രോഗശാന്തി പോലും കാശുണ്ടാക്കാനുള്ള വഴി; ദരിദ്രരെ ഊറ്റുന്ന ജോൺ താരുവിന്റെ സമ്പാദ്യ വഴികൾ

ജോൺ താരുവിന്റെ ടെലിവിഷൻ സുവിശേഷ പരിപാടിയും സ്‌പോൺസർഷിപ്പ് തന്നെയാണ്. ഇതിനുള്ള പണവും വിശ്വാസികളിൽ നിന്ന് തന്നെയയാണ് ജോൺ താരു ഈടാക്കുന്നത്.

രോഗശാന്തി പോലും കാശുണ്ടാക്കാനുള്ള വഴി; ദരിദ്രരെ ഊറ്റുന്ന ജോൺ താരുവിന്റെ സമ്പാദ്യ വഴികൾ


നാരദാ ഇൻവെസ്റ്റിഗേഷനിലൂടെ പുറത്ത് വന്ന വിദേശ പണ ഇടപാടുകൾ മാത്രമല്ല ജോൺ താരുവിന്റെ സമ്പാദ്യവഴി. പതിവ് രോഗശാന്തിക്കാർ കാണിക്കാത്ത തരം നവീന രീതിയിലൂടെ വിശ്വാസികളെ പറ്റിച്ച് പണം കൈക്കലാക്കുന്ന രീതിയാണ് ഇത്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ടീം ലീഡേഴ്സിനെ ഉപയോഗിച്ച് എത്തിക്കുന്ന ദരിദ്രരും നിരാലംബരും രോഗികളുമായ ആളുകളാണ് ജോൺ താരുവിന്റെ പ്രധാന ഇരകൾ. ഇവർക്ക് രോഗശാന്തിയുണ്ടായതായും പ്രശ്നപരിഹാരമുണ്ടായത് പ്രാര്ഥനയിലൂടെയാണെന്നും തെറ്റിദ്ധരിപ്പിച്ച് അവരുടെ കയ്യിൽ നിന്നും ചില്ലറകൾ പോലും തട്ടിയെടുക്കും. ആഴ്ചതോറും നടക്കുന്ന പ്രാർത്ഥനാ പരിപാടികൾ ഇതിനുള്ള വേദി കൂടിയാണ്.

ആദ്യകാലത്ത് ഒരേ ആളുകളെ തന്നെ വിവിധ വേദികളിൽ അവതരിപ്പിച്ചു കൊണ്ട്, അവരെ പല പല അസുഖങ്ങൾക്ക് വീണ്ടും വീണ്ടും സൗഖ്യപ്പെടുത്തിക്കൊണ്ടായിരുന്നു ജോൺ താരുവിന്റെ ദിവ്യാത്ഭുത കലാപരിപാടി. എന്നാൽ ഇപ്പോൾ വിശ്വാസികളെ മനഃശാസ്ത്രപരമായി തെറ്റിദ്ധരിപ്പിച്ച് കാശ് പിഴിയുകയാണ്. ദീർഘകാലമായി ചികിത്സയിലിരിക്കുന്നവരോ, സ്വാഭാവികമായി തന്നെ മാറാനിടയുള്ള രോഗമുള്ളവരെയോ, താത്കാലിക ശമനം അനുഭവപ്പെടുന്നവരെയോ രോഗശാന്തിയുണ്ടായതായി തെറ്റിദ്ധരിപ്പിക്കും. തുടർന്ന് ഇവരുടെ നിത്യവരുമാനത്തിൽ നിന്നും ഒരു വിഹിതം സ്ഥിരമായി ഊറ്റിക്കൊണ്ടിരിക്കും. തിരുവനന്തപുരം ജില്ലയിൽ നിന്നുതന്നെയുള്ള ജോൺ താരുവിന്റെ ഒരു ടീം ലീഡർ കഴിഞ്ഞ ജൂലൈ മാസത്തിൽ കാൻസറും തുടർന്നുണ്ടായ മഞ്ഞപ്പിത്തവും മൂലം മരണപ്പെട്ടിരുന്നു. ഇവരും ഇത്തരത്തിൽ രോഗശാന്തിയുണ്ടായതായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ജോൺ താരുവിന് പണം നല്കിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു.

പ്രാർത്ഥിച്ച് ജോലി കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത വിഹിതം സ്ഥിരമായി വാങ്ങുന്ന രീതിയും ഇവിടെയുണ്ട്. തീർത്തും ദരിദ്രമായ സാഹചര്യത്തിൽ നിന്നും വരുന്ന പതിനായിരം രൂപ മാസവരുമാനമുള്ള സെയിൽസ് മാൻ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ ഒരു യുവാവ് 2500 രൂപയോളമാണ് പ്രാർത്ഥനയ്ക്ക് കൂലിയായി പ്രതിമാസം ജോൺ താരുവിന് നൽകി വരുന്നത്.

ജോൺ താരുവിന്റെ ടെലിവിഷൻ സുവിശേഷ പരിപാടിയും സ്‌പോൺസർഷിപ്പ് തന്നെയാണ്. ഇതിനുള്ള പണവും വിശ്വാസികളിൽ നിന്ന് തന്നെയയാണ് ജോൺ താരു ഈടാക്കുന്നത്. എന്തെങ്കിലും ഒരു കാര്യം നേടാനുണ്ടെങ്കിൽ പ്രാർത്ഥന എന്ന നിലയിലാണ് എപ്പിസോഡുകൾ സ്പോൺസർ ചെയ്യേണ്ടത്. എപ്പിസോഡുകളുടെ തുടക്കത്തിൽ ഇവരുടെ പേര് എഴുതിക്കാണിച്ച് പ്രത്യേക പ്രാര്ഥനയുണ്ടാകുമെന്നതാണ് ഓഫർ. നിരവധി ദരിദ്രരും മധ്യവർഗ്ഗക്കാരുമായ വ്യക്തികളാണ് പതിനായിരക്കണക്കിന് രൂപ നൽകി ജോൺ താരുവിന്റെ 'പിആർ' പരിപാടി മുടക്കമില്ലാതെ നടത്തുന്നത്.

Read More >>