യുവ ഗായികയ്ക്ക് ഇനിയുമില്ലാത്ത ഫത്വ നല്‍കിയത് മാധ്യമങ്ങളെന്നു ഖാസിമി

''46 മുല്ലമാരില്‍ നിന്നും ഫത്വ ലഭിച്ചിട്ടും തലകുനിക്കാതെ വീണ്ടും പാട്ടു പാടനുറച്ച 16 വയസുകാരിയായ നഹിദ് അഫ്രിന്‍, നീ ധീരയാണ്' എന്നായിരുന്നു തസ്ലീമ നസ്രീന്‍ കുറിച്ചത്.

യുവ ഗായികയ്ക്ക് ഇനിയുമില്ലാത്ത ഫത്വ നല്‍കിയത് മാധ്യമങ്ങളെന്നു ഖാസിമി

നഹിദ് അഫ്രിന്‍ എന്ന 16 വയസുകാരിയെ ഒരു കലാകാരി എന്ന് നിസ്സംശയം വിശേഷിപ്പിക്കാന്‍ കഴിയും. ഗാനമേളകളില്‍ പാടരുതെന്ന ഫത്വ ലഭിച്ച മുസ്ലീം പെണ്‍കുട്ടിയായി കഴിഞ്ഞ ദിവസങ്ങളില്‍ അഫ്രിന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശരിയാ നിയമമനുശാസിക്കുന്നില്ല എന്ന കാരണം ചൂണ്ടികാണിച്ചു 46 മുസ്ലിം പണ്ഡിതന്മാര്‍ അഫ്രിന് പാടാനുള്ള വിലക്കേര്‍പ്പെടുത്തി ഫത്വ നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍.

വാര്‍ത്ത പുറത്തുവന്നതോടെ അഫ്രിന് പിന്തുണയുമായി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ ഉള്‍പ്പെടെ പലരും രംഗത്ത് വന്നു. അഫ്രിന് സ്വതന്ത്രമായി പരസ്യപരിപാടികളില്‍ പാടാനുള്ള സംരക്ഷണം തന്റെ സര്‍ക്കാര്‍ നല്‍കുമെന്ന അസം മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നതോടെ ഈ വിഷയത്തിനു വാര്‍ത്താപ്രാധാന്യമേറുകയും ചെയ്തു.

സീ ടിവിയുടെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനത്തെത്തിയോടെ ശ്രദ്ധിക്കപ്പെട്ട പത്താം ക്ലാസുകാരിയായ ഈ പെണ്‍കുട്ടി
ഇപ്പോള്‍ ബോളിവുഡ് പിന്നണി ഗായിക കൂടിയാണ്.

യുവ കലാകാരിയായ നഹിദ് അഫ്രിന് ചില സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ചു അപലപിക്കുന്നു. കലാകാരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം ജനാധിപത്യം ഉറപ്പു വരുത്തണം. നഹിദുമായി സംസാരിച്ചു, എല്ലാ സുരക്ഷയും ഈ സര്‍ക്കാര്‍ ഉറപ്പു നല്‍കി
എന്നുമായിരുന്നു സര്‍ബനന്ദ സോനോവള്‍ ട്വീറ്റ് ചെയ്തത്.

എഴുത്തുകാരിയായ തസ്ലീമ നസ്രീനാണ് അഫ്രിന് പരസ്യപിന്തുണ നല്‍കിയ മറ്റൊരു വ്യക്തി.

46 മുല്ലമാരില്‍ നിന്നും ഫത്വ ലഭിച്ചിട്ടും തലകുനിക്കാതെ വീണ്ടും പാട്ടു പാടനുറച്ച 16 വയസുകാരിയായ നഹിദ് അഫ്രിന്‍, നീ ധീരയാണ്!
എന്നായിരുന്നു തസ്ലീമ നസ്രീന്‍ കുറിച്ചത്.

പെണ്‍കുട്ടിക്ക് ലഭിച്ച 'ഫത്വ'യ്ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇടപെടലുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നതായി ടൈംസ്‌ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തു.

46 മുസ്ലിം പുരോഹിതര്‍ ഒപ്പിട്ടു നല്‍കിയ ഫത്വ എന്ന പേരില്‍ ഒരു നോട്ടീസ് ഹോജായ്, നഗോന്‍ ജില്ലകളില്‍ പ്രചരിച്ചിരുന്നു.മാര്‍ച്ച് 25-ന് അസമിലെ ഒരു കോളേജില്‍ അവതരിപ്പിക്കാനിരിക്കുന്ന പരിപാടി ശരിയത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു. ഈ സംഗീത പരിപാടിയില്‍ നഹിദ് പാടുന്നുണ്ട്. പരിപാടി നടക്കുന്നിടം മുസ്ലിം പള്ളിയുടെയും ശ്മശാനത്തിന്റെയും പരിസരത്താണ്. ഈ പരിപാടിയില്‍ ആരും പങ്കെടുക്കരുതെന്നും അങ്ങനെയുണ്ടായാല്‍ ഭാവിതലമുറയുടെ മേല്‍ അള്ളാഹുവിന്റെ ശാപമുണ്ടാകും എന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ നോട്ടീസില്‍ എവിടെയും നഹിദ് അഫ്രിനിന്റെ പേര് പരാമര്‍ശിക്കുന്നില്ല. നിങ്ങള്‍ പങ്കെടുക്കാതിരിക്കുക മാത്രമല്ല, മറ്റുള്ളവരെ പങ്കെടുപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ടു നോട്ടീസിലെ അഭ്യര്‍ത്ഥന അവസാനിക്കുന്നു.

അസം ജമായത്ത് ഉലമയിലെ 46 പുരോഹിതന്മാരാണ് നോട്ടീസില്‍ ഒപ്പിട്ടതായി കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ തന്റെ പിതാവിനെ വിളിച്ചു പറഞ്ഞപ്പോഴാണ് തങ്ങള്‍ കാര്യമറിയുന്നതെന്നും, സത്യത്തില്‍ ഈ 'ഫത്വ' എന്താണ് എന്ന് തനിക്കറിയില്ലെന്നും അഫ്രീന്‍ സ്ക്രോളിനോട് പ്രതികരിച്ചു. കുറച്ചു നേരത്തേക്ക് ഞാന്‍ കരുതിയത്‌, ഞാന്‍ എന്തോ വലിയ തെറ്റു ചെയ്തുവെന്നും ഇനി ഞാന്‍ പാടാന്‍ പാടില്ല എന്നാണ്‌'
" അഫ്രീന്‍ പറയുന്നു. വിവാദങ്ങള്‍ ഈ പെണ്‍കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

എന്താണ് ഫത്വ?

മതനിയമങ്ങളെ അനുസരിക്കാത്തവരെ വിലക്കുന്ന ആധികാരിക വിലക്ക് ഉത്തരവാണ് ഫത്വ എന്ന് ഇസ്ലാമിക മതപണ്ഡിതന്മാര്‍ പറയുന്നു. അഫ്രീന്‍ എന്നപെണ്‍കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊന്നുണ്ടായിട്ടില്ല. അല്ലെങ്കിലും ഇങ്ങനെയാണോ ഞങ്ങളുടെ ഒരു ഔദ്യോഗിക രേഖ കൈമാറ്റം ചെയ്യുന്നത്? ഒരു കഷണം കടലാസില്‍ മറ്റുള്ളവര്‍ക്ക് നല്‍കിയല്ല ഫത്വ പുറപ്പെടുവിക്കുന്നത്. അസം ജമായത്ത് മൌലവി ഫസലുല്‍ കരീം ഖാസിമി പ്രതികരിച്ചു.

"മതസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഒരു ഗൂഡശ്രമമായിട്ടു വേണം ഇപ്പോള്‍ ഉയര്‍ന്ന ഈ വിവാദത്തെ കാണാന്‍. ഇങ്ങനെയുള്ള പരിപാടികളില്‍ മദ്യപിച്ചു ബഹളമുണ്ടാകുന്ന പതിവുണ്ടായതിനാല്‍ അത്തരം സാഹചര്യങ്ങളെ ഒഴിവാക്കണം എന്നാണ് ആവശ്യപ്പെട്ടത്. അതൊരു വ്യക്തിക്ക് നല്‍കിയ ഫത്വയല്ല. പെണ്‍കുട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ ഇത് അവര്‍ക്ക് നല്‍കിയ ഫത്വയായി വ്യാഖ്യാനിക്കപ്പെട്ടതാണ്" ഖാസിമി പറഞ്ഞു.

എന്നാല്‍, തനിക്ക് മുന്‍പ് ഇത്തരം വിലക്ക് നേരിട്ടിട്ടുണ്ട് എന്ന് അഫ്രിന്‍ പ്രതികരിച്ചു. മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് അത്. തനിക്ക്‌വോട്ട് ചെയ്യരുതെന്നും , അത് പാപമാണെന്നും ചില പുരോഹിതന്മാര്‍ പറഞ്ഞതായി നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്.

ഈ തിക്താനുഭവം മുന്‍പ് ഉണ്ടായ സാഹചര്യത്തിലായിരിക്കണം ഇപ്പോഴത്തെ ഈ ഫത്വ വിവാദം ഉണ്ടായതെന്നും അഫ്രിന്റെ കുടുംബാംഗംങ്ങളും കരുതുന്നു.