സലിംകുമാറിന് ദേശീയ അവാര്‍ഡെങ്കില്‍ ദുല്‍ഖറിന് ഓസ്‌കാര്‍; സലിം അഹമ്മദിന്റെ പുതിയ ചിത്രം ഡിസംബറില്‍

സംവിധായകന്‍ സലിം അഹമ്മദും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

സലിംകുമാറിന് ദേശീയ അവാര്‍ഡെങ്കില്‍ ദുല്‍ഖറിന് ഓസ്‌കാര്‍; സലിം അഹമ്മദിന്റെ പുതിയ ചിത്രം ഡിസംബറില്‍

സലിം കുമാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദ്, ഓസ്‌കാര്‍ അവാര്‍ഡ് പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും. 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. സംവിധായകന്‍ സലിം അഹമ്മദും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

മമ്മൂട്ടി നായകനായ പത്തേമാരിക്ക് ശേഷം മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് സലിം അഹമ്മദ് പുതിയ ചിത്രം ഒരുക്കുന്നത്. സിനിമയെക്കുറിച്ചുള്ള സിനിമയാണ് 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു'. പേര് സൂചിപ്പിക്കുന്നതുപോലെ ഓസ്‌കാര്‍ അവാര്‍ഡ് സ്വപ്‌നം കാണുന്ന യുവാവിന്റെ കഥയാകും ചിത്രം പറയുക.

സിഐഎയുടെ വന്‍ വിജയത്തിനുശേഷം കരിയര്‍ ഗ്രാഫ് വീണ്ടുംഉയര്‍ന്ന ദുല്‍ഖറിന് നിരവധി പ്രൊജക്ടുകള്‍ മുന്നിലുണ്ട്. അടുത്ത പ്രൊജക്ടിനുശേഷമാകും ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടുവിന്റെ ചിത്രീകരണത്തിന് ദുല്‍ഖറെത്തുക. സലിംകുമാറിനെ നായകനാക്കി ആദാമിന്റെ മകന്‍ അബു സംവിധാനം ചെയ്ത് മലയാള സിനിമയെ ഞെട്ടിച്ച സലിം അഹമ്മദിന്റെ പുതിയ ചിത്രവും ഏറെ വ്യത്യസ്തമായിരിക്കുമെന്നാണ് ചലച്ചിത്രലോകത്തിന്റെ പ്രതീക്ഷ.

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളൊരുക്കിയ സലിം അഹമ്മദ് പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പത്തേമാരിക്ക് 2015 ല്‍ മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ കരിയറില്‍ മികച്ച പ്രകടനത്തിന് അവസരമൊരുക്കുന്നതാകും പുതിയ ചിത്രമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം.