കോൻ ബനേഗ യുപി മുഖ്യമന്ത്രി? രാജ്‌നാഥ് സിംഗും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാർത്ഥ് നാഥ് സിംഗും പരിഗണനയില്‍

ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പേരിനാണ് മുന്‍തൂക്കം. ബിജെപി മുന്‍ ദേശീയ അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് രണ്ടായിരത്തില്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു.

കോൻ ബനേഗ യുപി മുഖ്യമന്ത്രി? രാജ്‌നാഥ് സിംഗും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാർത്ഥ് നാഥ് സിംഗും പരിഗണനയില്‍

ബിജെപിയ്ക്ക് വന്‍ ഭൂരിപക്ഷം ലഭിച്ച ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആരാകുമെന്നാണ് അടുത്ത ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പേരിനാണ് പാര്‍ട്ടിയിൽ മുന്‍ഗണനയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്‌നാഥ് സിംഗ് മനസു തുറന്നിട്ടില്ല. ഗാസിയാബാദില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ രാജ്‌നാഥ് 2000-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമാകും മുഖ്യമന്ത്രിയെ നിശ്ചയിക്കുക. ആര്‍എസ്എസ്സിന്റെ ഇടപെലും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാര്‍ത്ഥ് നാഥ് സിംഗിനെ മുഖ്യമന്ത്രിയാക്കാനാണ് മോദിയ്ക്ക് താത്പര്യമെന്നറിയുന്നു. അലഹബാദ് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥ് നാഥ് വിജയിച്ചിട്ടുണ്ട്. ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ സിദ്ധാര്‍ത്ഥ് നാഥ് സിംഗിനാണ് ആന്ധ്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതല.

ബിജെപി ജനറല്‍ സെക്രട്ടറിയും അമിത് ഷായുടെ അടുപ്പക്കാരനുമായ ശ്രീകാന്ത് ശര്‍മ്മയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ദീര്‍ഘകാലം ബിജെപി വക്താവായിരുന്ന ശ്രീകാന്ത് ശര്‍മ്മയ്ക്ക് ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളുമായി ഏറെ അടുപ്പമുണ്ട്. മഥുര മണ്ഡലത്തില്‍ നിന്നാണ് ശ്രീകാന്ത് വിജയിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ പ്രസാദ് മൗര്യയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന ആളാണ്. മുമ്പ് മൂന്നു തവണ നിയമസഭാംഗമായ കേശവ പ്രസാദ് മൗര്യ നിലവില്‍ ഫുല്‍പ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഖൊരക്പൂര്‍ എംപിയായ യോഗി ആദിത്യനാഥിന്റെ പേര് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ആദിത്യനാതിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ അമിത്ഷായ്ക്ക് താത്പര്യമില്ലെന്നാണ് സൂചന.

റെയില്‍വേ, ടെലികോം സഹമന്ത്രിയായ മനോജ് സിന്‍ഹയുടെയും കേന്ദ്ര ധനസഹമന്ത്രി സന്തോഷ് ഗാംഗ്‌വരിന്റെയും പേരുകളും മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വൈകിട്ട് 4.30ന് മാദ്ധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും കരുതുന്നവരുണ്ട്.

Read More >>