പിണറായി വിജയൻ ദേശീയ നേതാവാകും; ​​ദ്രാവിഡ സ്വത്വമുള്ള ഇടത് നേതാവ്

സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മികവുറ്റ പാർലമെന്റേറിയനാണ് ജനകീയനാണ് പക്ഷേ ദളിത്- ബഹുജനങ്ങൾക്കിടയിൽ എത്രമാത്രം ജനസമ്മതനാകും എന്ന കാര്യത്തിലാണ് സംശയം. പാർലമെന്ററി രം​ഗത്ത് ആജ്ഞാ ശക്തിയുള്ള ഒരു ദക്ഷിണേന്ത്യൻ ദളിത് -ബഹുജന നേതാവിന്റെ താത്കാലിക ഒഴിവിലേക്ക് കടന്നിരിക്കാൻ ശ്രമിക്കാനെങ്കിലും ആർക്ക് കഴിയും എന്നതാണ് കാലങ്ങളായി ഇടതുപാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ വേണം മുഖ്യമന്ത്രി ആയ ശേഷം പിണറായി വിജയന്റെ പ്രവർത്തന ശൈലിയെ നിരീക്ഷിക്കേണ്ടത്.

പിണറായി വിജയൻ ദേശീയ നേതാവാകും; ​​ദ്രാവിഡ സ്വത്വമുള്ള ഇടത് നേതാവ്

സിപിഐഎം പോളിറ്റ്ബ്യൂറോ അം​ഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഇടത് പക്ഷം ഉൾപ്പെടുന്ന ഒരു ദേശീയ സഖ്യത്തെ സമീപഭാവിയിൽ നയിക്കും. ബിജെപി യുടെ നേതൃത്വത്തിൽ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന ബ്രാഹ്മണിക്കൽ ഫാഷിസ്റ്റ് അധികാരത്തിനെതിരെ അലയടിച്ചുയർന്ന് ശക്തിപ്രാപിക്കുന്ന ദലിത് പ്രക്ഷോഭങ്ങളുടെയും ഏകീകരണത്തിന്റെയും കാലത്ത് ആ അന്തരീക്ഷത്തോട് ചേർന്ന് നിൽക്കാൻ ബഹുജൻ സ്വത്വം കൊണ്ടും നേതൃ​ഗുണം കൊണ്ടും സിപിഐഎമ്മിൽ നിന്ന് ഏത് നേതാവിന് കഴിയും എന്ന ചോദ്യത്തിന് പിണറായി വിജയൻ എന്ന പേര് ഉത്തരമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആദ്യത്തേത് പിണറായി വിജയനെന്ന ദേശീയ നേതാവിനെ നിർമ്മിക്കുന്ന പ്രക്രിയ പുരോ​ഗമിക്കുന്നു എന്നത് തന്നെ. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഉയർന്ന ഇനി എന്ത് എന്ന് ചോദ്യത്തിന് പിണറായി വിജയൻ പറഞ്ഞ ഉത്തരം 'നമ്മൾ ഇവിടത്തന്നെ ഉണ്ടാവും' എന്നായിരുന്നു. പിണറായി വിജയൻ ഇവിടെത്തന്നെ ഉണ്ടാവുകയും കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. കേരള മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ എവിടെയൊക്കെ നിന്നു എന്നതിന്റെ ക്രമപരിശോധനയിൽ നിന്നാണ് രണ്ടാം ടേമിലും മുഖ്യമന്ത്രി എന്നതിനപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിൽ പിണറായി വിജയൻ എവിടെ ഉണ്ടാവും പരിശോധന ഉണ്ടാവുന്നത്.

സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മികവുറ്റ പാർലമെന്റേറിയനാണ് ജനകീയനാണ് പക്ഷേ ദളിത്- ബഹുജനങ്ങൾക്കിടയിൽ എത്രമാത്രം ജനസമ്മതനാകും എന്ന കാര്യത്തിലാണ് സംശയം. പാർലമെന്ററി രം​ഗത്ത് ആജ്ഞാ ശക്തിയുള്ള ഒരു ദക്ഷിണേന്ത്യൻ ദളിത് -ബഹുജന നേതാവിന്റെ താത്കാലിക ഒഴിവിലേക്ക് കടന്നിരിക്കാൻ ശ്രമിക്കാനെങ്കിലും ആർക്ക് കഴിയും എന്നതാണ് കാലങ്ങളായി ഇടതുപാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ വേണം മുഖ്യമന്ത്രി ആയ ശേഷം പിണറായി വിജയന്റെ പ്രവർത്തന ശൈലിയെ നിരീക്ഷിക്കേണ്ടത്. ഏത് ആൾക്കൂട്ടത്തെയും ഇളക്കിമറിക്കാനുള്ള ബഹുജന സ്വാധീനശേഷിയുണ്ടായിരുന്നിട്ടും വി എസ് അച്യുതാനന്ദനെന്ന ജനകീയ നേതാവ് മുഖ്യമന്ത്രിയായിരിക്കെ കേരളത്തിനകത്താണ് തന്റെ സ്വാധീന ശക്തി ഉപയോ​ഗിച്ചിരുന്നത്. ഇന്ത്യയിൽ നിന്നെമ്പാടും വി എസിലേക്ക് പ്രതീക്ഷയുടെ കണ്ണ് നീണ്ടിട്ടും കൂടംകുളത്തിനപ്പുറത്തേയ്ക്കുള്ള ഇന്ത്യയിലേക്ക് വി എസ് നോക്കിയില്ല. എറെ വൈകിയാണ് കേരളത്തിന്റെ നായകസ്ഥാനം ലഭിച്ചതെന്നതിനാൽ കൂടിയാണ് വി എസിന് അത് സാധിക്കാതെ പോയത് എന്ന് മനസിലാക്കാമെങ്കിലും. പക്ഷേ പിണറായി വിജയൻ കേരളത്തിന്റെ അതിർത്തിയ്ക്കകത്ത് ഒതുങ്ങുന്ന നേതാവല്ല. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ പങ്കെടുത്ത സംസ്ഥാനാന്തര പരിപാടികളെല്ലാം തന്നെ വാ‍ർത്തകൾ സൃഷ്ടിച്ചിരുന്നു. കർണാടകയിലെ മം​ഗലാപുരത്ത് സിപിഐഎം സംഘടിപ്പിച്ച പരിപാടിയും തെലങ്കാനയിലെ ഹൈദരബാദിൽ നടന്ന പരിപാടിയും മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി സംഘടനകൾ സംഘടിപ്പിച്ച പരിപാടിയും ദേശീയ വാർത്തയായത് ആ പരിപാടികളിൽ പിണറായി വിജയന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിനാലാണ്. എല്ലായിടത്തും സംഘപരിവാറിന്റെ എതിർപ്പാണ് വാർത്തയ്ക്ക് ആധാരമായതും. 2016 ഡിസംബറിൽ ഭോപ്പാലിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ നിന്ന് പിണറായി വിജയൻ പിൻമാറുകയും ചെയ്തിരുന്നു. അതേ സമയം മം​ഗലാപുരത്തായാലും ഹൈദരാബാദിലായാലും ആന്ധ്രയിലെ കർണൂലിലായാലും സിപിഐഎം സംഘടിപ്പിച്ച പരിപാടികളിലെല്ലാം പിണറായി എല്ലാ എതിർപ്പുകളെയും മറികടന്ന് പങ്കെടുത്തു. എല്ലായിടത്തും വിജയൻ ​ഗോ ബാക് എന്ന മുദ്രാവാക്യമാണ് സംഘ പരിവാർ ഉയർത്തിയത്. അതേസമയം വിജയന് സ്വാ​ഗതം എന്ന വികാരം എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആ മുദ്രാവാക്യത്തിന് സമാന്തരമായി ഉയർന്നു എന്നതാണ് യാഥാർത്ഥ്യം. ജല്ലിക്കട്ട്, ബീഫ് നിരോധന വിഷയങ്ങളുയർന്നപ്പോൾ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് തമിഴ്നാട്ടിലുയർന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധേയമായി.


Image TitleImage Title


Image Title


Image Title


ഇടപെടുന്ന വിഷയങ്ങളുടെ പ്രത്യേകതയാണ് കേരള മുഖ്യമന്ത്രി എന്നതിനപ്പുറം ഒരു ദേശീയ നേതാവായി മാറാനുള്ള പ്രവണത പിണറായി കാട്ടുന്നു എന്ന് മനസിലാക്കാൻ സഹായിക്കുന്നത്. ബീഫ് നിരോധനം നടപ്പാക്കാൻ ബിജെപി ശ്രമിച്ചപ്പോൾ അതിനെ ശക്തമായി എതിർക്കുന്നതിനപ്പുറത്ത് കന്നുകാലി കശാപ്പ് നിരോധനത്തിനെതിരായി ദേശീയ പ്രതിരോധം തീർക്കാൻ ബിജെപിയിതര മുഖ്യമന്ത്രിമാരുടെ സഖ്യമുണ്ടാക്കാൻ പിണറായി ശ്രമിച്ചു. നദീജല തർക്ക വിഷയങ്ങളിൽ ഒരു സംസ്ഥാനവുമായും സംഘർഷത്തിനില്ലെന്ന് പിണറായി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ പാവപ്പെട്ടവരുടെ വീടിനു ചുവരിൽ ദരിദ്രരെന്ന് എഴുതിവെച്ച സർക്കാർ നടപടിയോടുള്ള വിമർശനം ചിത്രമടക്കമാണ് പിണറായി സ്വന്തം ഫെയ്സ്ബുക് പേജിൽ എഴുതിയത്. ഇന്ത്യയാകെയുള്ള സംഘപരിവാർ സംവിധാനങ്ങളെ വിമർശിക്കാൻ പല സംസ്ഥാനങ്ങളിലും നടക്കുന്ന കാര്യങ്ങൾ എല്ലാം നിരീക്ഷിച്ച് പ്രതികരിക്കാൻ ശ്രദ്ധകാട്ടുന്ന ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ സ്വന്തം ഫെയ്സ്ബുക് പേജിലൂടെ എല്ലാ വിഷയങ്ങളോടും നടത്തുന്ന പ്രതികരണങ്ങളുടെ നൈരന്തര്യവും ജാ​ഗ്രതയും ശ്രദ്ധേയമാണ്.


Image Title


ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത ഏക സംസ്ഥാനമല്ല കേരളം. തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലുമൊക്കെ സംഘപരിവാരത്തിന്റെ സ്വാധീനത്തിന് പരിമിതികളുണ്ട്. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും കേരളത്തിലേക്കാൾ പാർലമെന്ററി രാഷ്ട്രീയത്തിൽ ബിജെപിക്ക് സ്വാധീനം ഉണ്ട് എങ്കിലും ആ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളിൽ ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ല എന്നതാണ് യാഥാർത്ഥ്യം. തമിഴ്നാട്ടിൽ ഈ പ്രശ്നം രൂക്ഷവുമാണ്. എന്നാൽ കേരളത്തിൽ സാംസ്കാരികമായി സ്വാധീനമുണ്ടായിട്ടും ബിജെപിയുടെ ബ്രാഹ്മിണിക്കൽ അജണ്ടയ്ക്ക് പാർലമെന്ററി രാഷ്ട്രീയത്തിൽ ഫലപ്രദമാകാൻ കഴിയുന്നില്ല എന്നതാണ് വൈരുദ്ധ്യം. പിണറായി വിജയന്റെ പേര് ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ ഉയർത്തുന്നത് ബിജെപിയാണ്. കെട്ടിച്ചമച്ച കേസുകളിൽ പെടുത്തി ജയിലറകളിൽ അടച്ച് രാഷ്ട്രീയത്തിൽ നിന്ന് തുടച്ചു നീക്കിയില്ലായിരുന്നുവെങ്കിൽ അബ്ദുൾനാസർ മഅദനി ദക്ഷിണേന്ത്യയിൽ എന്ത് മാറ്റം കൊണ്ടുവരുമെന്ന് ഏറ്റവും നന്നായി അറിയാമായിരുന്നത് സംഘപരിവാറിനായിരുന്നു. തീയ്യ സമുദായക്കാരനായ, ആ‍ജ്ഞാ ശക്തിയുള്ള ഒരു സിപിഐഎം നേതാവ് മുന്നോട്ട് പോയാൽ എന്തു സംഭവിക്കുമെന്നും അവർക്കറിയാം. അത് മുന്നിൽ കണ്ടാണ് ദേശീയ തലത്തിൽ പിണറായിക്ക് കൊലയാളി മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നതും.


Image Title
തെലങ്കാന സിപിഐഎം സംഘടിപ്പിച്ച മഹാജന പദയാത്രയുടെ സമാപന സമ്മേളനം ഉ​ദ്ഘാടനം ചെയ്യാൻ ഹൈദരാബാദിലെ സരൂർ ന​ഗർ സ്റ്റേഡിയത്തിലെ വേദിയിൽ പിണറായി വിജയൻ നിന്നത് സുന്ദരയ്യയുടെയും പ്രാദേശിക സിപിഐഎം നേതാക്കളുടെയും ഒപ്പം ഡോക്ടർ ബി ആർ അംബേദ്കറുടെയും ചിത്രമുള്ള വലിയ ബാനറിന് ചുവട്ടിലായിരുന്നു. ലാൽ സലാമിനൊപ്പം നീൽ സലാമും സിപിഐഎമ്മിന് വിളിക്കേണ്ടി വരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലാണ് പിണറായി വിജയനെന്ന ആജ്ഞാ ശക്തിയുള്ള, പിന്നോക്ക സമുദായക്കാരനായ നേതാവിന്റെ പ്രസക്തി. ​പശുവിന്റെ പേരിൽ ദില്ലിയിൽ തീവണ്ടിയിൽ പശു ഭീകരരരാൽ കൊലചെയ്യപ്പെട്ട ജുനൈദെന്ന യുവാവിന്റെ കുടുംബത്തെ കണ്ട് സംസാരിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.


Image Title


ബം​ഗളൂരു സ്ഫോടനക്കേസിൽ വിചാരണത്തടവുകാരനായി കഴിയുന്ന അബ്ദുൾ നാസർ മഅദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതി നൽകിയ ജാമ്യം അട്ടിമറിക്കാൻ കർണാടക സർക്കാർ ഭീമമായ സുരക്ഷാ ചെലവ് പ്രഖ്യാപിച്ചപ്പോൾ പിണറായി വിജയൻ ആ ചെലവ് കേരളം വഹിക്കാൻ തയ്യാറെന്ന് കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തയച്ചതും ഇതേകാലത്താണ്. മഅദനിയുടെ ഒപ്പം നിൽക്കുമ്പോൾ ഇരു നാണയ സിദ്ധാന്തക്കാരുടെ വിമർശനങ്ങളെ ഭയക്കുന്നില്ല എന്ന ശരീരഭാഷയാണ് പിണറായിയിൽ കണ്ടതും. രാജ്യത്തുയർന്നു വരുന്ന ദലിത്-മുസ്ലിം ഐക്യരാഷ്ട്രീയത്തിന്റെ സാധ്യതകളെയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഏക സിപിഐഎം നേതാവാണ് പിണറായി എന്നതും ശ്രദ്ധേയമാണ്. ബിജെപി-മോദി തരം​ഗം ആഞ്ഞടിച്ചിട്ടും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ തരം​ഗത്തിൽ സർക്കാരുകൾ നിലം പതിച്ചിട്ടും കർണാടകയിൽ കോൺ​ഗ്രസിനെ സുരക്ഷിതമായി നിലനിർത്തുന്ന സിദ്ധാരാമയ്യയെന്ന മുഖ്യമന്ത്രിയുമായി പിണറായി ഉണ്ടാക്കിയിരിക്കുന്ന സഖ്യമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഈ മാസം 15 ന് സ്വാതന്ത്യ ദിനത്തിൽ കേരളവും കർണാടകയും സംയുക്തമായാണ് സ്വാതന്ത്യദിനാഘോഷം നടത്തുന്നത്. കരുത്തുറ്റ രണ്ട് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സഖ്യത്തിന്റെ ചരിത്രുരമായ അടയാളമായി ഈ സ്വാതന്ത്യദിനം മാറും, ഒപ്പം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പിണറായി വിജയനെന്ന പേര് കൂടുതൽ ആഴത്തിൽ പതിയുകയും ചെയ്യും.

Read More >>