തന്നിട്ടുള്ളതും. എന്നാല്‍ ഗൗണ്ടറിനു പൂര്‍ണത വരണമെങ്കില്‍ അത് വിനു ചക്രവര്‍ത്തി തന്നെ ചെയ്യണം. കണ്ണുകള്‍ ചുവപ്പിച്ച് തമിഴ് ഡയലോഗ് അടിയ്ക്കണമെങ്കില്‍ വിനു കഴിഞ്ഞേ ആളുള്ളൂ.

തമിഴ്, മലയാളം, കന്നട, തെലുങ്ക്, ബഡഗ ഭാഷകളിലായി ആയിരത്തോളം സിനിമകളില്‍ വിനു ചക്രവര്‍ത്തി വേഷമിട്ടിട്ടുണ്ട് . വില്ലനായും കൊമേഡിയനായും മാത്രമല്ല, ക്യാരക്ടര്‍ റോളുകളിലും അദ്ദേഹം നിറഞ്ഞാടി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തന്റെ ഭാഗ്യനടന്‍ എന്നായിരുന്നു വിനു ചക്രവര്‍ത്തിയെ വിശേഷിപ്പിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച 25 സിനിമകളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു എന്നതാണ് കാരണം.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് വിനു ചക്രവര്‍ത്തിയ്ക്ക്. തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിതയെ സിനിമയിലെത്തിച്ചത് വിനു ആയിരുന്നു. 1979 ല്‍ യാദൃച്ഛികമായിട്ടായിരുന്നു സ്മിതയെ വിനു പരിചയപ്പെടുന്നത്. അവരുടെ പ്രതിഭ തിരിച്ചറിഞ്ഞപ്പോള്‍ വണ്ടിച്ചക്രം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുത്തു. ആ സിനിമയിലെ 'സില്‍ക്ക്' എന്ന പേര് ചേർത്ത് പിന്നീട് സില്‍ക്ക് സ്മിത പ്രശസ്തയാകുകയായിരുന്നു.

2011 ല്‍ സില്‍ക്കിന്റെ ജീവിതം പറയുന്ന 'ദ ഡര്‍ട്ടി പിക്ചര്‍' എന്ന സിനിമ അരങ്ങേറിയപ്പോള്‍ വിനു വഴക്കിനൊരുങ്ങി. സില്‍ക്കിനെ സിനിമയിലെത്തിച്ച തന്നെ തിരക്കഥ കാണിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

മുപ്പതോളം മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കൂടുതലും ഗൗണ്ടര്‍ അല്ലെങ്കില്‍ തമിഴ് നാട്ടില്‍ നിന്നുമുള്ള വില്ലന്‍ വേഷങ്ങളായിരുന്നു. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

നടന്‍, തിരക്കഥാകൃത്ത്, കവി എന്നീ നിലകളിലും പ്രശസ്തനായിരുന്നു വിനു ചക്രവര്‍ത്തി. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ആയി ഔദ്യോഗികജീവിതം തുടങ്ങി. പിന്നീട് സതേണ്‍ റെയില്‍വെയില്‍ ചേര്‍ന്നു. കന്നട സിനിമയില്‍ തിരക്കഥാകൃത്തായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അഭിനയിക്കാന്‍ ക്ഷണം കിട്ടുന്നത്. അവിടം തൊട്ട് അഭിനയം മാത്രമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല.

Story by