എഫ്‌സിആർഎ പ്രശ്നമല്ല, എത്ര കോടികളും ഇന്ത്യയിലെത്തിക്കാൻ തയ്യാർ; നാരദാ രഹസ്യ ക്യാമറയിൽ സ്വയം പ്രഖ്യാപിത അപ്പോസ്തലൻ ജോൺ താരു

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വിവിഐപികളുടെ പിന്തുണയോടെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാരും ആൾദൈവങ്ങളും നന്മ മരങ്ങളും നടത്തുന്ന വലിയ ഹവാലാ ഇടപാടുകളാണ് ജോൺ താരുവിലൂടെ നാരദ പുറത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.

എഫ്‌സിആർഎ പ്രശ്നമല്ല, എത്ര കോടികളും ഇന്ത്യയിലെത്തിക്കാൻ തയ്യാർ; നാരദാ രഹസ്യ ക്യാമറയിൽ സ്വയം പ്രഖ്യാപിത അപ്പോസ്തലൻ ജോൺ താരു


നിയമത്തിന്റെ പഴുതുകളിലൂടെ എത്ര കോടി രൂപവേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാമെന്ന് സ്വയം പ്രഖ്യാപിത അപ്പോസ്തലൻ ജോൺ താരു നാരദയുടെ രഹസ്യ ക്യാമറയിൽ. ജോൺ താരുവിലേക്ക് വഴി തുറന്നതും പരിചയപ്പെടുത്തിയതും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എൻ ശക്തൻ. കേന്ദ്ര സർക്കാരിന്റെ കനത്ത നിയന്ത്രണങ്ങളെയും നിരീക്ഷണത്തെയും മറികടന്നുകൊണ്ട് മത/ചാരിറ്റി സംഘടനകളും വ്യക്തികളും വഴി വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കോടികളുടെ പണം എത്തിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് നാരദാ ഇൻവെസ്റ്റിഗേഷനിലൂടെ പുറത്തു വരുന്നത്. സ്വതന്ത്ര ക്രിസ്ത്യൻ സഭാരംഗത്തെ അതികായനായ ജോൺ താരുവിലേക്ക് വ്യക്തമായ സൂചനകൾ ലഭിച്ചതിനെത്തുടർന്നാണ് നാരദാ ഇൻവെസ്റ്റിഗേഷൻ സംഘം അന്വേഷണം തുടങ്ങിയത്.

രണ്ടു പതിറ്റാണ്ടിന്റെ ഉള്ളിൽ മാത്രം സുവിശേഷ ചരിത്രമുള്ള ജോൺ താരു ഇന്ന് അതി സമ്പന്നനും ശക്തമായ വിശ്വാസിസമൂഹവുമുള്ള കരുത്തനാണ്. ഒരു സാധാരണ സ്റ്റേഷനറി കടയുടമയായ ജോൺ താരു അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങുകയും പിന്നീട് കൊല്ലം, തിരുവനന്തപുരം, ദുബായ്, ഷാർജ, അബുദാബി, അലൈൻ എന്നിവിടങ്ങളിക്ക് വ്യാപിക്കുകയായിരുന്നു. ടെലിവിഷൻ സുവിശേഷപ്രവർത്തനം, കേരളത്തിലുടനീളം ടെലിവിഷൻ വ്യൂവേഴ്സ് ഗ്രൂപ്പുകൾ, നേരിട്ട് പ്രവർത്തിക്കുന്ന രണ്ടായിരത്തിലധികം ഗ്രൂപ്പ് ലീഡേഴ്‌സ് എന്നിങ്ങനെ ജോൺ താരു സ്വതന്ത്ര ക്രിസ്ത്യൻ സഭാരംഗത്തെ ഒരു ശക്തമായ ബ്രാൻഡാണ്.

എല്ലാ തിങ്കളാഴ്ചയും കഴക്കൂട്ടം മേനംകുളത്തെ അശ്വതി ഗാർഡൻസിലെ തന്റെ ആഡംബര ബംഗ്ളാവിൽ ജോൺ താരു ഉണ്ടാവും. അന്നേ ദിവസം തിരുവനന്തപുരത്തെ വിവിഐപി ഭക്തർക്ക് നേരിൽ ദർശനം കൊടുക്കുന്ന ദിവസമാണ്. ജോൺ താരുവിലേക്കുള്ള വഴികൾ തുറക്കാൻ ഈ വിവിഐപി ഭക്തരിലൂടെ മാത്രമേ സാധിക്കൂ. അങ്ങനെയാണ് എൻ ശക്തനെ ഞങ്ങൾ സമീപിക്കുന്നത്.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണെന്ന വ്യാജേനെ വിശ്വാസമാർജിച്ചാണ് ശക്തനുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത്. മത സംഘടനകൾക്കോ വ്യക്തികൾക്കോ നൽകാനായി ഞങ്ങളുടെ കൈവശം പണം ഉണ്ടെന്നും, ആരെയെങ്കിലും നിർദേശിക്കണം എന്നും ആവശ്യപ്പെട്ടപ്പോൾ ശക്തൻ ജോൺ താരുവിനെയാണ് നിർദേശിച്ചത്. ജോൺ താരു അടുത്ത ദിവസം തന്റെ വീട്ടിൽ വരുമെന്നും ജോൺ താരുവുമായി സംസാരിച്ച് കാര്യങ്ങൾ ശരിയാക്കി തരാം എന്നും എൻ ശക്തൻ ഞങ്ങൾക്ക് ഉറപ്പു നൽകി.

ഏറെ വൈകാതെ എൻ ശക്തന്റെ ഫോൺ കോൾ ഞങ്ങളെ തേടിയെത്തി. കാര്യങ്ങൾ സംസാരിച്ചെന്നും ജോൺ താരുവിന് താത്പര്യമുണ്ടെന്നും ശക്തൻ അറിയിച്ചു. ജോൺ താരുവിന്റെ ഗ്രൂപ്പിലെ ആരുടെയെങ്കിലും കോണ്ടാക്റ്റ് നമ്പർ തരണമെന്നും അവരുമായി ബന്ധപ്പെട്ടോളാം എന്നും പറഞ്ഞപ്പോൾ ജോൺ താരുവിനെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കാനായിരുന്നു എൻ ശക്തന്റെ നിർദേശം. എൻ ശക്തൻ നൽകിയ ജോൺ താരുവിന്റെ നമ്പറിൽ ബന്ധപ്പെടുകയും നേരിട്ട് കാണാൻ അവസരം ഒരുക്കുകയും ചെയ്തു.

തുടർന്ന് കഴക്കൂട്ടം മേനംകുളത്തെ അശ്വതി ഗാർഡൻസിലെ ജോൺ താരുവിന്റെ ആഡംബര ബംഗ്ലാവിലേക്ക് ഞങ്ങൾ പോയി. ഏറെ ഉപചാരങ്ങളോ മുഖവുരകളോ ഇല്ലാതെ നേരിട്ട് ജോൺ താരു കച്ചവടം സംസാരിച്ചു തുടങ്ങി. സുവിശേഷ പ്രവർത്തനമൊന്നുമല്ല, ബിസിനസാണ് പ്രധാന മേഖല, മിഡിൽ ഈസ്റ്റിൽ തനിക്ക് പെട്രോളിയം ഉൾപ്പെടെ എല്ലാത്തരം ബിസിനസ്സുകളും ഉണ്ടെന്ന് ജോൺ താരു തുറന്നു പറഞ്ഞു. വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ ആവശ്യമായ എഫ്‌സിആർഎ താൻ തുടക്കം മുതലേ എടുത്തിട്ടില്ലെന്നും ഒരു എൻആർഐ അക്കൗണ്ട് ആണ് ഉപയോഗിച്ചു വരുന്നതെന്നും എല്ലാത്തരം ബിസിനസുകളും ചെയ്യുന്നതിനാൽ ഏതു ബിസിനസുമായി ബന്ധപ്പെട്ടും ഇന്ത്യയിലേക്ക് പണം കൈമാറാമെന്നും ജോൺ താരു ഉറപ്പിച്ചു പറഞ്ഞു.

ഞങ്ങൾ പ്രധാനമായും മൂന്നു ഡീലുകളാണ് മുന്നോട്ടു വച്ചത്. ആദ്യത്തേത് എഫ്‌സിആർഎ ഇല്ലാത്ത ജോൺ താരുവിന് വിദേശത്ത് നിന്നും പണം സംഭാവന നൽകാം എന്ന് പറഞ്ഞു. അത് സ്വീകരിക്കാൻ ജോൺ താരു തയ്യാർ. അതിൽ പ്രശ്നമൊന്നും ഇല്ലെന്നും അത് സ്വീകരിക്കുന്നതിന് തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നും ജോൺ താരു ഉറപ്പിച്ചു പറഞ്ഞു. എഫ്‌സിആർഎ ഇല്ലാത്തതൊന്നും തനിക്ക് വിഷയമല്ല. എത്ര ഫണ്ട് വന്നാലും സ്വീകരിക്കാൻ കഴിയും.

ജോൺ താരുവിന് ഒരു തുക വിദേശത്ത് വച്ച് സംഭാവന നൽകാം എന്നും, അതിന്റെ ഒരു നിശ്ചിത ശതമാനം ഇന്ത്യയിൽ വച്ച് ഞങ്ങൾക്ക് തരണമെന്നും ഉള്ളതായിരുന്നു രണ്ടാമത്തെ ഡീൽ. അതിനും ജോൺ താരു തയ്യാർ. പക്ഷേ കടലാസ് കമ്പനികൾ രൂപീകരിച്ച് ബിസിനസ് ഡീലുകൾ ഉണ്ടാക്കണം. ഇന്ത്യയിൽ പണം കൈമാറാൻ കുറച്ച് കാലതാമസം എടുക്കുമെന്ന് മാത്രമേ ഉള്ളൂ. നിയമത്തിന്റെ പഴുതുകളെക്കുറിച്ച് ജോൺ താരു വളരെയധികം ബോധ്യമുള്ളയാളാണ്.

മൂന്നാമത്തെ ഡീൽ വിദേശത്ത് നിന്നും നൂറുകണക്കിന് കോടി രൂപ ഇന്ത്യയിലെത്തിച്ച് വെളുപ്പിച്ചെടുക്കാൻ കഴിയുന്ന വലിയ പ്രോജക്ടാണ്. വിദേശത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ ഹവാല പണം ക്രൗഡ് ഫണ്ടിങ് ആയി നൽകാമെന്നും, കേരളത്തിൽ എവിടെയെങ്കിലും ഞങ്ങൾ തന്നെ ജോൺ താരുവിനായി നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്ക് പ്രതിഫലമായി ഞങ്ങൾ നിർദേശിക്കുന്ന ആളുകൾക്ക് ഇന്ത്യയിൽ വച്ച് പണം തിരികെ കൈമാറണം എന്നും ഞങ്ങൾ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എവിടെയെങ്കിലും നൂറേക്കർ സ്ഥലം വാങ്ങിത്തരാനും അവിടെ പടുകൂറ്റൻ കൺവെൻഷൻ സെന്റർ പണിഞ്ഞു തരാനുമായിരുന്നു ജോൺ താരു ആവശ്യപ്പെട്ടത്. വിദേശത്ത് നിന്ന് എത്ര കോടികൾ ക്രൗഡ് ഫണ്ടിങ് ആയി നൽകിയാലും ജോൺ താരു അത് ചർച്ച് അക്കൗണ്ട് വഴി ഇന്ത്യയിലെത്തിച്ച് ഞങ്ങൾക്ക് നൽകും!

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വിവിഐപികളുടെ പിന്തുണയോടെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാരും ആൾദൈവങ്ങളും നന്മ മരങ്ങളും നടത്തുന്ന വലിയ ഹവാലാ ഇടപാടുകളാണ് ജോൺ താരുവിലൂടെ നാരദ പുറത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.

Read More >>