'പീഡിപ്പിച്ച വികാരിയുടെ കുര്‍ബ്ബാന എനിക്ക് കാണണ്ട തിരുമേനി': സഭയ്ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ലൈംഗിക ആക്രമണം

മറ്റൊരു വൈദികന്‍, തുമ്പമണ്‍ ഭദ്രാസനത്തിലുള്ള ആളെ പറ്റിയാണ്. പുള്ളിക്കാരന്‍ സെമിനാരിയില്‍ ഉള്ളകാലത്ത് ഒരു ഫേക്ക് അക്കൗണ്ട് ഫേസ്ബുക്കില്‍ ഉണ്ടാക്കി സ്ത്രീകളോട് ചാറ്റിങ് ആരംഭിച്ചു. ലൈംഗികാതിക്രമമാണ് ചാറ്റ്‌ബോക്‌സുകളില്‍ നടന്നത്- സഭയ്ക്കുള്ളിലെ ലൈംഗിക പീഡനങ്ങള്‍ പൂഴ്ത്തി വയ്ക്കുന്നതിലൂടെ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. നാരദ നടത്തിയ അന്വേഷണം

പീഡിപ്പിച്ച വികാരിയുടെ കുര്‍ബ്ബാന എനിക്ക് കാണണ്ട തിരുമേനി: സഭയ്ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ലൈംഗിക ആക്രമണം

വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങിന് പോയതാണ് മലയാളി യുവതി. സംഭവം മദ്രാസ് ഭദ്രാസനത്തിലാണ്. കൗണ്‍സിലങ്ങിന് ഇടയില്‍ വിശുദ്ധ ബൈബിള്‍ യുവതിയുടെ മടിയിലേയ്ക്ക് വച്ച ശേഷം, വൈദികന്‍ തുടയ്ക്ക് കയറി പിടിച്ചു. യുവതി ഭയന്നു. ചാടി എഴുന്നേറ്റു. വിവരം പ്രതിശ്രുത വരനോട് പറഞ്ഞു. വിദേശത്തുള്ള വരന്‍ വൈദികനെ വിളിച്ചു കാര്യം ചോദിച്ചപ്പോള്‍ ഫോണില്‍ കൂടി കാലുപിടുത്തമായി- ഈ സംഭവം യുവാവ് വിളിച്ചു പറഞ്ഞത് നാരദ ന്യൂസ് കുമ്പസാരപീഡനം പുറത്തു വിട്ടതിനെ തുടര്‍ന്നാണ്. ബിഷപ്പെന്നോ വൈദികനെന്നോ ഏറ്റവ്യത്യാസമില്ലാതെ ലൈംഗിക കുറ്റകൃത്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ് സഭയെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍.

പത്തനാപുരത്തു നിന്നും ബത്തേരി ഭദ്രാസനത്തിലേയ്ക്ക് പോയ അവിവാഹിത പട്ടക്കാരനായ അച്ചനെ നിലമ്പൂരില്‍ വച്ച് പൊലീസ് പിടിച്ചു. പത്തനാപുരം ആശ്രമത്തില്‍ ഉണ്ടായിരുന്നയാളാണ് ഈ വികാരി. അവിവാഹിത പട്ടക്കാരനാകുന്നത് മൂത്ത് ബിഷപ്പാകാനാണ്. പക്ഷെ മൂക്കുന്നത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളിലേയ്ക്കാണെന്നു മാത്രം. നാലു ബിഷപ്പുമാരുടെ ലിംഗോദ്ധാരണം സിനഡു കൂടി ചര്‍ച്ച ചെയ്യേണ്ടി വന്ന സഭയാണിത്.

പരുമലയിലെ സിനഡ് നാല് ബിഷപ്പുമാരെ താക്കീത് ചെയ്തു. അമേരിക്കയിലുള്ള മലയാളി വിശ്വാസിയുടെ മകളെ കയറി പിടിച്ചയാളാണ് പ്രധാനി. താമസിക്കാന്‍ മകള്‍ താമസിക്കുന്ന മുറിക്കടുത്ത് സ്ഥലം കൊടുത്തതാണ്. കുളിച്ചു ടവല്‍ ചുറ്റി വന്ന പെണ്‍കുട്ടിയെ കണ്ടതും ബിഷപ്പ് 'വികാരി'യായി. വീട്ടുകാര്‍ തല്ലിയിറക്കി എന്നുമാത്രമല്ല, പൊലീസില്‍ പരാതി കൊടുക്കും എന്നും തീര്‍ച്ചയാക്കി. അപ്പോള്‍ സഭ കേരളത്തിലേയ്ക്ക് 'നാടുകടത്തി' ശിക്ഷിച്ചു. ശിക്ഷ പോരെന്നു തോന്നിയപ്പോള്‍ മാവേലിക്കരയിലെ ബിഷപ്പുമാക്കി- പീഡകരെ ഈവിധമാണ് സഭ സംരക്ഷിക്കുന്നത്. 2.3 കോടി രൂപയാണ് ലൈംഗിക പീഡനങ്ങള്‍ക്കു വേണ്ടി ഇടുക്കിയിലെ ബിഷപ്പ് ചെലവഴിച്ചതെന്നും പരാതിയായി. അധ്യക്ഷന്‍ ബാവ, ബിഷപ്പിന്റെ ഫോണ്‍ പിടിച്ചു വാങ്ങി. അതാണ് പീഡനത്തിന്റെ ആയുധനം എന്നാണ് ബാവയുടെ വിചാരം. ഡ്രൈവറുടെ ഫോണാണ് ബിഷപ്പ് ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ബിഷപ്പിന്റെ ഫോണ്‍ പിടിച്ചു വാങ്ങിയിട്ട് എന്തിന്? ഈ പീഡക ബിഷപ്പുമാരിലേയ്ക്കുള്ള തുടക്കമാണ് അവിവാഹിത പട്ടക്കാരനായ വികാരിയില്‍ ആരംഭിച്ചിരിക്കുന്നത്. പക്ഷെ, ബത്തേരിയിലെ വികാരി വികാരം അല്‍പ്പം പോലും കുറയ്‌ക്കേണ്ടി വന്നില്ല. സഭ കണ്ടില്ലെന്നങ്ങ് നടിച്ചു.

നിലയ്ക്കലില്‍ ഭദ്രാസനം രൂപീകരിച്ചപ്പോള്‍ റിയല്‍ എസ്‌റ്റേറ്റിന്റെ ആസനം താങ്ങികളായി സഭാനേതാക്കള്‍ മാറുന്നതാണ് കണ്ടത്. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ കയ്യിലാണ് ഭദ്രാസനം. മാത്രമല്ല, സഭാധ്യക്ഷന്റെ ഇഷ്ടക്കാരായി കൂടിയ ചിലർ ചേര്‍ന്ന് 'ഗോസ്പല്‍ ടീം' ഉണ്ടാക്കി. പാട്ടും പ്രസംഗവുമൊക്കെയായി ലോകസഞ്ചാരത്തിലാണ് ഇവര്‍. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു വികാരി ആങ്ങമൂഴിയില്‍ ആണ്‍കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന വിവരം സഭയ്ക്കുള്ളില്‍ അറിയിച്ചത് ഭദ്രാസന കൗണ്‍സില്‍ അംഗമായ ആയുര്‍വ്വേദ ഡോക്ടറാണ്. ഒരു നടപടിയും ഉണ്ടായില്ല. പരാതി പറഞ്ഞ ഡോക്ടര്‍ കൗണ്‍സില്‍ അംഗത്വം രാജിവച്ചു.

ഇതേ ഗോസ്പല്‍ സംഘത്തിലെ ഒരു വികാരി ഇടവകയില്‍ വച്ച് ഒരു സ്ത്രീയെ ലൈംഗികാതിക്രമത്തിനു കയറിപ്പിടിച്ചു. സ്ത്രീ ബിഷപ്പിന് പരാതി നല്‍കി- 'ഈ അച്ചന്റെ കുര്‍ബ്ബാന കാണാന്‍ വയ്യ' എന്നു സ്ത്രീ വ്യക്തമായി പറഞ്ഞിട്ടും സ്ഥലം മാറ്റിയില്ല. പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ കുര്‍ബ്ബാന ചെയ്യുന്നത് കാണുന്ന അവസ്ഥയോട് സഭയിലെ മറ്റു ചിലരും പ്രതികരിച്ചു. സ്ത്രീയ്ക്ക് നീതി കിട്ടിയേ മതിയാകൂ എന്ന നിര്‍ബന്ധം ഉണ്ടായപ്പോഴാണ് വെള്ളക്കലിലെ വികാരിയെ മാറ്റിയത്.

ഇപ്പോള്‍ തോണിക്കടവിലുള്ള വികാരി ചിറ്റാറില്‍ ഉള്ളപ്പോള്‍ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയുമായി ഭര്‍ത്താവ് ഭദ്രാസനത്തിലെത്തി. ഭദ്രാസനത്തിലെ പ്രധാനികളായ ഒരു മുതിര്‍ന്ന വൈദികന്‍ പരാതി വായിച്ചു നോക്കിയശേഷം, ബാവയ്ക്ക് കൊണ്ടുപോയി കൊടുക്കാന്‍ പറഞ്ഞു. പരാതിയിപ്പോള്‍ ബാവയുടെ കയ്യിലുണ്ട്. പ്രതിയായ അച്ചന്‍ ഇപ്പോള്‍ പറയുന്നത്, എല്ലാ കുഴപ്പത്തിനും കാരണം ബാവയുടെ അടുത്തേയ്ക്ക് പറഞ്ഞു വിട്ട അച്ചനാണെന്നാണ്. അയാള്‍ കുറ്റം ചെയ്യാത്ത കുഞ്ഞാട് കളിക്കുകയാണ്. ഹ്രസ്വകാല കോഴ്‌സ് പഠിച്ച് വൈദികനായ ആളാണ് ഈ പീഡകന്‍. സ്ത്രീയുടെ ഭര്‍ത്താവുമായി ധാരണയായി വരികയായിരുന്നു അപ്പോഴാണ് മുതിര്‍ന്ന അച്ചന്‍ ഇടങ്കോലിട്ടത് എന്നാണ് വികാരം കൂടിയ വികാരി ഇപ്പോള്‍ പറഞ്ഞു നടക്കുന്നത്.

മറ്റൊരു വൈദികന്‍, തുമ്പമണ്‍ ഭദ്രാസനത്തിലുള്ള ആളെ പറ്റിയാണ്. പുള്ളിക്കാരന്‍ സെമിനാരിയില്‍ ഉള്ളകാലത്ത് ഒരു ഫേക്ക് അക്കൗണ്ട് ഫേസ്ബുക്കില്‍ ഉണ്ടാക്കി സ്ത്രീകളോട് ചാറ്റിങ് ആരംഭിച്ചു. ലൈംഗികാതിക്രമമാണ് ചാറ്റ്‌ബോക്‌സുകളില്‍ നടന്നത്. ആള് പട്ടമൊക്കെ കിട്ടി അച്ചനായ ശേഷം പഴയ ഫേക്ക് പ്രൊഫൈലും അച്ചനും ഒരാളെന്ന് ഒരു യുവതി തിരിച്ചറിഞ്ഞു. ഈ സംഭവം അറിഞ്ഞിട്ടും സഭ ജാഗ്രത പാലിച്ചില്ല. ആളെപ്പറ്റി ഇപ്പോള്‍ പരാതികള്‍ നിരവധിയാണ്.

ആലപ്പുഴയില്‍ കാറില്‍ വച്ച് നാട്ടുകാര്‍ പിടികൂടിയ മറ്റൊരു അച്ചനെ ബോംബെ ഭദ്രാസനത്തിലേയ്ക്ക് മാറ്റിയ സംഭവങ്ങളുമുണ്ട്. മറ്റൊരച്ചന്‍ പീഡിപ്പിച്ച സംഭവമാണ് അധ്യാപിക കുമ്പസാരക്കൂട്ടില്‍ പറഞ്ഞത്. അത് ഭര്‍ത്താവിനോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞ് ഏഴോളം വൈദികര്‍ ഭാര്യയെ ലൈംഗിക അടിമയാക്കിയ സംഭവത്തെക്കുറിച്ചുള്ള പരാതിയുമായി ഭര്‍ത്താവ് ഫെബ്രുവരി മാസം മുതല്‍ അലയുകയാണ്.

മറ്റൊരു വൈദികന്‍ നടത്തിയ വികാര പ്രകടനം ഇനിയും സഭയുടെ മുന്നില്‍ പരാതിയായി ഉണ്ട്. ഇടവകാംഗമായ ഒരു സ്ത്രീയുടെ വീട്ടില്‍ വികാരി പോയി. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ്. അച്ചന്‍ സ്ത്രീയോടൊപ്പമിരുന്ന് മദ്യപിച്ചു. അതോടെ പിമ്പിരിയായ അച്ചന്‍ ഭക്ഷണവുമായി പള്ളിയിലേയ്ക്ക് വരാന്‍ പറഞ്ഞു. പള്ളിയിലെത്തിയതും സ്ത്രീയെ കയറിപ്പിടിച്ചു. സ്ത്രീ ഓടി രക്ഷപെടുകയായിരുന്നു.

സഭയ്ക്ക് മാനക്കേടാകുമെന്ന തുറുപ്പു ചീട്ടാണ് പരാതികള്‍ ഉണ്ടാകുമ്പോള്‍ പ്രധാനമായും ഭദ്രാസനാധിപര്‍ ഉയര്‍ത്തുന്നത്. കുടുംബത്തിന് മാനക്കേടുണ്ടാകുമെന്നും പറയും. സ്ത്രീകളല്ല ഇത്തരം ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. വീട്ടിലെ പുരുഷന്മാരും വൈദികരും തമ്മില്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കും. വൈദികന് ഒരു സ്ഥലം മാറ്റം കൊടുക്കും.

വിവാഹം കഴിച്ചവരും അവിവാഹിത പട്ടക്കാരുമെല്ലാം സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയാണ്. കുമ്പസാരക്കൂട്ടില്‍ വച്ചല്ല ഈ സഭയിലെ കുമ്പസാരം, വികാരിയുടെ അടുത്തിരുന്നാണ്. 'കമ്പിക്കഥ' കേള്‍ക്കുന്ന വികാരത്തോടെയാണ് വികാരിമാര്‍ 'കുമ്പിട്ട് സാരമായതിനെ ഏറ്റുപറയുന്നത്' ഗ്രഹിക്കുന്നത് എന്നാണ് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. മനശാസ്ത്ര ശാഖകള്‍ ഇത്രയധികം വികസിച്ച കാലത്ത് കുമ്പസാരം എന്ന കൂദാശ തന്നെ എടുത്തു കളയണം എന്ന ആവശ്യം സഭയ്ക്കുള്ളിലുണ്ട്. കന്യാസ്ത്രീകള്‍ സ്ത്രീകളെ കുമ്പസരിപ്പിക്കണം എന്ന ആവശ്യം കത്തോലിക്ക സഭയ്ക്കുള്ളില്‍ ഒരു കൂട്ടരും ഉയര്‍ത്തുന്നു.

സഭയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചാല്‍ അത് പൊലീസില്‍ അറിയിക്കേണ്ടതാണ്. എന്നാല്‍ ബലാത്സംഗ കുറ്റങ്ങള്‍ പരാതികളായി വന്നാലും സഭയുടെ തിരുവസ്ത്രത്തിനുള്ളില്‍ പൂഴ്ത്തുകയാണ്. ഈ ലൈംഗിക അക്രമികളായ വികാരിമാര്‍ അധികാരം കയ്യാളുന്ന ഇടവകകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാരും കമ്മീഷനുകളും സ്വമേധയ അന്വേഷണം നടത്തണം എന്നാണ് ആവശ്യം.

അഞ്ചു വൈദികരെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് നടപടി എടുത്തതായി ഓര്‍ത്തഡോക്‌സ് സഭ പത്രപ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസും വനിതാ കമ്മീഷനും നേരിട്ട് കേസെടുക്കേണ്ടതാണ്.


Read More >>