''അന്ന് ഹോട്ടല്‍ വെറ്റ്‌ഫോര്‍ട്ടില്‍ സംഭവിച്ചത്?'' സിദ്ധിക്കിന്റെ വീട്ടുകാരെ വിനയന്‍ 'അത്' പറഞ്ഞു എന്നത് സത്യമോ?

മാക്ടയുടെ പിളര്‍പ്പിലേയ്ക്ക് നയിച്ച സംഭവത്തിനു കാരണമായത് ഗോകുലം പാര്‍ക്കില്‍ നടന്ന മീറ്റിങ്. പിന്നീട് വൈറ്റ്‌ഫോര്‍ട്ടില്‍ നടന്നതും കാനം രാജേന്ദ്രന്‍ ചിത്രത്തിലേയ്ക്ക് വരുന്നതും തുറന്നു പറയുകയാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ വിനയന്‍

അന്ന് ഹോട്ടല്‍ വെറ്റ്‌ഫോര്‍ട്ടില്‍ സംഭവിച്ചത്? സിദ്ധിക്കിന്റെ വീട്ടുകാരെ വിനയന്‍ അത് പറഞ്ഞു എന്നത് സത്യമോ?

മാക്ട ഫെഡറേഷന്‍ എന്ന സംഘടന സത്യത്തില്‍ ഉണ്ടാക്കിയത് എന്ത് ഉദ്ദേശത്തോടെയായിരുന്നു?

വാസന്തിയുടെ തമിഴ് പതിപ്പിന്റെ ഷൂട്ടിംഗിനായി ഞാന്‍ തമിഴ്‌നാട്ടില്‍ ആയിരുന്നപ്പോള്‍ അവിടുത്തെ അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിച്ചു. അവിടുത്തെ തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കുള്ള പണം അവര്‍ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഭാവന പദ്ധതി എന്നിങ്ങനെ പലവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന്റെ പല പദ്ധതികള്‍ ഉണ്ടെന്നും അവിടുത്തെ തൊഴിലാളികള്‍ക്ക് അതു ലഭിക്കുന്നുണ്ട് എന്നും ഞാന്‍ മനസ്സിലാക്കിയത് അന്നാണ്. ഒരു ട്രേഡ് യൂണിയന്‍ രജിസ്റ്റേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ കേന്ദ്ര ഗവണ്‍മെന്റിൽ നിന്ന് സഹായങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നമുക്കും അങ്ങനെ ചെയ്തുകൂടാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒരു സൂപ്പര്‍താരം പറഞ്ഞത് നമ്മള്‍ അവര്‍ക്ക് ടിപ്പ് കൊടുക്കുന്നില്ലേ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഈ പറയുന്നത് നമ്മള്‍ കൊടുക്കുന്ന ഒരു ദാനമല്ലേ? അതാണ് എങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്ന ഒരു അവകാശവും, അങ്ങനെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ പുറകെ നടന്നു ആവശ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ 'അണ്ടനും അടകോടനും ഒക്കെ ഒരുമിച്ചു വരുന്നു' എന്ന് ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞ ഒരു അസോസിയേഷന്‍ രൂപീകൃതമാകുന്നത്.

അങ്ങനെ നേതൃത്വം നല്‍കി ഒരു സംഘടന രൂപീകരിച്ചതിനാല്‍ അതിന്റെ തലപ്പത്തിലേക്ക് വിനയന്‍ വന്നു

വിനയന്‍ പണ്ടേ കുഴപ്പക്കാരനാണ്, ഇനിയെങ്കിലും പിടിച്ചില്ലെങ്കില്‍ കൈവിട്ടുപോകുമെന്ന് അവര്‍ക്ക് തോന്നി. അന്ന് 24 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു ഡ്രൈവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം 150 രൂപയാണ്. അത് മതിയാവുകയില്ല എന്നും 300 രൂപ ദിവസവേതനം ലഭിക്കണമെന്നും പറഞ്ഞ നാലു ദിവസം ഞാന്‍ ഇന്‍ഡസ്ട്രി സ്തംഭിപ്പിച്ചു. തുടര്‍ന്ന് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത പോലെ നിലവിലുണ്ടായിരുന്ന ശമ്പളത്തിന് നേരെ ഇരട്ടി അവര്‍ക്ക് അര്‍ഹമായ ശമ്പളം നേടിക്കൊടുക്കുവാന്‍ എനിക്ക് സാധിച്ചു. മാക്ട ഫെഡറേഷന്റെ ആദ്യ സമരവിജയമായിരുന്നു അത്.

വിനയന്‍ പറഞ്ഞത് ഞങ്ങളുടെ മനസ്സ് തുറപ്പിച്ചു എന്നും അവര്‍ക്ക് അര്‍ഹമായ വേതനം ആണ് ഇപ്പോള്‍ നല്‍കാന്‍ പോകുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ അന്ന് എന്നോട് പറഞ്ഞത്. 2007ലെ കാര്യമാണ്. അന്നൊരു കൂലിപ്പണിക്കാരന് കിട്ടുന്നത് 500 രൂപയായിരുന്നു. സിനിമയിലെ ഡ്രൈവര്‍മാരായി വരുന്നവന് സിനിമയില്‍ എന്തെങ്കിലുമൊക്കെ ആഗ്രഹവുമായിട്ട് വന്നവരായിരുന്നു. താമസവും ഭക്ഷണവും ഒക്കെ നല്‍കുമ്പോള്‍ ഏകദേശം ഒരു കൂലിപ്പണിക്കാരന് അന്ന് ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നു എന്നതായിരുന്നു തോന്നല്‍.

ഒരു സിനിമയിലെ നായകന് ലക്ഷങ്ങളും കോടികളും പ്രതിഫലം നല്‍കിയും അതിനൊപ്പം തന്നെ അവര്‍ക്ക് വസ്ത്രം ഭക്ഷണവും താമസവും എല്ലാം നല്‍കുകയും ചെയ്യുമ്പോള്‍ ഈ സാധാരണക്കാരന് ലഭിക്കുന്നത് കൂലിയായി കൂട്ടേണ്ടതല്ല എന്നായിരുന്നു എന്റെ അഭിപ്രായം. ഒരുപക്ഷേ കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക് തൊഴിലാളികളോടുള്ള മാനസിക വികാരമായിരിക്കും ഇങ്ങനെ ചിന്തിക്കുവാന്‍ ഇടയാക്കിയത്. എന്താണെന്നറിയില്ല ആ സമരം പലരെയും ചൊടിപ്പിച്ചു. അത് തൊഴിലാളിക്ക് കൊടുത്ത് പൈസയുടെ വലിപ്പത്തിലായിരിക്കില്ല, അതിനു നേടിയ വിജയത്തെ കുറിച്ചാണ് അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയത്. അങ്ങനെ ഒരു വിജയം അംഗീകരിക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇനിയും വളരാന്‍ അനുവദിക്കാന്‍ പാടില്ലെന്ന് ഇവര്‍ രഹസ്യമായി സംസാരിച്ചതായി എനിക്ക് വ്യക്തമായ അറിവ് കിട്ടി.

ഡ്രൈവര്‍മാരുടെ ശമ്പളം കൂട്ടിയതാണ് ശത്രുവാക്കിയത് എന്നാണോ?

മറ്റൊരു കാര്യവും ഉണ്ടായി സിബി മലയിലിനെ ഒരു പടത്തിന്റെ സൗണ്ട് മിക്‌സിങ് ശരിയല്ല എന്ന് പറഞ്ഞ് വിലക്കിയപ്പോള്‍ ഞാന്‍ അതിനും എതിരഭിപ്രായമാണ് പറഞ്ഞത്. ഒരു സംവിധായകന്റെ അന്നമാണ് തന്റെ സിനിമ. അതില്‍ അദ്ദേഹം ഒരിക്കലും കളങ്കം കാണിക്കുവാന്‍ ഇടയില്ല എന്നും മറ്റും പറഞ്ഞ് ഞാനാണ് അഭിപ്രായത്തെ എതിര്‍ത്തത്. സിബി മലയിലിന് എന്നോട് അത്ര നല്ല അഭിപ്രായം ഒന്നുമായിരുന്നില്ല എന്നുള്ളത് എനിക്കറിയാം. എന്നിരുന്നാല്‍ പോലും ആ പ്രശ്‌നത്തില്‍ അദ്ദേഹത്തിന്റെ കൂടെയാണ് ഞാന്‍ നിന്നത്.

ആ സമയത്താണ് ഈ ദിലീപ് തുളസിദാസ് വിഷയം ഉയര്‍ന്നുവരുന്നത്. അവിടെയും ഞാന്‍ വെട്ടിലായി. ഞാനന്ന് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലാണ്. തെറ്റ് ദിലീപിന്റെ ഭാഗത്താണ് എന്ന പക്ഷക്കാരനായിരുന്നു ഞാന്‍. ഒന്നുകില്‍ സംവിധായകനുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുക അതല്ലെങ്കില്‍ അഡ്വാന്‍സ് വാങ്ങിയ പടത്തില്‍ അഭിനയിക്കുന്നതാണ് മര്യാദ എന്നായിരുന്നു എന്റെ പക്ഷം. അന്ന് അതുവരെ ഞാന്‍ എതിര്‍ത്ത സൂപ്പര്‍താരങ്ങളുടെ ജനുസ്സില്‍ പെടുന്ന ഒരാളോടല്ല ഇപ്പോള്‍ എതിര്‍ക്കുന്നത്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിയന്ത്രിക്കുന്ന നിലയിലേക്ക് ദിലീപ് എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗം ആയിട്ടാണല്ലോ അവര്‍ക്കുപോലും പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റാതിരുന്ന 20:20 എന്ന സിനിമ ദിലീപ് നിര്‍മ്മിക്കുന്നത്. അത് അയാളുടെ ഒരു ബുദ്ധിയാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. അയാളുടെ ബുദ്ധിയും സംഘടനാപാടവവും ഒക്കെ ഭയങ്കരമാണ്. ആ ഒരു ബുദ്ധിയുടെ ഭാഗമാണ് മാക്ട ഫെഡറേഷന്‍ ഇങ്ങനെയാകാന്‍ കാരണവും.

നടന്മാരുടെ പെരുമാറ്റത്തെ കുറിച്ചു ഒരു യോഗം കൂടിയിരുന്നു. ആ യോഗത്തില്‍ വച്ചാണ് സിദ്ദിക്ക്, നടന്മാരോട് ഒന്നും നമ്മള്‍ ഏറ്റുമുട്ടിയിട്ട് കാര്യമില്ല എന്നും അവര്‍ എന്തെങ്കിലും കുഴപ്പം കാണിച്ചാലും നമ്മള്‍ കൂടെ നില്‍ക്കണം എന്നും പറയുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു ' ഇവിടെ തുളസിദാസ് പറഞ്ഞതൊക്കെയും സിദ്ദിഖ് കേട്ടിരുന്നോ? ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ഇടണമെങ്കില്‍ പോലും ദിലീപ് പറയണം. അത്തരം കാര്യങ്ങളില്‍ പോലും ഇടപെടുന്ന താരത്തെ നിലക്ക് നിര്‍ത്താന്‍ ഇടപെടാതിരിക്കുന്നത് കഷ്ടമാണ്. ഇങ്ങനെ പോയാല്‍ നമ്മുടെ വീട്ടിലുള്ളവരെ കൊണ്ടുപോയി കാണിച്ചാല്‍ മാത്രമേ ഇവന്മാരൊക്കെ ഡേറ്റ് തരികയുള്ളൂ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെയും സപ്പോര്‍ട്ട് ചെയ്താല്‍ എന്ത് കഷ്ടമാണ്' ഇത് ഞാന്‍ ചോദിച്ചതാണ്.

സിദ്ദിക്കിന്റെ വീട്ടിലിരിക്കുന്നവരെയല്ല ഞാന്‍ പറഞ്ഞത്. ഏതൊരു സംവിധായകന്റെയും കാര്യമാണ് പറഞ്ഞത്. അത് പിന്നെ ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ സിദ്ദിക്കിനെതിരെ ഞാന്‍ പറഞ്ഞു എന്നാക്കി. ഇക്കാര്യം ഞാന്‍ സിദ്ധിക്കിനോട് സംസാരിക്കുകയും താങ്കള്‍ക്കെതിരെയല്ല പൊതുവായി പറഞ്ഞതാണ്, പ്രയാസം തോന്നിയെങ്കില്‍ ക്ഷമ പറയുവാനും തയ്യാറാണ് എന്നറിയിച്ചു. ആ കാര്യങ്ങള്‍ അവിടെ തീര്‍ന്നതാണ്.

പിന്നെ അതെങ്ങനെ മാക്ടയുടെ പിളര്‍പ്പിലെത്തി?

അന്നു വൈകുന്നേരം വൈറ്റ് ഫോര്‍ട്ടില്‍ അയാള്‍ ഒരു സംഘത്തെ വിളിച്ചിരുത്തി സല്‍ക്കരിച്ചു. ഇനിയും വിനയനെ ഏറെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ല എന്തുവേണമെങ്കിലും ചെയ്യാം എന്നെല്ലാം പറഞ്ഞു കൊടുത്തു. അന്ന് രാത്രി 12 മണിക്ക് രഞ്ജിത്തിനെ ഫസ്റ്റ് അനൗണ്‍സ്‌മെന്റ് വന്നു. സിദ്ധിക്കിനെ അപമാനിച്ച വിനയനോട് ക്ഷമിക്കുവാന്‍ കഴിയില്ല ഞാന്‍ രാജിവെക്കുന്നു എന്ന ഫസ്റ്റ് ബൈറ്റ് വന്നത് രഞ്ജിത്തില്‍ നിന്നായിരുന്നു.

ഇതിന്റെയെല്ലാം ഗൂഢാലോചനയുടെ ചുക്കാന്‍ പിടിച്ചതും ദിലീപായിരുന്നു. ആ പ്ലാന്‍ അയാള്‍ നടപ്പിലാക്കി. അതായത് അയാളുടെ ഒരു ബുദ്ധിയായിരുന്നു ഈ മാക്ട ഫെഡറേഷന്‍ തകര്‍ക്കുക എന്നുള്ളത്.

അതുകൊണ്ടെന്തായി, അടുത്തകാലത്ത് മാത്രമായി സിനിമയില്‍ വന്ന സിനിമയെക്കുറിച്ച് ഒന്നും അധികം അറിയാത്ത ഒരാള്‍ അതിന്റെ നേതാവായി. അതിന് സഹായം ചെയ്തു കൊടുത്തത് മാധ്യമസ്ഥാപനത്തിന്റെ തലവനും ഒരു സൂപ്പര്‍ സ്റ്റാറുമായിരുന്നു. പ്രത്യേകിച്ചു നേട്ടം ഒന്നും ആ സൂപ്പര്‍സ്റ്റാറിന് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. താരങ്ങള്‍ക്കെതിരെ ഇവിടെ ഒരാളും വേണ്ട എന്ന് അദ്ദേഹത്തോട് ഇവര്‍ പറഞ്ഞു നല്‍കി. അദ്ദേഹം അതനുസരിച്ചു. വിനയന്‍ ആര് ഞങ്ങള്‍ ആര് എന്നൊരു ചിന്ത അവര്‍ അവിടെ ഉണ്ടാക്കി.

20 വയസ്സ് മുതല്‍ സിപിഐഎം പാര്‍ട്ടി അംഗമായ നമ്മള്‍ ഒന്നുമല്ല. ഉണ്ണികൃഷ്ണനാണ് പുതിയ ആഗോള കമ്മ്യൂണിസ്റ്റുകാരന്‍ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നു. ഞാന്‍ അന്ന് സഖാവ് പിണറായി വിജയനെ ഫോണില്‍ വിളിച്ച് സഖാവേ താങ്കളെ ധരിപ്പിച്ചത് പോലെ അല്ല യഥാര്‍ത്ഥത്തില്‍ പ്രശ്‌നം. മാക്ട ഫെഡറേഷന്‍ രൂപീകരിച്ചത് പോലും ഇക്കാര്യങ്ങള്‍ക്ക് ഒന്നുമല്ല. വരേണ്യവര്‍ഗ്ഗ വിഭാഗത്തിന്റെ പ്രശ്‌നമാണ് ഇതിനകത്തുള്ളതെന്നും അദ്ദേഹത്തോടും ഞാന്‍ സംസാരിച്ചതാണ്. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഒരു സൂപ്പര്‍സ്റ്റാര്‍ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ്.

ആ സമയത്ത് കാനം രാജേന്ദ്രന്‍ മാത്രമാണ് എന്റെ വാക്കുകള്‍ ശ്രദ്ധിച്ചത്. എത്ര സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എന്റെ കൂടെ നിന്നത് അദ്ദേഹം മാത്രമാണ്. ഞാന്‍ ആമ്പപ്പുഴ ഡിവൈഎഫ്‌ഐ ഏരിയ പ്രസിഡന്റായി മൂന്നാല് വര്‍ഷം പ്രവര്‍ത്തിച്ച ഒരു വ്യക്തി കൂടിയാണ്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ആയിരുന്നപ്പോള്‍ സിപിഐഎം നയിക്കുന്ന വര്‍ക്കേര്‍സ് അസോസിയേഷന്‍ എന്ന് പറയുന്ന ട്രേഡ് യൂണിയന്റെ നേതാവായി പത്തു വര്‍ഷത്തോളം ചുമതലയില്‍ ഉണ്ടായിരുന്നതുമാണ്.

താങ്കള്‍ സിപിഐഎം സംഘടനയ്ക്ക് ഉള്ളിലുള്ള ആളായിട്ടും കാര്യങ്ങള്‍ ഗൂഢാലോചനക്കാര്‍ക്ക് അനുകൂലമാവുകയായിരുന്നോ?

എന്റെ അച്ഛനൊരു കോണ്‍ഗ്രസുകാരനായ കര്‍ഷകനായിരുന്നു. എങ്കിലും അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അവിടുത്തെ കര്‍ഷകത്തൊഴിലാളി നേതാക്കന്മാര്‍ ആയിരുന്നു. അന്നും ഇന്നും സിഐടിയുവിന്റെ ഒരു രജിസ്‌ട്രേഡ് യൂണിയന്‍ സിനിമയിലുണ്ട് അതിനെപ്പോലും മറവില്‍ വെച്ചാണ് ഇങ്ങനെ ഒരു സംഘടന ഉണ്ടാകുന്നത്. ആ യൂണിയനെ മരവിപ്പിച്ചു കൊണ്ട് ഫെഫ്കയ്ക്ക് ഒരു മൗന സപ്പോര്‍ട്ട് കൊടുത്തു.

എങ്ങനെയും മാക്ട തകര്‍ക്കണം. തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സൂപ്പര്‍ താരങ്ങള്‍ക്ക് ഈ ലോബിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആകില്ല. മാക്ട ഫെഡറേഷനിലെ തൊഴിലാളികള്‍ക്ക് ഒന്നും ആദ്യം ജോലി നല്‍കിയില്ല. മാക്ട വിട്ടിട്ട് വരാത്തവര്‍ക്ക് ജോലിയില്ല എന്നായിരുന്നു. 4 സിനിമ കഴിയുമ്പോള്‍ ഇവനൊക്കെ ജോലിയില്ലാതെ പഠിച്ചോളും എന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെ ഒരു വലിയ ഒളിപ്പോര് തന്ത്രമാണ് ഇവര്‍ എടുത്തത്.

കാനം രാജേന്ദ്രന്‍ ഒപ്പമുണ്ടായിരുന്നല്ലോ...?

ഇതിനെല്ലാം എതിരെ കാനം രാജേന്ദ്രന്‍ വൈസ് പ്രസിഡന്റായും അന്നത്തെ എംഎല്‍എയായ സിപിഎമ്മിലെ ജോണ്‍ ഫെര്‍ണാണ്ടസ് വൈസ് പ്രസിഡന്റായും തൊഴില്‍ നിഷേധത്തിനെതിരെ ഒരു സമരം ഉണ്ടാക്കി. 24 മണിക്കൂറിനുള്ളില്‍ അവരെ രാജിവെപ്പിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞിരുന്നു. എങ്കിലും 24മണിക്കൂര്‍ ഒന്നും വേണ്ടി വന്നില്ല ആറു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നെ വിളിച്ചിട്ട് പറഞ്ഞു ക്ഷമിക്കണം, നേതാവ് എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെന്ന്.

അങ്ങനെ ഒരു തരത്തില്‍ സിപിഎമ്മിനോട് എതിരു നില്‍ക്കുന്നു എന്ന ഒരു അവസ്ഥയും അവര്‍ വരുത്തി തീര്‍ത്തു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ സിപിഎം- സിപിഐ ഒന്നിക്കണം എന്നുള്ള അഭിപ്രായങ്ങളൊക്കെ മുന്നോട്ടുവച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്കില്‍ പോലും ഇങ്ങനെയുള്ള ചില സംഭവങ്ങളാണ് കാനം രാജേന്ദ്രനോട് എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടാകാനുള്ള കാരണം. ഞാന്‍ പറഞ്ഞു വന്നത് ഫെഫ്ക എന്നുള്ളത് അമ്മ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒന്നാന്തരമൊരു ബൂര്‍ഷ്വാ സംഘടനയാണ്. ഇതിനെങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ് നിറം വരുന്നതെന്ന് കമ്മ്യൂണിസ്റ്റുകാരനായ എനിക്ക് മനസ്സിലാകുന്നില്ല.

കൂടെ നില്‍ക്കുവാന്‍ മനസ്സ് ആരും ഇല്ലാത്ത ഒരു സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ പിന്നെ അന്നനുള്ള ബാറ്റ വാങ്ങുന്ന തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വലിയ നടന്മാര്‍ പോലും പോയി ഇവരുടെ മുന്നില്‍ മുട്ടുകുത്തും. പാവം തൊഴിലാളികള്‍ പിന്നെ എങ്ങനെ പിടിച്ചുനില്‍ക്കാനാണ്? ഹൈക്കോടതിയില്‍ പോകുവാനും മറ്റ് പലരും ഉപദേശിച്ചെങ്കിലും ഇവര്‍ക്കെതിരെ എന്തെങ്കിലും രേഖാമൂലമായ തെളിവ് നമ്മുടെ കയ്യില്‍ ഇല്ലായിരുന്നല്ലോ. വിലക്കിയിരിക്കുന്നത് കുറിപ്പ് ഒന്നും തന്നിട്ടില്ലല്ലോ. അതുപോലെ പണി അതായിരുന്നല്ലോ ഇവരുടെ തന്ത്രം. പക്ഷേ തിലക് ചേട്ടന്റെ മരണത്തിനുശേഷമാണ് കോമ്പറ്റീഷന്‍ കമ്മിറ്റി എന്നൊരു കമ്മിറ്റിയെ കുറിച്ച് ഞാന്‍ അറിയുന്നത്. പരാതി ലഭിച്ചാല്‍ ഇവര്‍ രഹസ്യമായി ഇതിനുള്ളില്‍ അന്വേഷണം നടത്തും. അവര്‍ രഹസ്യമായി അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വന്നു ക്യാമ്പ് ചെയ്തു പലരോടും സംസാരിക്കും. ആ സംഭാഷണത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചാണ് അവര്‍ സത്യാവസ്ഥ കണ്ടെത്തുന്നത്. അങ്ങനെയാണ് അമ്മയും ഫെഫ്കയും വിനയനോട് ചെയ്തത് ഏറ്റവും മോശമായ തൊഴില്‍ നിഷേധിക്കുന്ന നടപടിയാണ് മൗലിക അവകാശ ധ്വംസനമാണ് എന്നെല്ലാം ഇവര്‍ കണ്ടെത്തുന്നത്. ഇത് സംബന്ധിച്ച് 600 പേജുള്ള ഒരു വിധിപ്പകര്‍പ്പ് എന്റെ കയ്യില്‍ ഉണ്ട്. ഇത് നെറ്റിലും ഇപ്പോള്‍ കാണാം. ഉള്ള കാര്യം പറയട്ടെ ഇപ്പോള്‍ ഈ ഒരു കമ്മീഷന്റെ വിധി വന്നതുകൊണ്ടാണ് എന്റെ ജന്മം അല്പമെങ്കിലും സഫലമായി എന്ന് എനിക്ക് തോന്നുന്നത്.

കാരണം, ഞാന്‍ എത്രയെല്ലാം നന്മ ചെയ്തിട്ടും ലോകം മുഴുവന്‍ വിനയന്‍ ഒരു റിബല്‍ ആണ് എന്നും താരങ്ങളെല്ലാം നന്മയുള്ളവരാണ് എന്നുമായിരുന്നല്ലോ കുറേക്കാലത്തേക്ക് മീഡിയയും ജനങ്ങളുമെല്ലാം വിശ്വസിച്ചിരുന്നത്. ഇതില്‍ എന്തോ കുഴപ്പമുണ്ട്, അല്ലെങ്കില്‍ പിന്നെ നന്മയുടെ പ്രതീകങ്ങളായ സൂപ്പര്‍ സ്റ്റാറുകള്‍ ഇതിനെതിരാകേണ്ട കാര്യമില്ലലോ എന്ന് അവര്‍ ചിന്തിച്ചു. ഇന്നസെന്റിനും ഉണ്ണികൃഷ്ണനും ഒക്കെ വിധിയില്‍ പേഴ്‌സണല്‍ ഫൈന്‍ അടിച്ചിട്ടുണ്ട്. സംഘടനാപരമായിട്ടല്ല പേര്‍സണല്‍ ഫൈന്‍ ആണ് ചുമത്തിയിരിക്കുന്നത്. അത്രയ്ക്കുണ്ട് അവര്‍ എന്നോട് ചെയ്ത അനീതി!

ഒന്നാം ഭാഗം വായിക്കാം
Read More >>