നിയമങ്ങൾ കാറ്റിൽ പറത്തി ജോൺ താരുവിന്റെ 'നിലവറ ദിവ്യാത്ഭുത പരിപാടി'; അപകടത്തിലാക്കുന്നത് ആയിരത്തോളം ജീവനുകളെ

ചെറിയ ഒരു തീപ്പിടുത്തം ഉണ്ടാകുകയോ ഗ്യാസ് ചോർച്ച ഉണ്ടാവുകയോ ചെയ്‌താൽ പോലും ആയിരത്തോളം വരുന്ന ആളുകൾക്ക് ഇവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല.

നിയമങ്ങൾ കാറ്റിൽ പറത്തി ജോൺ താരുവിന്റെ നിലവറ ദിവ്യാത്ഭുത പരിപാടി; അപകടത്തിലാക്കുന്നത് ആയിരത്തോളം ജീവനുകളെ

സ്വയം പ്രഖ്യാപിത അപ്പോസ്തലൻ ജോൺ താരു തിരുവനന്തപുരം കഴക്കൂട്ടം ഗ്രീൻഫീൽഡ് ഓഡിറ്റോറിയത്തിൽ ദിവ്യാത്ഭുത രോഗശാന്തി പരിപാടി നടത്തുന്നത് നിയമങ്ങൾ കാറ്റിൽ പറത്തി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നിലവറയിലാണ് ജോൺ താരുവിന്റെ ദിവ്യാത്ഭുത പരിപാടി. പരിപാടികൾ നടത്താനോ ഓഫീസ്, കൊമേഴ്ഷ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ഈ സ്ഥലത്തിന് അനുമതിയില്ലെന്നിരിക്കെയാണ് ആയിരത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ജോൺ താരു ദിവ്യാത്ഭുത പരിപാടി നടത്തുന്നത്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ കെട്ടിടങ്ങളുടെ ചുമതലയുള്ള ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ എന്ന സ്ഥാപനവുമായി കോണ്ട്രാക്റ്റ് ഉണ്ടാക്കിയിട്ടാണ് ജോൺ താരു തന്റെ നിലവറ ധ്യാനം നടത്തുന്നത്.

തീരെ ചെറിയ വലിപ്പത്തിലുള്ള ഒരു വാതിൽ മാത്രമാണ് ഈ നിലവറക്കുള്ളത്. പുറത്ത് നിന്നും കൃത്യമായ വായുപ്രവാഹം ഉണ്ടാവാനുള്ള വഴികളോ, എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള എമർജൻസി എക്സിറ്റുകളോ ഇതിനില്ല. സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനത്തിന്റെയുൾപ്പെടെ എയര്കണ്ടീഷനിംഗ് സംവിധാനങ്ങളുടെ ഉപകരണവും ഈ നിലവറയിലാണ്. സ്റ്റേഡിയത്തിലെ പാചകമുറികളിലേക്കുള്ള ഗ്യാസ് കണക്ഷൻ, വൈദ്യുതി വിതരണ സംവിധാനം എന്നിവയും ഈ നിലവറയിൽ തന്നെയാണ്.

ചെറിയ ഒരു തീപ്പിടുത്തം ഉണ്ടാകുകയോ ഗ്യാസ് ചോർച്ച ഉണ്ടാവുകയോ ചെയ്‌താൽ പോലും ആയിരത്തോളം വരുന്ന ആളുകൾക്ക് ഇവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. നേരത്തെ ഇതുസംബന്ധിച്ച് കഴക്കൂട്ടം പൊലീസിന് പരാതി ലഭിക്കുകയും പരിപാടി നടക്കുമ്പോൾ പൊലീസ് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തിയ പൊലീസ് സംഘം ഇനി മുതൽ ഇവിടെ പരിപാടി നടത്തരുതെന്ന് അറിയിപ്പും നൽകി. എന്നാൽ കാര്യങ്ങൾ മുറപോലെ തുടരുകയാണ്. ഫയർഫോഴ്‌സ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി ലഭിച്ചെങ്കിലും ആരും നടപടി എടുക്കാൻ തയ്യാറല്ല. ജോൺ താരുവിന്റെ വിവിഐപി ഭക്തർ തന്നെ എല്ലാത്തിനും സംരക്ഷണം നൽകുകയാണ്.

ഹവാല ഡീലർമാരെന്ന വ്യാജേന സമീപിച്ച നാരദാ ഇൻവെസ്റ്റിഗേഷൻ സംഘത്തോട് കോടികണക്കിന് തുക കൈമാറാൻ തയ്യാറാണെന്ന് ജോൺ താരു സമ്മതിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പുറത്ത് വിട്ടിരുന്നു. ജോൺ താരുവിലേക്ക് വഴികാട്ടിയതും കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതും മുൻ നിയമസഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എൻ ശക്തനായിരുന്നു.


Read More >>