പ്രധാനമന്ത്രിക്ക് ലൈംഗീകബലഹീനതയുണ്ടെന്നും സ്ത്രീകള്‍ക്ക് ഫ്രീ സെക്സ് വേണമെന്നും പറഞ്ഞിട്ടില്ല; കവിതാ കൃഷ്ണന്‍

ഇത്തരം തലക്കെട്ടുള്ള വാര്‍ത്തകള്‍ കാണുന്ന പക്ഷം അവയില്‍ ക്ലിക്ക് ചെയ്യരുതെന്നും ഈ വാര്‍ത്ത അന്വേഷിച്ചു കണ്ടുപിടിക്കാന്‍ മുതിരരുതെന്നും കവിത ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിക്ക് ലൈംഗീകബലഹീനതയുണ്ടെന്നും സ്ത്രീകള്‍ക്ക് ഫ്രീ സെക്സ് വേണമെന്നും പറഞ്ഞിട്ടില്ല; കവിതാ കൃഷ്ണന്‍

പ്രധാനമന്ത്രിക്ക് ലൈംഗീകബലഹീനതയുണ്ടെന്നും സ്ത്രീകളോടു ഫ്രീ സെക്സ് ചെയ്യാന്‍ ആവശ്യപ്പെട്ടും താന്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചെന്നു ചില വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുന്നതായി കവിതാ കൃഷ്ണന്‍.

ഈ സൈറ്റുകള്‍ പോണ്‍ സ്വഭാവമുള്ളവയാണ്. ഈ വ്യാജ വാര്‍ത്ത തന്റെ സുരക്ഷിതത്വത്തിനും പൊതുജീവിതത്തിനും നേരെയുള്ള ഒരു ലൈംഗീക അതിക്രമമാണ് എന്നും സി.പി.ഐ (എം.എല്‍) നേതാവ് കവിതാ കൃഷ്ണന്‍ പറയുന്നു. ഇത് എന്റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള നീക്കമാണ്. എഫ്.ബി പോസ്റ്റിലൂടെയാണ് കവിത ഇക്കാര്യം അറിയിച്ചത്.

ഇത്തരം തലക്കെട്ടുള്ള വാര്‍ത്തകള്‍ കാണുന്ന പക്ഷം അവയില്‍ ക്ലിക്ക് ചെയ്യരുതെന്നും ഈ വാര്‍ത്ത അന്വേഷിച്ചു കണ്ടുപിടിക്കാന്‍ മുതിരരുതെന്നും കവിത ആവശ്യപ്പെടുന്നു. പലരും ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് ഇങ്ങനെയൊരു പരസ്യപ്രതികരണം നടത്തുന്നത്. താന്‍ അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ല എന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റുകള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും കവിത അറിയിച്ചു.


ചത്തീസ്ഗഡില്‍ ആദിവാസി യുവതികള്‍ക്കായി സംഘടിപ്പിച്ച ഒരു യോഗത്തിലാണ് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം വേണമെന്നു കവിത പ്രസംഗിച്ചതായി വാര്‍ത്ത വന്നത്. മോദിയുടെ നോട്ട് നിരോധനം ആദിവാസികളെ പട്ടിണിയിലാക്കിയെന്നും കാശുള്ളവര്‍ രക്ഷപ്പെട്ടു പോയിയെന്നും കവിത കുറ്റപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു.

തുടര്‍ന്നാണ് മോദി ഭാര്യയെ ഉപേക്ഷിച്ചത് ബലഹീനത മൂലമാണെന്നും ഇങ്ങനെയൊരാളെ രാജ്യം എങ്ങനെ വിശ്വസിക്കുമെന്നെല്ലാം കവിത പറഞ്ഞതായി ആരോപിക്കുന്നത്.

ഹമാരി ആവാസ്.ഇന്‍ എന്ന വെബ്സൈറ്റിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഒറ്റനോട്ടത്തില്‍ ഒരു പോണ്‍ സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സൈറ്റിന്റെ പേജില്‍ തലക്കെട്ടുകളും ചിത്രങ്ങളും ഉള്ളത്. ബി.ജെ.പി അനുഭാവികളും പ്രവര്‍ത്തകരും ഇത് വ്യാപകമായി ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് എതിര്‍പ്പുമായി കവിത രംഗത്തെത്തുന്നത്