തുറന്നടിച്ച് വിനയന്‍: ഊമപ്പെണ്ണില്‍ നിന്ന് ദിലീപ് പുറത്താകുന്നു; പ്രശ്‌നങ്ങള്‍ അന്നുതുടങ്ങി

മലയാള സിനിമയുടെ ചരിത്രത്തിലെ തൊഴിലാളി സംഘടന സ്ഥാപിച്ചത് സംവിധായകന്‍ വിനയനാണ്. കുട്ടനാട്ടില്‍ ജനിച്ച സിപിഐഎമ്മുകാരന്‍. പാര്‍ട്ടി മെമ്പറും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു അദ്ദേഹം. സിനിമയില്‍ സംഭവിച്ചത് എന്താണ് എന്നു വ്യക്തമാക്കുകയാണ് ഈ അഭിമുഖത്തില്‍ വിനയന്‍

തുറന്നടിച്ച് വിനയന്‍: ഊമപ്പെണ്ണില്‍ നിന്ന് ദിലീപ് പുറത്താകുന്നു; പ്രശ്‌നങ്ങള്‍ അന്നുതുടങ്ങി

എല്ലാവരും നടന്‍ തിലകനെ ഇപ്പോള്‍ ഓര്‍ക്കുന്നു. ജീവനോടെ ഇല്ലെങ്കിലും പടനയിക്കുന്നത് അദ്ദേഹമാണ്?

തിലകന്‍ ചേട്ടന് വേണ്ടി ഇപ്പോള്‍ ഓരോരുത്തര്‍ ചാടി വീഴുന്നത് കാണുമ്പോള്‍ ഇപ്പോഴാണോ നിനക്കിതൊക്കെ തോന്നുന്നതെന്ന് സത്യത്തില്‍ എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങായി' എന്ന ചിത്രം കലാഭവന്‍ മണിയുടെ ഒരു ബയോപിക് ആണ് എന്ന് കരുതുന്നവരുണ്ട്. കലാഭവന്‍മണി എന്ന് പറയുന്നത് സിനിമാനടന്‍ അതിലുണ്ട്, ഇല്ലെന്നല്ല. കലാഭവന്‍ മണി എന്ന നടന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളസിനിമയില്‍ നിലനില്‍ക്കുന്ന ജാതിയതയാണ് ഈ സിനിമ വിവരിക്കുന്നത്.

ഒരു ദളിത് കലാകാരന്‍, അവന്‍ അവിടെ നിന്ന് ഉയര്‍ന്നു വരുമ്പോള്‍ വലിയ വിപ്ലവം പറയുന്നവര്‍ പോലും ആ കലാകാരനെ പുച്ഛത്തോടെ മാത്രമേ കാണുകയുള്ളൂ. അത്തരമൊരു കഥാപാത്രമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഒരു ദളിത് കലാകാരന്റെ കഥയാണ് ചാലക്കുടിക്കാരന്‍ ചങ്ങായി.

അപ്പോള്‍ കലാഭവന്‍ മണി?

കലാഭവന്‍ മണിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ ആയതിനാല്‍ ആ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. ആദ്യകാലങ്ങളില്‍ കലാഭവന്‍ മണി നായകനായപ്പോള്‍ നായികയെ അന്വേഷിച്ചു നടന്ന അനുഭവവും അന്നു മനസിലാക്കിയ പല കാര്യങ്ങളുണ്ട്. പണ്ട് തിലകന്‍ ചേട്ടന്‍ മലയാളസിനിമയില്‍ ജാതിയുണ്ട് ജാതിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഇല്ല ചേട്ടാ, അതൊക്കെ ചേട്ടന് വെറുതെ തോന്നുന്നതാണ് എന്നു ഞാന്‍ പറഞ്ഞിരുന്നു. എന്റെ മനസ്സില്‍ ഇങ്ങനെ ജാതീയമായ ഒരു വിവേചനത്തെ സംബന്ധിച്ച് അറിവില്ലാതിരുന്നതിനാലാകണം ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് തോന്നുന്നു.

മലയാള സിനിമയില്‍ ജാതിയുണ്ടല്ലേ?

എന്റെ മനസ്സില്‍ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നതിനാലും എന്റെ സുഹൃത്തുക്കളെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ലാത്തതിനാലുമാണ് തിലകന്‍ ചേട്ടനോട് ഇങ്ങനെ പറഞ്ഞത്. ഇക്കാര്യങ്ങള്‍ പറഞ്ഞത് പലപ്പോഴും തിലകന്‍ ചേട്ടനുമായി അഭിപ്രായവ്യത്യാസം തന്നെയുണ്ടായിട്ടുണ്ട്. 'നിനക്ക് അറിയാന്‍ വയ്യ, അവര്‍ ചിന്തിക്കുന്നത് പോലും ജാതീയതയുമായിട്ടാണ്' എന്ന് തിലകന്‍ ചേട്ടന്‍ പറയുമ്പോഴും എന്താണ് ചേട്ടാ, അങ്ങനെയൊന്നുമല്ല എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. പുള്ളിയുടെ വിലക്ക് സമയത്തൊക്കെ കൂടെ നടന്നപ്പോഴെല്ലാം ഇക്കാര്യങ്ങള്‍ പറഞ്ഞത് തെറ്റിയിട്ടുണ്ട്.

അപ്പോഴെല്ലാം എന്റെ മനസ്സിന്റെ എവിടെയോ, ചേട്ടന്‍ പറഞ്ഞത് ശരിയല്ലേ, അതുകൊണ്ടല്ലേ മണിക്ക് നായികയെ തപ്പി നടന്നത്? അതല്ലാതെ, മണി എന്ന കറുത്ത നായകന്റെ കൂടെ അഭിനയിക്കില്ല എന്ന് മാത്രമല്ല ജാതിയില്‍ കുറഞ്ഞ നായകന്റെ കൂടെ അഭിനയിക്കില്ല എന്ന് എവിടെയൊക്കെയോ എനിക്കും അനുഭവപ്പെട്ടിരുന്നു. എനിക്കറിയാമായിരുന്നു അത്, എന്നാല്‍ ഞാന്‍ അതു മറയ്ക്കാനാണ് ശ്രമിച്ചത്. അത്തരം ജാതിയ ചിന്തകള്‍ മലയാള സിനിമയില്‍ ഉണ്ട്. അത് മറച്ചു വെച്ചിട്ട് കാര്യമില്ല, അത് സത്യമാണ്.

തിലകന്‍ ചേട്ടന്‍ ജാതിയെ പറ്റി കൂടുതല്‍ വ്യക്തമാക്കിയിരുന്നോ?

വരേണ്യ വര്‍ഗ്ഗത്തിന്റെ ഒരു കളി ഇവിടെയുണ്ട് എന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെയും ലാലിനെയും തെറ്റിച്ചത് പോലും ഈ വരേണ്യവര്‍ഗ്ഗ കൂട്ടമാണ്. ലാല്‍ എന്നെ എത്രയധികം സ്‌നേഹിച്ചിരുന്ന ആളാണ് എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരുകാര്യവുമില്ലാതെ തിലകന്‍ ചേട്ടനെ പോലെ ഒരാള്‍ അങ്ങനെയൊക്കെ പറയുമോ? അദ്ദേഹം മദ്യപിച്ച് മദോന്മത്തനായി നടക്കുന്ന ഒരാള്‍ ഒന്നുമല്ലല്ലോ. സാമ്പത്തികത്തിന്റെയും ജാതിയുടെയും ഒക്കെ പേര് പറഞ്ഞു ഓരോ ലോബികള്‍ ഉണ്ടാക്കുക, ലോബികള്‍ ബലപ്പെടുത്തി സിനിമയിലെ പ്രബലന്മാരായ നില്‍ക്കുക എന്നുള്ള ഒരു തന്ത്രം നമ്മളൊക്കെ കലാകാരന്മാരെന്നു വിശേഷിപ്പിക്കുന്ന ഏറ്റവും ജനാധിപത്യം ഉള്ളവരായിരിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്നു എന്നുള്ളത് സത്യമാണ്. അതിനു വേണ്ടി ഏത് രീതിയില്‍ മുന്നോട്ടു പോകുവാനും അവര്‍ തയ്യാറായിരുന്നു.

ദിലീപാണോ അന്നും പ്രശ്‌നത്തിനു കാരണം?

ഈ മാക്ട ഫെഡറേഷന്‍ എന്ന് പറയുന്ന മലയാളത്തിന്റെ ആദ്യത്തെ തൊഴിലാളി സംഘടന, അത് എന്തുമായിക്കോട്ടെ അതിന്റെ പതനം എവിടെയായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. തുളസിദാസ് ദിലീപ് വിഷയത്തില്‍ ദിലീപിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിലൊരു കഥയുണ്ടാക്കി വിനയന്‍ ഏകാധിപതിയാണ് ഇവിടെ ഭയങ്കര കുഴപ്പക്കാരനാണ് എന്നൊക്കെയും അവര്‍ സൃഷ്ടിച്ചെടുത്തു. അന്നും ഞാന്‍ ശക്തമായി നിലപാട് എടുത്തു. ഞാന്‍ വേണമെങ്കില്‍ മാക്ട ഫെഡറേഷനില്‍ നിന്ന് ഒഴിവായി തരാം നിങ്ങള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ വരൂ എന്നും ഞാന്‍ പറഞ്ഞു.

ദിലീപതിന് അന്ന് ശക്തനല്ലല്ലോ?

ദിലീപ് അന്നത്ര ശക്തന്‍ അല്ലായിരുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. 'അമ്മ' എന്ന താരസംഘടന ഏറ്റവും നോട്ടപ്പുള്ളിയായി വെച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. മാക്ട വഴിയാണ് ദിലീപും ഉണ്ണികൃഷ്ണനും ശക്തമാകുന്നത്. ഞാന്‍ കാരണമാണ് അവരങ്ങനെ ആകുന്നത്. 2004 ല്‍ അമ്മയും ഫിലിം ചേംബറുമായി ഒരു ഇഷ്യൂ ഉണ്ടായിരുന്നു. ഫിലിം ചേംബര്‍ ഒരു സമരത്തിലേക്ക് കടന്നിരുന്നു സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള നായകന്മാര്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കണമെന്ന് ഫിലിംചേംബര്‍ പറഞ്ഞിരുന്നു. ഡേറ്റിന്റെ കാര്യത്തിലും അഡ്വാന്‍സിന്റെ കാര്യത്തിലുമുള്ള ഒരു ധാരണയായിരുന്നു എഗ്രിമെന്റിലൂടെ ആവശ്യപ്പെട്ടത്.

അന്നത്തെ കാലം ഈ സൂപ്പര്‍ താരങ്ങളുടെ ഒരു ഏറ്റവും സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്ന് പറയാം. 50 ലക്ഷം രൂപ വരെയാണ് ഒരു ഡേറ്റ് നല്‍കി അഡ്വാന്‍സ് വാങ്ങുന്നത്. കുറച്ചുകഴിയുമ്പോള്‍ വേറെ ആരെങ്കിലും 75 ലക്ഷം അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായാല്‍, ആദ്യത്തെ കഥ കൊള്ളില്ല എന്നെല്ലാം എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞു മുടക്കുകയും ചെയ്യുന്ന ഒരു സ്ഥിരം പ്രവണതയുണ്ടായിരുന്നു. അതായത് ഈ താരങ്ങളുടെ അപ്രമാദിത്വപരമായ ഒരു കാലമായിരുന്നു അത്. ഇത്തരം സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സിനിമയെ സ്‌നേഹിക്കുന്ന കുറച്ചു നല്ല നിര്‍മ്മാതാക്കള്‍ എഗ്രിമെന്റ് വേണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. എന്റെ നിലപാട് ഞാന്‍ തുറന്നു പറയുകയും നാനയിലോ മറ്റോ അതു അച്ചടിച്ചു വരികയും ചെയ്തിരുന്നു. അഡ്വാന്‍സ് വാങ്ങി ഡേറ്റ് ഫിക്‌സ് ചെയ്തു കഴിയുമ്പോള്‍ എഗ്രിമെന്റ് വയ്ക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഞാനതില്‍ ചോദിച്ചിരുന്നു.

ചേംബര്‍ ഒരു ഭാഗത്തും അമ്മ മറുഭാഗത്തുമായി സമരം നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഒരു സൂപ്പർ സ്റ്റാർ എന്നെ വിളിച്ചിട്ട് പറയുന്നു- വിനയാ, ഇന്ന് ഗോകുലം പാര്‍ക്കില്‍ ഒരു മീറ്റിംഗ് ഉണ്ട്, താങ്കള്‍ അതില്‍ പങ്കെടുക്കണം. കാരണം എല്ലാ സംവിധായകരും താരങ്ങളുടെ കൂടെയാണ് നില്‍ക്കുന്നതെന്ന്!

അപ്പോള്‍ ഞാന്‍ പറഞ്ഞു, ക്ഷമിക്കണം, കാരണം ഞാന്‍ അപ്പുറത്ത് കൈ കൊടുത്തു പോയി. എഗ്രിമെന്റ് വേണമെന്നുള്ളതാണ് എന്റെ അഭിപ്രായം എന്ന് ഞാന്‍ ആവര്‍ത്തിച്ചു. അപ്പോള്‍ ചിരിച്ചുകൊണ്ട് ഓക്കെ ഓക്കെ എന്നുപറഞ്ഞ് വിട്ടെങ്കിലും ഇവരുടെ ഉള്ളില്‍ അത് കിടപ്പുണ്ടായിരുന്നു എന്ന് ഞാന്‍ പിന്നിടാണ് മനസിലാക്കുന്നത്.

പിന്നീടങ്ങ് മുഴന്‍ പ്രതികാരമായിരുന്നോ?

ഇവരുടെ ഉള്ളില്‍ ഞാന്‍ മാത്രമായി എതിരു നില്‍ക്കുന്നു എന്നൊരു ചിന്തയുണ്ടാക്കി. ഞാന്‍ എതിര് നില്‍ക്കുവാന്‍ കാരണം തിലകൻ ചേട്ടന്റെ ഒരു വിഷയവും ഉണ്ട്. ഇതിന് ഒരു എഗ്രിമെന്റ് വേണമെന്ന് ശക്തമായ അഭിപ്രായം തന്നെയായിരുന്നു തിലകന്‍ ചേട്ടനും ഉയര്‍ത്തിയിരുന്നത്. ഞാന്‍ ചോദിച്ചു ചേട്ടാ എന്താണ് കാര്യം? അദ്ദേഹം മറുപടി പറഞ്ഞു എനിക്ക് ഒരു അനുഭവമുണ്ടായി. എന്തൊക്കെ പറഞ്ഞാലും ഡേറ്റും സമയവും കൃത്യമായി പാലിക്കുന്ന തിലകന്‍ ചേട്ടന്‍ സ്വന്തം അനുഭവം പറഞ്ഞു. ഞാന്‍ ഏതെങ്കിലും ഒരു താരത്തിന്റെ അച്ഛനായി അഭിനയിക്കാനുള്ള ഡേറ്റ് കൊടുക്കുകയും അവര്‍ ഈ ചിത്രം മറ്റ് എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയും ചെയ്യുമ്പോള്‍ സിനിമയാണ് നീളുന്നത്. ഉദാഹരണത്തിന് മറ്റാരെങ്കിലും കൂടുതല്‍ അഡ്വാന്‍സ് നല്‍കുമ്പോള്‍ നിര്‍മാതാവ് താരത്തെ കണ്ടിട്ടും എഴുന്നേറ്റുനിന്നില്ല എന്നൊക്കെ പറഞ്ഞു സിനിമയില്‍ നിന്നും ഒഴിവാക്കാറുണ്ട്. അപ്പോള്‍ പ്രൊഡ്യൂസര്‍ പതുക്കെ വന്നിട്ട് പറയും ചേട്ടാ സിനിമ നമുക്ക് അടുത്ത ജനുവരിയിലേക്ക് മാറ്റാം എന്നൊക്കെ. ശരിയായി ഷെഡ്യൂള്‍ ചെയ്തു ഡേറ്റ് നല്‍കുന്നവര്‍ക്ക് ഒന്നോ രണ്ടോ മാസം സിനിമ ഇല്ലാതാകുകയും ചെയ്യും. ഞാന്‍ കറക്ടായിട്ട് ഷെഡ്യൂള്‍ കൊടുക്കുകയും ഒടുവില്‍ എനിക്ക് സിനിമ ഇല്ലാതാവുകയും ചെയ്യും എന്നാണ് തിലകന്‍ ചേട്ടന്‍ പറഞ്ഞത്.

അദ്ദേഹം എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് തീര്‍ച്ചയായിട്ടും ഒരു വലിയ മാറ്റം വേണം. സൂപ്പര്‍താരങ്ങളുടെ ഡേറ്റ് സംബന്ധിച്ച ഒരു എഗ്രിമെന്റ് ഉണ്ടാവേണ്ടതുണ്ട്. അത് മറ്റുള്ളവരെക്കൂടി ബാധിക്കുന്ന ഒരു കാര്യമാണ് തിലകന്‍ ചേട്ടന്‍ എടുത്ത നിലപാടുകളും എന്റെ തീരുമാനത്തിന് കാരണമായി. അദ്ദേഹം പറയുന്നതില്‍ ന്യായമുണ്ട് എന്ന് എനിക്കും തോന്നിയിരുന്നു. ഞങ്ങളുടെ ആവശ്യമാണിത്. സൂപ്പര്‍താരങ്ങളുടെ ഡേറ്റ് സംബന്ധിച്ച ഒരു എഗ്രിമെന്റ് ഉണ്ടാകണം. ഇല്ലെങ്കില്‍ താഴെത്തട്ടിലുള്ള കലാകാരന്മാര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്.

പൃഥിരാജും സത്യം സിനിമയും ഇക്കാലത്തല്ലേ?

അങ്ങനെ എന്നെ വിലക്കാന്‍ കൂട്ടുനിന്ന പ്രൊഡ്യൂസര്‍മാര്‍ ഒക്കെതന്നെ, അതില്‍ സിആര്‍ പ്രകാശും സാഗാ അപ്പച്ചനും സാജന്‍ വര്‍ഗീസ് എല്ലാം വീട്ടില്‍ വന്നു കണ്ടിരുന്നു. ഞാന്‍ വലിയ ആളൊന്നുമല്ല എങ്കില്‍ പോലും എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ഒരാളായിരുന്നു. അങ്ങനെയാണ് ഞാന്‍ 'സത്യം' എന്ന ചിത്രമെടുക്കുന്നത്. പൃഥ്വിരാജ് തിലകന്‍ ചേട്ടന്‍ ബാബുരാജ് ലാലു അലക്‌സ് ക്യാപ്റ്റന്‍ രാജു എന്നിവരെയും തമിഴില്‍ നിന്നും പ്രിയാ മണിയെയും മറ്റു കലാകാരന്മാരെയും കൊണ്ടുവന്നിട്ട് സത്യം എന്ന സിനിമ ചിത്രം ചെയ്യുന്നത്. താരങ്ങള്‍ സമരം ചെയ്തു സിനിമ മുടങ്ങിയിരിക്കുന്ന സമയത്താണ് ഞാനപ്പോള്‍ സിനിമ ഷൂട്ട് ചെയ്തു റിലീസ് ചെയ്തത്. അതോടുകൂടി സമരം പൊളിഞ്ഞു പോയി, അവര്‍ എതിരിടാന്‍ തയ്യാറായി. അന്നുമുതല്‍ക്കാണ് വിനയന്‍ എന്ന് പറയുന്ന ആളെ ഏറ്റവും വലിയ ശത്രുവായി ഇവരെല്ലാം ഉള്ളിനുള്ളില്‍ കരുതുന്നത്. ഇവനെ വെറുതെ വിട്ടാല്‍ പറ്റില്ല എന്നിവര്‍ക്കെല്ലാം തോന്നി. ഒരു സൂപ്പർ സ്റ്റാറിനായിരുന്നു ഏറ്റവുമധികം ദേഷ്യം. അന്ന് അവരുടെ ഉള്ളില്‍ ഒക്കെയും ദേഷ്യം ഉണ്ടെങ്കില്‍ പോലും ഒരു ക്രിമിനല്‍ സ്വഭാവം ഇല്ലായിരുന്നു. ഡേറ്റ് കൊടുക്കില്ല എന്നുള്ള കാര്യങ്ങളൊക്കെ രഹസ്യമായി സംസാരിക്കും എന്നല്ലാതെ, ഇവരെ കൊന്നിട്ടേ അടങ്ങത്തുള്ളൂ എന്നുള്ള തരത്തിലെ പോക്ക് ഒന്നും അന്നില്ലായിരുന്നു.

പൃഥിരാജൊക്കെ ആ സംഭവത്തില്‍ മാപ്പുപറഞ്ഞല്ലേ?

ഒടുവില്‍, പൃഥ്വിരാജ്, ബാബുരാജ്, ലാലു അലക്‌സ് ഒക്കെ മാപ്പ് പറഞ്ഞു തിരിച്ചു കയറിയപ്പോഴും തിലകന്‍ ചേട്ടന്‍ മാത്രം പോടാ പുല്ലെന്ന നിലപാടെടുത്തു. അദ്ദേഹം മാപ്പു പറയാന്‍ തയ്യാറായില്ല. അതിന്റെ വൈരാഗ്യവും അദ്ദേഹത്തോട് ഉണ്ടായിരുന്നതാണ് കാലക്രമേണ ഉരുണ്ടുകൂടി ഉരുണ്ടുകൂടി വല്ലാത്ത രീതിയിലേക്ക് മാറിയത്. 2004 ലെ ആ പ്രശ്‌നമാണ് വളര്‍ന്നു വളര്‍ന്ന് ഈ പരുവത്തിലായത്. ദിലീപ് ഒരു സൂപ്പര്‍താരവും അതോടെ ഉദയംചെയ്തു. എന്റെ ഏഴോ എട്ടോ ചെയ്തിട്ടുള്ള ആളാണ്. പഞ്ചാബി ഹൗസ് അടക്കമുള്ള ചിത്രങ്ങള്‍ ഹിറ്റായി മാറുകയും അദ്ദേഹം സൂപ്പര്‍താരം ആയി ഉയരുകയും ചെയ്തു.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലേക്ക് ദിലീപ് അഡ്വാന്‍സ് വാങ്ങി, അതു കഴിഞ്ഞു ഇത് ചെയ്യാന്‍ പാടില്ല അതു ചെയ്യാന്‍ പാടില്ല എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞു അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തെറ്റി. ഒടുവില്‍ ജയസൂര്യയയെ വച്ച് സിനിമ ചെയ്തു. വെറും നിസ്സാരകാര്യങ്ങളാണ്അവന്റെ ഈഗോ പോലെ. അടുത്ത സിനിമ നമുക്ക് ഒരുമിച്ചു ചെയ്യാം എന്ന് പറഞ്ഞു പിരിയുമ്പോഴും അവന്റെ മനസില്‍ അതൊക്കെ മാറാതെ കിടപ്പുണ്ടായിരുന്നു. അതു ഞാന്‍ അറിയുന്നുമില്ല. അടുത്ത ചിത്രത്തിനായി വിളിക്കുമ്പോള്‍ ഇപ്പോള്‍ ഡേറ്റ് ഇല്ല പിന്നീടാകട്ടെ എന്നൊക്കെ ചിരിച്ചു കൊണ്ട് പറയുമെങ്കിലും ഉള്ളിനുള്ളില്‍ ഇവന് വൈരാഗ്യമുണ്ടായിരുന്നു എന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. ഇവന് ഒരു പണി കൊടുക്കണം എന്ന് തന്നെ കരുതിയാണ് ഇവന്‍ പെരുമാറിയത്.

(സംവിധായകന്‍ സിദ്ധിക്കിന്റെ വീട്ടുകാരെ പറ്റി വിനയന്‍ മോശമായി സംസാരിച്ചു എന്ന നുണ പ്രചരിപ്പിച്ച് ആ രാത്രി വൈറ്റ്‌ഫോര്‍ട്ട് ഹോട്ടലില്‍ സംഭവിച്ചത് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്ത്)


Read More >>