റാന്‍സംവെയര്‍ ആക്രമണം റെയില്‍വേയിലും: പാലക്കാട് ഓഫീസില്‍ 25 കമ്പ്യൂട്ടറുകള്‍ കുടുങ്ങി

ആക്രമണം വ്യാപിച്ചാല്‍ റെയില്‍വെ സംവിധാനമാകെ താറുമാറാകും. ഒരേ ഓഫീസില്‍ ഇത്രയധികം കമ്പ്യൂട്ടറുകള്‍ ബാധിക്കപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമായി

റാന്‍സംവെയര്‍ ആക്രമണം റെയില്‍വേയിലും:  പാലക്കാട്  ഓഫീസില്‍ 25 കമ്പ്യൂട്ടറുകള്‍ കുടുങ്ങി

പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ റാന്‍സംവെയര്‍ ആക്രമണം. തുടക്കത്തില്‍ പത്ത് കമ്പ്യൂട്ടറുകളെ ബാധിച്ചു കണ്ടെങ്കിലും പിന്നീട് അത് 23 ആയി ഉയര്‍ന്നു. ഓഫീസിലുള്ള മറ്റെല്ലാ കമ്പ്യൂട്ടറുകളും നെറ്റും ഓഫ് ചെയ്ത് കൂടുതല്‍ കമ്പ്യൂട്ടറുകളിലേക്ക് വൈറസ് ആക്രമണം പടരാതിരിക്കാന്‍ ശ്രമിക്കുകയാണ്.


മാസ്റ്റര്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പടെ ആകെ 65 കമ്പ്യൂട്ടറുകളാണ് പാലക്കാട് ഓഫീസില്‍ ഉള്ളത്. പേഴ്‌സണല്‍, അക്കൗണ്ട് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. അതു കൊണ്ട് തന്നെ ഇത് റെയില്‍ സുരക്ഷയേയോ, ട്രെയിന്‍ ഗതാഗതത്തേയോ ബാധിക്കില്ല. സെന്‍ട്രല്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷനുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. വിന്‍ഡോസ് 7 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകളെയാണ് ഇത് ബാധിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്.

ലോകമെങ്ങും ഭീഷണി പരത്തിയ വാനാക്രൈ സൈബര്‍ ആക്രമണം പത്തനംതിട്ട, വയനാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലെ എട്ട് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ കണ്ടെത്തിയിരുന്നു. എല്ലാ പഞ്ചായത്തുകളിലുമായി 25 കമ്പ്യൂട്ടറുകളാണ് തകരാറിലായിരുന്നത്. എന്നാല്‍ ഒരേ ഓഫീസില്‍ ഒറ്റയടിക്ക് ഇത്രയധികം കമ്പ്യൂട്ടറുകള്‍ തകരാറില്‍ ആവുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമാണ്.