മലകയറാന്‍ അഞ്ജു: ഈഴവ ക്ഷേത്ര ഭാരവാഹിയുടെ ഭാര്യ; ശബരിമലയില്‍ നേര്‍ച്ചയുള്ള യുവതി

ശബരിമല കയറാന്‍ ഇപ്പോള്‍ പമ്പയില്‍ എത്തിയിരിക്കുന്ന അഞ്ജു അയ്യപ്പനെ കാണാന്‍ നേര്‍ച്ചയെടുത്ത ഈഴവ സ്ത്രീ

മലകയറാന്‍ അഞ്ജു: ഈഴവ ക്ഷേത്ര ഭാരവാഹിയുടെ ഭാര്യ; ശബരിമലയില്‍ നേര്‍ച്ചയുള്ള യുവതി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങര ദേശത്തു നിന്ന് ശബരിമല കയറാന്‍ ഈഴവ ക്ഷേത്രം ഭാരവാഹിയുടെ ഭാര്യ എത്തി. ചേര്‍ത്തല തെക്കു പഞ്ചായത്ത് അരീപ്പറമ്പില്‍ കളത്തില്‍ ക്ഷേത്രത്തിന്റെ മുന്‍ പ്രസിഡന്റ് വിജിത്തിന് ഒപ്പമാണ് ഭാര്യ അഞ്ജു(30 വയസ്സ്) എത്തിയത്. രണ്ടു മക്കളും ഒപ്പമുണ്ട്. മക്കളുമായി ബന്ധപ്പെട്ട് ശബരിമലയില്‍ എത്താമെന്ന് അഞ്ജുവിന് നേര്‍ച്ചയുണ്ട് എന്ന് നാട്ടില്‍ ഇവരെ കുറിച്ച് നാരദ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കള്‍ അറിയിച്ചു. ആക്ടിവിസത്തിന്റെ ഭാഗമായാണോ ഇവര്‍ ശബരിമലയില്‍ എത്തിയത് എന്ന അന്വേഷണം ഇപ്പോള്‍ പമ്പയില്‍ നടക്കുകയാണ്. അതുസംബന്ധിച്ച് ചേര്‍ത്തലയില്‍ പൊലീസിന് ഫോണിലൂടെ നിര്‍ദ്ദേശവും ലഭിച്ചു.

സിപിഐഎം അരീപ്പറമ്പ് എല്‍സി സെക്രട്ടറി വിനോദിൻ്റെ അനുജനാണ് വിജിത്. അനുജനും കുടുംബവും മല കയറാന്‍ പോയ വിവരം വീട്ടില്‍ ഇപ്പോഴാണ് അറിയുന്നത്. വിജിത് സ്വന്തം കാറോടിച്ച് മറ്റാരോടും പറയാതെ പുറപ്പെടുകയായിരുന്നു. ബിസിനസുകാരനായ വിജിത്ത് വർഷങ്ങളായി മുടങ്ങാതെ ശബരിമലയിൽ പോകുന്ന വിശ്വാസിയാണ്. ചേര്‍ത്തലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രാമുഖ്യമുള്ള ഗ്രാമങ്ങളില്‍ ഒന്നാണ് അരീപ്പറമ്പ്. ഇവരുടെ വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അടുത്താണ് ശബരിമലയുമായി ബന്ധപ്പെട്ട അര്‍ത്തുങ്കല്‍ പള്ളി.

മാളികപ്പുറത്തമ്മ ഈഴവ കുടുംബത്തില്‍ നിന്നുള്ള യുവതിയാണെന്നാണ് വിശ്വാസം. ഈഴവ യുവതിയായ അഞ്ജു ശബരിമലയില്‍ പ്രവേശിച്ചാല്‍ അത് മറ്റൊരു ചരിത്രമാകും. മാളികപ്പുറത്തമ്മയുടെ കുടുംബമായ ചീരപ്പന്‍ചിറ ചേര്‍ത്തല മുഹമ്മ പ്രദേശത്താണ് എന്നാണ് വിശ്വാസം. ചേര്‍ത്തല ഭാഗത്തുള്ള ഈഴവ സമൂഹത്തിനിടയില്‍ അയ്യപ്പനെ സംബന്ധിച്ച് മലയരയരുടേതിനു സമാനമായ ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. ഇതെല്ലാം കേട്ടുവളര്‍ന്ന കടുത്ത അയ്യപ്പ വിശ്വാസിയാണ് അഞ്ജു എന്നാണ് അരീപ്പറമ്പില്‍ നിന്നുള്ളവര്‍ പറയുന്നത്. അർത്തുങ്കൽ സ്വദേശിയായ അഞ്ജു പള്ളിയിൽ മാലയിടാൻ വരുന്ന അയ്യപ്പ ഭക്തരെ കണ്ടാണ് വളർന്നത്. ഇതെല്ലാം തന്നെ അഞ്ജുവിൽ അയ്യപ്പ വിശ്വാസം ഊട്ടിയുറപ്പിച്ചു.

Read More >>