ടെക്നോപാര്‍ക്കിന് ഒരു പുഴ വേണം: പ്രതിധ്വനിയുടെ 'ക്ലീന്‍ തെറ്റിയാര്‍' ക്യാമ്പയിന്‍ ആരംഭിച്ചു

തെറ്റിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ക്ലീന്‍ തെറ്റിയാര്‍ ക്യാമ്പയിനെക്കുറിച്ച്

ടെക്നോപാര്‍ക്കിന് ഒരു പുഴ വേണം: പ്രതിധ്വനിയുടെ

തെറ്റിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ക്ലീന്‍ തെറ്റിയാര്‍ ക്യാമ്പയിന്‍ ഏപ്രില്‍ 1 നു രാവിലെ 8 മുതല്‍ 11 വരെ വരെ ടെക്നോപാര്‍ക്കില്‍ നടന്നു. ക്യാമ്പയിന്‍ തിരുവനന്തപുരം മേയര്‍ ശ്രീ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്തു. തെറ്റിയാറിന്റെ ഒഴുക്ക് സുഗമം ആക്കുന്നതിനു ടി സി എസ്സിനോടും ടെക്നോപാര്‍ക്കിനോടും കോര്‍പ്പറേഷന്‍ ആവശ്യപ്പെടുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തെറ്റിയാറിലേക്കു വലിച്ചെറിയുന്നതിനെതിരെ ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും മേയര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിലെ ജീവനക്കാരില്‍ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിന് പ്രതിധ്വനിയുമായി ചേര്‍ന്ന് പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും മേയര്‍ പറഞ്ഞു.


തെറ്റിയാര്‍ മലിനീകരത്തിന്റെ കാര്യം കഴക്കൂട്ടം എം എല്‍ എ യും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ന്റെ ശ്രദ്ധയിലും പ്രതിധ്വനി കൊണ്ട് വന്നു. ഗൌരവമുളള വിഷയമാണെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കാമെന്നും ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വരും ദിവസങ്ങളില്‍ തന്നെ വിളിച്ചു കൂട്ടാമെന്നും മന്ത്രി പറഞ്ഞു.


വിവിധ കമ്പനികളില്‍ നിന്നുള്ള നൂറോളം വോളണ്ടിയര്‍ മാരാണ് ക്ലീന്‍ ക്യാമ്പയിനില്‍ പങ്കെടുത്തത്. തിരുവനന്തപുരം കോര്‍പ്പറേഷനുമായും ടെക്നോപാര്‍ക്കുമായും സഹകരിച്ചു കൊണ്ടായിരുന്നു പരിപാടി.


ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കിലൂടെ ഒഴുകുന്ന തെറ്റിയാര്‍ തോടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഈ ചെറു പുഴയെ വീണ്ടും മലിനമാക്കുന്നതു പ്രതിരോധിക്കുന്നതിനായുമുള്ള ബോധവത്കരണത്തിനും വേണ്ടിയാണ് ക്ലീന്‍ തെറ്റിയാര്‍ ക്യാമ്പയിന്‍ ഒന്നാം ഘട്ടം നടത്തിയത്.


ഗുരുതര രോഗങ്ങള്‍ക്ക് വഴി വയ്ക്കാവുന്ന മാലിന്യങ്ങള്‍ നിറഞ്ഞ ഈ ചെറു നദിയുടെ സ്വാഭാവികമായ ഒഴുക്കിനു സംഭവിച്ചിരിക്കുന്ന തടസ്സങ്ങള്‍ നീക്കുന്നതിനും ഈ നദിയിലേക്കു മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രതിധ്വനി നേതൃത്വം നല്‍കും.





Read More >>