ഇന്ത്യ തിളങ്ങുന്നില്ല: ഡല്‍ഹി മെട്രോ ട്രെയിനില്‍ സീറ്റു ചോദിച്ച മുസ്ലീം വൃദ്ധനെ അവര്‍ 'കൈകാര്യം' ചെയ്ത വിധം

തികച്ചും ദാരുണമായ സംഭവമാണ് ഡല്‍ഹി മെട്രോ ട്രെയിനില്‍ നടന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവകാശപ്പെട്ട സീറ്റു ചോദിച്ച വൃദ്ധന്‍ മുസ്ലീമാണെന്ന പേരില്‍ അപമാനിക്കപ്പെട്ടു. അതിലിടപെട്ട കമ്യൂണിസ്റ്റ് നേതാവിനേയും അവര്‍ വെറുതെ വിട്ടില്ല- സാമൂഹ്യപ്രവര്‍ത്തക കവിതാ കൃഷ്ണന്‍ വിവരിക്കുന്നു.

ഇന്ത്യ തിളങ്ങുന്നില്ല: ഡല്‍ഹി മെട്രോ ട്രെയിനില്‍ സീറ്റു ചോദിച്ച മുസ്ലീം വൃദ്ധനെ അവര്‍ കൈകാര്യം ചെയ്ത വിധം


കഴിഞ്ഞ ആഴ്ച എഐസിസിടിയു ദേശീയ സെക്രട്ടറിയായ സന്തോഷ് റോയ് ഡല്‍ഹി മെട്രോയുടെ വയലറ്റ് ലൈനില്‍ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിനെതിരേയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റുകളില്‍ രണ്ട് ചെറുപ്പക്കാര്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഒരു മുസ്ലീം വൃദ്ധന്‍ (അയാള്‍ മീശയില്ലാതെ താടി മാത്രം വച്ചിരുന്നു) വന്ന് ആ ചെറുപ്പക്കാരോട് സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ചെറുപ്പക്കാര്‍ ആദ്യം വിസമ്മതിച്ചു. വൃദ്ധന്‍ പിന്നെയും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് 'ഈ സീറ്റ് ഹിന്ദുസ്ഥാനികള്‍ക്കു വേണ്ടിയുള്ളതാണ്, നിങ്ങളെപ്പോലുള്ള പാകിസ്ഥാനികള്‍ക്കല്ല' എന്നായിരുന്നു. സീറ്റ് വേണമെങ്കില്‍ പാകിസ്ഥാനിലെയ്ക്കു പോകാനും അവര്‍ പറഞ്ഞു.

സഖാവ് റോയ് എഴുന്നേറ്റ് ആ ചെറുപ്പക്കാരോട് വിദ്വേഷം നിറഞ്ഞ വാക്കുകള്‍ക്കു മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. ആ വൃദ്ധനു സീറ്റു കൊടുക്കാനും പറഞ്ഞു. അപ്പോള്‍ ചില ചെറുപ്പക്കാര്‍ ആ രണ്ട് ചെറുപ്പക്കാരുടെ പക്ഷം ചേരാനെത്തി. അതിലൊരാള്‍ സഖാവ് റോയിയുടെ കോളറില്‍ പിടിച്ച് 'പാകിസ്ഥാനിലേയ്ക്ക് പൊയ്‌ക്കോ' എന്നു ആക്രോശിച്ചു.

റോയ് താന്‍ പറഞ്ഞതില്‍ ഉറച്ചു നിന്നപ്പോള്‍ മറ്റുള്ള ചില യാത്രക്കാര്‍ പിന്തുണയുമായെത്തി. ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കമ്പാര്‍ട്ട്‌മെന്‌റില്‍ ഒരു ഗാര്‍ഡ് വന്നു. രണ്ട് ചെറുപ്പക്കാരേയും പന്താര റോഡിലുള്ള പൊലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി. സഖാവ് റോയും വൃദ്ധനും അനുഗമിച്ചു. ചെറുപ്പക്കാരെ പിന്തുണച്ചവര്‍ അപ്പോഴേയ്ക്കും അപ്രത്യക്ഷരായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമ്പോഴും ആ ചെറുപ്പക്കാര്‍ 'ഞങ്ങളുടെ ആളുകള്‍ വരും' എന്ന് ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. വൃദ്ധനെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പൊലീസ് പറഞ്ഞങ്കിലും അയാള്‍ നിരസിച്ചു. അടുത്ത ദിവസം മുതല്‍ ആ ചെറുപ്പക്കാര്‍ മാപ്പ് പറയാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും സഖാവ് റോയ്ക്ക് ഫോണ്‍ വിളികള്‍ വരാന്‍ തുടങ്ങി. എന്നാല്‍ അവരുടെ മാപ്പ് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് റോയ് അറിയിച്ചു. മാപ്പ് പറയേണ്ടത് തന്നോടല്ലെന്നും ആ വൃദ്ധനോടാണെന്നും റോയ് പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് റോയ് പൊലീസ് സ്റ്റേഷനില്‍ പോയി. ആ വൃദ്ധന്‍ ചെറുപ്പക്കാരുടെ പ്രായം മാനിച്ച് മാപ്പ് സ്വീകരിച്ചിരിക്കുന്നു എന്ന് എഴുതിക്കൊടുത്തിരുന്നു. ചെറുപ്പക്കാര്‍ സഖാവ് റോയിയോടും മാപ്പ് പറഞ്ഞു. അവരുടെ മാതാപിതാക്കളും മക്കള്‍ തെറ്റ് ചെയ്‌തെന്ന് പറഞ്ഞു.

ചെറുപ്പക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ ആ മാന്യമായ വൃദ്ധനു താല്‍പര്യമില്ലായിരുന്നു. നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങാനും അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ, പ്രധാന വിഷയം എന്തെന്നാൽ, ആ ചെറുപ്പക്കാർ പറഞ്ഞതിനെ സഹയാത്രക്കാര്‍ ചോദ്യം ചെയ്യുകയോ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്നുള്ളതാണ്. ഒരു മുസ്ലീമിനെ അധിക്ഷേപിക്കുന്നതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന ഒരു വര്‍ഗീയ നിലപാടിലായിരുന്നു അവര്‍.

സഖാവ് റോയിയുടെ ഇടപെടല്‍ മൂലം ആ ചെറുപ്പക്കാര്‍ ഭാവിയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്കു മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് ഉറപ്പാണ്. അവരുടെ പെരുമാറ്റത്തിലെ അസാന്മാര്‍ഗികതയേയും അത് ബാധിക്കും. കാരണം അത് പിന്തുണയേക്കാള്‍ എതിര്‍പ്പാണു ക്ഷണിച്ചു വരുത്തിയത്. ഇത്തരം ഒരു വര്‍ഗീയ അന്തരീക്ഷം നമുക്കു ചുറ്റും സൃഷ്ടിക്കപ്പെടുമ്പോള്‍ ഓരോ ഇന്ത്യക്കാരും അധിക്ഷേപിക്കപ്പെടുന്ന ന്യൂനപക്ഷക്കാര്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്.

2014 ല്‍ സിഡ്‌നിയിലെ ഒരു കഫേയില്‍ ഒരാള്‍ അളുകളെ ബന്ദിയാക്കിയപ്പോള്‍ ഓസ്‌ട്രേലിയ മുസ്ലീംങ്ങള്‍ക്ക് ഇസ്ലാമോഫോബിയ തിരിച്ചടിക്കുമോയെന്ന പേടിയുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കാര്‍ പൊതുവാഹനങ്ങളില്‍ #illridewithyou എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് മുസ്ലീംങ്ങള്‍ക്ക് പിന്തുണ നല്‍കി.

2016 ല്‍ അമേരിക്കയില്‍ ഒരു മുസ്ലീം ഇമാം വെടി വച്ച് കൊല്ലപ്പെട്ടപ്പോള്‍ മുസ്ലീംങ്ങളുടെ സുരക്ഷയ്ക്കായി #IllWalkWithYou എന്ന ഹാഷ്ടാഗോടു കൂടി അവരെ പള്ളിയിലേയ്ക്ക് അനുഗമിക്കാന്‍ തയ്യാറായി.

ഗോസംരക്ഷണം, ആന്റി റോമിയോ സ്‌ക്വാഡ് തുടങ്ങി പല പേരുകളില്‍ ഇന്ത്യയില്‍ മുസ്ലീംങ്ങൾ വേട്ടയാടപ്പെടുമ്പോള്‍ മുസ്ലീം ജനവിഭാഗം വീടുകളിലും പൊതുയിടങ്ങളിലും അരക്ഷിതരാകുകയാണ്. മീററ്റ് പാര്‍ക്കില്‍ കുട്ടികള്‍ തമ്മിലുണ്ടായ ഒരു വഴക്കിന്റെ പേരില്‍ വാല്‍മീകി സമൂഹത്തിലുള്ള സ്ത്രീകള്‍ മുസ്ലീം സ്ത്രീകളെ മര്‍ദ്ദിച്ചു. 'സൂക്ഷിച്ചോ, ഞങ്ങളുടെ പിതാവ് യോഗി ഇവിടെയുണ്ട്' എന്നായിരുന്നു ആ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ അലറിയത്.

എല്ലാ ദിവസവും പൊതുയിടങ്ങളില്‍ മുസ്ലീംങ്ങള്‍ക്കെതിരേ വിദ്വേഷപ്രസംഗങ്ങള്‍ ഉണ്ടാകുന്നു. ഭീഷണികളും അക്രമങ്ങളും ഉണ്ടാകുന്നു. ഇന്ത്യയിലെ കാമ്പസ്സുകളിലെ കാശ്മീരി വിദ്യാര്‍ഥികളും ഇത്തരം വിദ്വേഷങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ഇന്ത്യയിലുള്ള ആഫ്രിക്കക്കാരും തുടര്‍ച്ചയായി വര്‍ഗീയതയ്ക്ക് ഇരയാകുന്നു. ആ പാവങ്ങളെ പോക്കറ്റടിക്കാരെന്നും കള്ളന്മാരെന്നും ആരോപിച്ച് മര്‍ദ്ദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

വ്രണപ്പെടുന്ന മുസ്ലീംങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്ന് ഇന്ത്യാക്കാര്‍ പറയേണ്ട സമയമാണിത്. വര്‍ഗീയ വിദ്വേഷം അടങ്ങിയ എല്ലാ സംഭവങ്ങള്‍ക്കെതിരേയും ശബ്ദമുയര്‍ത്താനുള്ള സമയമായിക്കഴിഞ്ഞു. സഖാവ് റോയിയെപ്പോലെ എല്ലാവര്‍ക്കും സമത്വവാദികള്‍ ആകാം. മുസ്ലീംങ്ങള്‍ക്കും, കാശ്മീരികള്‍ക്കും, ആഫ്രിക്കക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും നമ്മുടെ പിന്തുണ കൊടുക്കാം.


സ്വതന്ത്ര പരിഭാഷ: ജയേഷ് എസ്