മാനവീയം വീഥിയില്‍ വായനയുടെ തെരുവുത്സവം

മാനവീയം വീഥിയിലെ നീര്‍മാതളച്ചുവടിനരികില്‍ ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് സുമേഷ് ബാലയുടെ ആര്‍ട്ട് ഇന്‍സ്റ്റലേഷനോടെയാരംഭിച്ച വായനശാലയില്‍ പത്തിലേറെ വര്‍ത്തമാനപ്പത്രങ്ങള്‍ സൗജന്യവായനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

മാനവീയം വീഥിയില്‍ വായനയുടെ തെരുവുത്സവം

പ്രഥമ കേരള മുഖ്യമന്ത്രി ഇഎംഎസിനെ അനുസ്മരിച്ച് വെള്ളയമ്പലം മാനവീയം വീഥിയില്‍ www.aksharamonline.com ന്റെ ആഭിമുഖ്യത്തില്‍ മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവിന്റെ സഹകരണത്തോടെ തെരുവ് വായനശാല പ്രവര്‍ത്തനമാരംഭിച്ചു. മാനവീയം വീഥിയിലെ നീര്‍മാതളച്ചുവടിനരികില്‍ ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് സുമേഷ് ബാലയുടെ ആര്‍ട്ട് ഇന്‍സ്റ്റലേഷനോടെയാരംഭിച്ച വായനശാലയില്‍ പത്തിലേറെ വര്‍ത്തമാനപ്പത്രങ്ങള്‍ സൗജന്യവായനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

തുടര്‍ ദിവസങ്ങളില്‍ ആനുകാലികങ്ങളും പുസ്തകങ്ങളും ലഭ്യമാകും. പുസ്തക ചര്‍ച്ച, ചലച്ചിത്ര- നാടക പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്കും ഇവിടം വേദിയാകും. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ കവി വിനോദ് വൈശാഖി സുമേഷ് ബാലയ്ക്ക് ചായം പകര്‍ന്ന് ഉദ്ഘാടനം ചെയ്തു.

അഡ്വ. അംശു വാമദേവന്‍ അധ്യക്ഷത വഹിച്ചു. ആര്‍ രതീഷ് കുമാറിന്റെ സോളോ ഗാനാവതരണം (ഈറ്റില്ലം ബാന്റ്), രതീഷ് കൊട്ടാരം, ജഗദീഷ് കോവളം, എ ഹസീന, അഭിരാമി എസ് കുമാര്‍, എസ് രാഹുല്‍, റിയാദ് എന്നിവരുടെ കവിതാലാപനവും നടന്നു. കെ ജി സൂരജ്, ജി എല്‍ അരുണ്‍ ഗോപി, ഡോ. അനീഷ്യ ജയദേവ്, അഡ്വ. ശോഭന വി പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ബി ശിവകുമാര്‍ സ്വാഗതവും അരവിന്ദ് എസ് ആര്‍ നന്ദിയും പറഞ്ഞു.