മുഖത്തേക്ക് ചീറ്റിച്ച കുരുമുളക് സ്‌പ്രേ നക്കിത്തിന്നു: പൊലീസ് നായയെ കടിക്കാന്‍ ശ്രമം; ആംസ്റ്റര്‍ഡാമില്‍ ലഹരി മൂത്തയാള്‍ ചെയ്തുകൂട്ടിയത് വൈറലാകുന്നു

പൊലീസുകാര്‍ ആവശ്യപ്പെട്ടിട്ടും നായ ഇയാളുടെ പാന്റ്‌സിലെ കടി വിട്ടില്ല. നായയുടെ വായില്‍ ഉപകരണം കടത്തിയാണ് ഒടുവില്‍ ഇയാളെ സ്വതന്ത്രനാക്കുന്നത്.

മുഖത്തേക്ക് ചീറ്റിച്ച കുരുമുളക്  സ്‌പ്രേ നക്കിത്തിന്നു: പൊലീസ് നായയെ കടിക്കാന്‍ ശ്രമം; ആംസ്റ്റര്‍ഡാമില്‍ ലഹരി മൂത്തയാള്‍ ചെയ്തുകൂട്ടിയത് വൈറലാകുന്നു

ലഹരി മൂത്താല്‍ പലരും പല തരത്തിലാണ് പെരുമാറുന്നത്. ചിലര്‍ ശാന്തരാകുമെങ്കില്‍ ചിലര്‍ അക്രമാസക്തരാകും. ഇത്തരത്തില്‍ അക്രമാസക്തനായ ഒരാൾ നെതർലാൻഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിൽ പ്രശ്നമുണ്ടാക്കി. ആംസ്റ്റര്‍ഡാം പൊലീസിനെ പുലിവാല്‍ പിടിപ്പിച്ച ഇയാളുടെ വീഡിയോ വൈറലായി. തനിക്ക് ചുറ്റും നിരന്ന് നില്‍ക്കുന്ന പൊലീസുകാര്‍ക്കു നേരെ കൂസലില്ലാതെ ഇയാള്‍ നടന്നടുക്കുന്നതാണ് 1.18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ നാല് പൊലീസുകാരുണ്ടായിട്ടും ഇയാളെ കീഴ്‌പെടുത്താനുള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.


ഇതിനിടെ പൊലീസുകാരിലൊരാള്‍ ഇയാളുടെ മുഖത്തേയ്ക്ക് കുരുമുളക് സ്‌പ്രേ ചീറ്റിച്ചു. പൊലീസുകാരെയും ചുറ്റും കൂടി നിന്നവരേയും അമ്പരപ്പിച്ച് ഇയാള്‍ മുഖത്തു വീണ കുരുമുളക് സ്‌പ്രേ നക്കിത്തിന്നുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പരിശീലനം ലഭിച്ച കെ-9 എന്നറിയപ്പെടുന്ന പൊലീസ് നായയ്ക്കു നേരെ ഇയാള്‍ തിരിഞ്ഞു. നായയ്ക്ക് നേരെ ഓടിയടുത്ത ഇയാള്‍ അതിനെ കടിക്കാനുള്ള ഭാവങ്ങള്‍ കാണിക്കുന്നതോടെ നായ പുറകോട്ട് വലിയുകയാണ്. ഇതോടെ പിന്തിരിഞ്ഞ് നടക്കാന്‍ ശ്രമിക്കുന്ന ഇയാളുടെ പാന്റ്‌സിൽ നായ ചാടിപ്പിടിച്ചു; കടിച്ചു. കടിമുറുകിയതോടെ മുന്നോട്ട് നീങ്ങാനാവാതെ ഇയാള്‍ നിലത്തുവീണു. ഇതോടെ പൊലീസ് സംഘം ഇയാളെ കീഴ്‌പെടുത്തി. പൊലീസുകാര്‍ ആവശ്യപ്പെട്ടിട്ടും പാന്റ്‌സിലെ കടി വിടാതെ പിടിച്ച നായയുടെ വായില്‍ എന്തോ ഉപകരണം കടത്തിയാണ് ഒടുവില്‍ ഇയാളെ സ്വതന്ത്രനാക്കുന്നത്. ഇയാളുടെ പോരോ കുടൂതല്‍ വിവരങ്ങളോ ലഭ്യമല്ല. 2,67,000ത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്.