സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് മലയരയ നേതാവ് പികെ സജീവ്

"വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യാനല്ല നമ്മൾ ശ്രമിക്കേണ്ടത്. ആ അഭിപ്രായങ്ങളെ നമ്മൾ ഉൾകൊള്ളുകയും ആശയപരമായി അതിനെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്"

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് മലയരയ നേതാവ് പികെ സജീവ്

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം കേരളത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണെന്ന് ഐക്യ മലഅരയ മഹാസഭ ജനറൽ സെക്രട്ടറി പി കെ സജീവ്. ഇത്തരത്തിലുള്ള ആക്രമണം തങ്ങളുടെ സമൂഹത്തിനെതിരേയും ഉണ്ടാകുമെന്ന ധാരണ തങ്ങൾക്കുണ്ടെന്നും പികെ സജീവ് നാരദ ന്യൂസിനോട് പറഞ്ഞു

"വ്യത്യസ്തമായ അഭിപ്രായങ്ങളെ സ്വീകരിക്കുന്നവരാണ് നമ്മൾ. ശ്രീ ശങ്കരാചാര്യൻ വ്യത്യസ്ത അഭിപ്രായവുമായി വന്നയാളാണ്. അതാണ് അദ്വൈത സിദ്ധാന്തം. അത് കാലടി മുതൽ ഹിമാലയം വരെ നടന്ന് ആശയ പ്രകടനം നടത്തി. ഒരിടത്ത് നിന്നുപോലും അദ്ദേഹത്തിന് എതിരായ പ്രതിഷേധങ്ങൾ ഉണ്ടായില്ല. അത്തരത്തിലുള്ള നമ്മുടെ കേരളത്തിന് കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്"- പികെ സജീവ് പറഞ്ഞു.

വ്യത്യസ്ത അഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നതെന്നും അതിനാൽ തന്നെ തങ്ങൾക്കെതിരെയും അക്രമണ സാധ്യത ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

"വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യാനല്ല നമ്മൾ ശ്രമിക്കേണ്ടത്. ആ അഭിപ്രായങ്ങളെ നമ്മൾ ഉൾകൊള്ളുകയും ആശയപരമായി അതിനെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ സംസ്ഥാനവും രാജ്യവുമെല്ലാം വ്യത്യസ്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങകളും ആചാരങ്ങളും പരമ്പര്യവുമൊക്കെയുള്ളവരാണ്. അങ്ങനെയുള്ളവർക്കും ഈ ലോകത്ത് ജീവിക്കണം. മനുഷ്യനെതിരെയാണ് ആക്രമണങ്ങൾ നടക്കുന്നത്. മനുഷ്യനെതിരെ മനുഷ്യൻ പ്രവർത്തിക്കുന്നതിൽ അതിശക്തമായി അപലപിക്കുകയാണ്"- പികെ സജീവ് പറഞ്ഞു.

ഇന്നലെ പുലർച്ചെ രണ്ട് മണിയോട് കൂടെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ അതിക്രമിച്ചു കടന്ന ആക്രമികൾ പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും സ്കൂട്ടറും കത്തിച്ചത്. ആക്രമണത്തിന് ശേഷം ആശ്രമത്തിന് മുൻപിൽ റീത്ത് വെക്കുകയും ചെയ്തു. ആക്രമത്തിൽ ബിജെപിക്കും പന്തളം കുടുബത്തിനും ബന്ധമുണ്ടെന്ന് സന്ദീപാനന്ദ ഗിരി ആരോപിച്ചിരുന്നു

Read More >>