സാമ്പത്തിക ഇടപാടിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിട്ട് ജോൺ താരു

ജോൺ താരുവിന്റെ അഞ്ചൽ ടൗണിലെ വസ്തു, കഴക്കൂട്ടത്തെ ബംഗ്ളാവ്, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിവരികയാണ്.

സാമ്പത്തിക ഇടപാടിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിട്ട് ജോൺ താരു

അതിസമ്പന്നരായ അമേരിക്കൻ എൻആർഐ മലയാളികൾ താമസിക്കുന്ന കഴക്കൂട്ടം അശ്വതി ഗാർഡൻസിൽ ജോൺ താരു സ്വന്തമാക്കിയത് 3500 സ്കയർ മീറ്റർ വലിപ്പമുള്ള ഒരു ആഡംബര ബംഗ്ളാവാണ്. തന്റെ ഭക്തനായ ഒരു അമേരിക്കൻ എൻആർഐ മലയാളി തനിക്ക് സൗജന്യമായാണ് ഈ വീട് നൽകിയതെന്ന് ജോൺ താരു നാരദയുടെ രഹസ്യ ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിക്കഴിഞ്ഞു. ജോൺ ടൈറ്റസ് എന്ന അമേരിക്കൻ മലയാളി സമ്പന്ന ബിസിനസുകാരനിൽ നിന്നുമാണ് ഈ 'തേക്ക് കൊട്ടാരം' ജോൺ താരു സ്വന്തമാക്കിയത്. വീടിന്റെ ഇന്റീരിയറും ഫർണിച്ചറും പൂർണമായി തേക്കിൽ പണി കഴിപ്പിച്ച ഈ ആഡംബര ബംഗ്ളാവിന് വെറും 65 ലക്ഷം രൂപമാത്രമാണ് രജിസ്‌ട്രേഷൻ ഡോക്യൂമെന്റുകളിൽ കാണിച്ചിട്ടുള്ളത്.

ഈ വീടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശികളായ ചിലർ കഴിഞ്ഞ ഫെബ്രുവരിയിൽ കഴക്കൂട്ടം എസിപി ആയിരുന്ന വിദ്യാധരന് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് വിദ്യാധരൻ നടത്തിയത്. ജോൺ താരുവിനെ നേരിട്ട് വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും വീടുമായും വീടുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള രേഖകൾ ശേഖരിക്കുകയും ചെയ്തു. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടന്നത് വിദേശത്താണെന്നും അതുകൊണ്ടു തന്നെ കേന്ദ്ര ഏജൻസി തന്നെ ഈ കേസ് അന്വേഷിക്കണമെന്നും കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് ഇദ്ദേഹം റിപ്പോർട്ട് നൽകി. എന്നാൽ ഈ പരാതിയും ഫയലും 'ദിവ്യാത്ഭുതം' പോലെ അപ്രത്യക്ഷ്യമായി. തുടർന്ന് വിദ്യാധരനെ കഴക്കൂട്ടത്ത് നിന്ന് കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

തുടർന്ന് പരാതിക്കാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമീപിക്കുകയും ജോൺ താരുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അവർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജോൺ താരുവിന്റെ അഞ്ചൽ ടൗണിലെ വസ്തു, കഴക്കൂട്ടത്തെ ബംഗ്ളാവ്, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിവരികയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ജോൺ താരുവിലേക്ക് ഹവാല ഇടപാടുകാരെന്ന വ്യാജേന എത്തിയ നാരദാ ഇൻവെസ്റ്റിഗേഷൻ സംഘത്തെ നയിച്ചത് മുൻ നിയമസഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എൻ ശക്തനാണ്. താരുവിന് പല നിലയിൽ സഹായം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമായ 'വിവിഐപി ഭക്തർ' തിരുവനന്തപുരത്ത് ധാരാളമുണ്ട്.


Read More >>