മലയാളസാഹിത്യത്തിലെ "കതകൃത കുണ്ടി"കൾ.

ആ തിരിച്ചറിവിൽ ഞാൻ ആയുധം മടക്കി എഴുന്നേറ്റു. മുഖത്തെ വിഷാദത്തിന്റെ നിഴൽപ്പാട് കണ്ട് ഗീത ടീച്ചർ കാര്യം തിരക്കി. പ്രായവും അനുഭവവും അൽപം കൂടുതലുള്ള ടീച്ചർക്ക് പേപ്പർ കൈമാറി ഞാൻ കൈയിൽ മുഖം താങ്ങിയിരുന്നു. വേറേ പണി ഉള്ളതു കൊണ്ട് ഗവേഷണം വേണ്ടെന്നുവച്ച് ഇത്രയുംകാലം പിടിച്ചു നിന്ന ടീച്ചർ അലറി വിളിച്ചു.

മലയാളസാഹിത്യത്തിലെ കതകൃത കുണ്ടികൾ.

(എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പിലെ ഒരധ്യാപകന്റെ അനുഭവം)

കായംകുളത്തെ മൂല്യനിർണയ ക്യാമ്പ്. മലയാളം ഒന്നാം പേപ്പറിൽ മാർക്കിട്ടു മുന്നേറിയ എന്റെ മുന്നിൽ വൃത്തിയായി എഴുതിയ ഒരു പേപ്പർ എത്തി. അതിൽ ചിക്കിച്ചികയവെയാണ് ആ വാചകം പൊടുന്നനെ മുഖത്തേയ്ക്കു തെറിച്ചത്.

'ലളിതാംബിക അന്തർജ്ജനം ഒരു "കതകൃത കുണ്ടി"യാണ്'.

പകച്ചു തരിപ്പണമായി എന്റെ വാർദ്ധക്യം. ന്യൂ ജനറേഷൻ പിള്ളേരെയാണ് മൂല്യനിർണയം ചെയ്യുന്നതെന്ന ഓർമ്മ നട്ടെല്ലിലൂടെ പുളഞ്ഞു കയറി. നാം അറിയാത്ത എന്തെല്ലാം അവർ അറിയുന്നു. എന്തെങ്കിലും കാണാതെ അവർ ഒന്നും എഴുതുകയില്ല.

എന്നാലും എനിക്കറിയാത്ത ഒരുകാര്യത്തിന്റെ മൂല്യമാണ് നിർണയിക്കേണ്ടത്. ആ യാഥാർത്ഥ്യത്തിനു മുന്നിൽ സർവാംഗം വിയർപ്പു പൊടിഞ്ഞു. എങ്കിലും ഒരുവിധം ഒരു മൂല്യം നിർണയിച്ച് അടുത്ത ഉത്തരത്തിലേക്ക് കടന്നു..

ദാ കിടക്കുന്നു, അടുത്തത്!

ബാലചന്ദ്രൻ ചുള്ളിക്കാടും കതകൃത കുണ്ടിയാണ്.

ദൈവമേ! എന്നെ പഠിപ്പിച്ചവരൊന്നും ഇതു പറഞ്ഞില്ലല്ലോ, ഞാനും ഒന്നും ശ്രദ്ധിച്ചില്ലല്ലോ. ആരും ഇതിൽ ഗവേഷണവും നടത്തിയില്ലല്ലോ എന്നിട്ടും ഈ കുട്ടി ഇതെങ്ങനെ.....? അക്ഷരാർത്ഥത്തിൽ ഞാൻ പെട്ടു.

അടുത്ത ഉത്തരം.

വൈലോപ്പിള്ളിയും "കതകൃത കുണ്ടി"യാണ്.

പകച്ചു പകച്ചു പേജുകൾ മറിച്ചു ... ആരും മോശക്കാരല്ല. ടി.പി.രാജീവനും കെ പി രാമനുണ്ണിയും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും "കതകൃത കുണ്ടി"കൾ തന്നെ.

ദൈവമേ ഇതൊക്കെ എപ്പോൾ സംഭവിച്ചു! ഞാനൊന്നുമറിഞ്ഞില്ലല്ലോ. മലയാളത്തിലെ എല്ലാ എഴുത്തുകാരും "കതകൃത കുണ്ടി"കളോ?

ഇതൊന്നുമറിയാത്ത ഞാൻ ഇനി ഈ പണിക്ക് ഇരുന്നിട്ട് എന്തു കാര്യം.! എനിക്ക് മലയാള സാഹിത്യത്തിലെ മാറ്റങ്ങൾ ഒന്നും അറിയില്ല. എഴുത്തുകാരെല്ലാം "കതകൃത കുണ്ടി"കളായത് ഞാൻ അറിഞ്ഞില്ല. ഇനി ഈ പണി തുടർന്നാൽ നാലാമച്ഛനു മാത്രമല്ല ആ സർവ്വ അച്ഛനും അമ്മയ്ക്കും നാട്ടുകാർക്കും അപമാനമാണ്.

ആ തിരിച്ചറിവിൽ ഞാൻ ആയുധം മടക്കി എഴുന്നേറ്റു. മുഖത്തെ വിഷാദത്തിന്റെ നിഴൽപ്പാട് കണ്ട് ഗീത ടീച്ചർ കാര്യം തിരക്കി.

പ്രായവും അനുഭവവും അൽപം കൂടുതലുള്ള ടീച്ചർക്ക് പേപ്പർ കൈമാറി ഞാൻ കൈയിൽ മുഖം താങ്ങിയിരുന്നു. വേറേ പണി ഉള്ളതു കൊണ്ട് ഗവേഷണം വേണ്ടെന്നുവച്ച് ഇത്രയുംകാലം പിടിച്ചു നിന്ന ടീച്ചർ അലറി വിളിച്ചു.

'യുറേക്കാ........... യുറേക്കാ'

"ലളിതാംബിക അന്തർജ്ജനം കഥാകൃത്തുകൂടിയാണ്......"