വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം; അന്വേഷണം മാതാപിതാക്കളിലേക്കും

മദ്യവും മറ്റു ലഹരി വസ്തുക്കളും മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഉപയോഗിച്ചു വന്നിരുന്നതായി പൊലിസിനു വിവരം കിട്ടിയിട്ടുണ്ട്. പ്രതികളായിട്ടുള്ളവരുമായി ഇവര്‍ക്കു അടുത്ത ബന്ധവും ഉണ്ടായിരുന്നു. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ ഒറ്റമുറി വീടിനകത്ത് പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം; അന്വേഷണം മാതാപിതാക്കളിലേക്കും

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം മാതാപിതാക്കളിലേക്കും. പ്രതികളുമായി ഇവര്‍ക്കുള്ള അടുത്തുള്ള ബന്ധവും, ഇവര്‍ സംഘം ചേര്‍ന്നു കുട്ടികള്‍ മരണപ്പെട്ട ഒറ്റമുറിയില്‍ ഇരുന്ന് പലപ്പോഴും മദ്യപിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ഇവരിലേക്കും നീളുന്നത്.

പ്രസ്തുത കേസില്‍ പ്രതികഴശന്നാരോപിക്കുന്നവരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റില്ലെന്നും അങ്ങിനെ ചെയ്താല്‍ അക്കാര്യം ആരോടും പറയരുതെന്നും അമ്മ പറഞ്ഞതായി മൂത്ത കുട്ടി അവളുടെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. പീഡന വിവരം പുറത്തു പറയരുതെന്ന് അമ്മ പറഞ്ഞതായും മൂത്തകുട്ടി പറഞ്ഞിരുന്നു. ഇക്കാര്യം കൂട്ടുകാരി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയും കേസില്‍ പ്രതിയാകും എന്നാണ് അറിയുന്നത്.

എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ അമ്മയെ ചോദ്യം ചെയ്യാനോ മറ്റോ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തയ്യാറല്ല. അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ കുട്ടികളുടെ അമ്മയെ മറയാക്കുന്നു എന്ന പ്രചരണം ഉയരുമെന്നതിനാലാണ് പൊലീസ് കാത്തിരിക്കുന്നതെന്നാണ് സൂചന.

മദ്യവും മറ്റു ലഹരി വസ്തുക്കളും മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഉപയോഗിച്ചു വന്നിരുന്നതായി പൊലിസിനു വിവരം കിട്ടിയിട്ടുണ്ട്. പ്രതികളായിട്ടുള്ളവരുമായി ഇവര്‍ക്കു അടുത്ത ബന്ധവും ഉണ്ടായിരുന്നു. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ ഒറ്റമുറി വീടിനകത്ത് പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതിനൊക്കെ മരിച്ച കുട്ടികള്‍ സാക്ഷികളായിരുന്നു. ആദ്യത്തെ കുട്ടി മരിച്ചതിനു ശേഷം അമ്മ പ്രതികളെ കുറിച്ച് പൊലിസിനു മൊഴി നല്‍കിയെന്നും എന്നാല്‍ പൊലിസ് നടപടിയെടുത്തില്ലെന്നുമാണു കുട്ടികളുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്.

മൂത്ത കുട്ടിയുടെ മരണവുമായി ചില നിര്‍ണായക വിവരങ്ങള്‍ രണ്ടാമത്തെ കുട്ടിക്ക് അറിയാമായിരുന്നുവെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്ന ഇളയ കുട്ടിയുടെ മരണം കൊലപാതകമാണെന്നു വ്യക്തമായതോടെ ഇതില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

നാലു പ്രതികള്‍ കസ്റ്റഡിയില്‍ ഉണ്ടെങ്കിലും രണ്ടു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. മധു (27), ഷിബു (43) കുട്ടി മധു, പ്രദീപ് കുമാർ എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്. ആത്മഹത്യ പ്രേരണ, പട്ടിക ജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം, ബാലപീഡനം തടയുന്നതിനുള്ള പോക്സോ, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്നു സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷം തൃശ്ശൂര്‍ റേഞ്ച് ഐ ജി അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ പെണ്‍ക്കുട്ടിയുടേതു കൊലപാതകമാണെന്ന് ഉറപ്പിച്ച പൊലിസ് മൂത്ത സഹോദരിയുടെ മരണം കൊലപാതകമാവാനുള്ള സാദ്ധ്യതയും ചൂണ്ടി കാട്ടി. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലിസ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ് ഇപ്പോഴും.

വാളയാര്‍ സംഭവം നിയമസഭയില്‍ ഉന്നയിക്കപ്പെടുകയും പൊലീസിനും സര്‍ക്കാറിനും എതിരെയുള്ള വടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു പൊലീസ് രണ്ടുപേരുടെ അറസ്റ്റു രേഖപ്പെടുത്തിയത്.