'മോഡി രാജ്യ'ത്തിലേക്ക്; യുപിയിൽ ബിജെപി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക്

രാജ്യത്തിന്റെ രാഷ്ട്രീയവിധി കുറിക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം അറിയാം. 403 സീറ്റുകളിലേക്കായി അയ്യായിരം സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 202 എന്ന മാന്ത്രിക സംഖ്യ കടക്കുന്ന മുന്നണി/കക്ഷി ഭരണത്തിലെത്തും. കൗണ്ട് ഡൗൺ തുടങ്ങുകയായി.

മോഡി രാജ്യത്തിലേക്ക്; യുപിയിൽ ബിജെപി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക്

രാജ്യത്തിന്റെ രാഷ്ട്രീയവിധി കുറിക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടാൻ ഇനി മണിക്കൂറുകളേ വേണ്ടൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ ബിജെപി ഒന്നാം സ്ഥാനത്തേക്ക് വരുമെന്ന് എക്സിറ്റ് സർവേകൾ പ്രവചിച്ചു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമാജ് വാദി - കോൺഗ്രസ് സഖ്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് രാജ്യമെങ്ങുമുള്ള സെക്കുലർ ക്യാമ്പ്. രാജ്യത്തെ ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ഊർജം പകർന്ന ബഹുജൻ സമാജ് പാർട്ടി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷകളും സജീവമായി വാനിലുണ്ടെങ്കിലും ബി.ജെ.പി.യുടെ മുൻതൂക്കത്തെ വെല്ലാൻ ഒടുവിൽപ്പറഞ്ഞ രണ്ടു ക്യാമ്പുകളുമില്ലെന്നതാണ് ഒടുവിലത്തെ നില.

രണ്ടു വർഷം കഴിഞ്ഞു നടക്കാനിരിക്കുന്ന പാർലമെണ്ട് തെരഞ്ഞെടുപ്പിന് സെമി ഫൈനലാണ് യു.പി.യിൽ അവസാന വിസിൽ മുഴങ്ങാനിരിക്കുന്നത്. ബി.ജെ.പി. കേന്ദ്രാധികാരം തുടരുമോ എന്ന് ഏതാണ്ട് തീർച്ചപ്പെടുത്താവുന്ന തെരഞ്ഞെടുപ്പ് ഫലം. വളരെപ്പെട്ടെന്ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി - ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇതാദ്യമായി ബി.ജെ.പി.ക്ക് സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചു കയറ്റാനുള്ള ഫലം എന്തായാലും യു.പി. കൊടുക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവുമധികം നിയമസഭാ - രാജ്യസഭാ അംഗങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് രാഷ്ട്രപതിയെ കണ്ടെത്താനുള്ള ഇലക്ടറൽ കോളേജിന്റെ നെടുംതണ്ട്. നിസ്സംശയം പ്രവചിപ്പിക്കപ്പെടുന്ന മുന്നേറ്റത്തിന്റെ മിനിമം വ്യാപ്തി കൊണ്ടുതന്നെ ബി.ജെ.പി.ക്ക് ഈ ലക്ഷ്യം നേടാൻ പറ്റും. നിയമനിർമാണങ്ങളിൽ നരേന്ദ്ര മോഡി വിഭാവനം ചെയ്യുന്ന 'സ്പീഡ്' ഉറപ്പാക്കുന്നതിൽ ഇപ്പോൾ ബി.ജെ.പി.ക്ക് തടസ്സമായി നിൽക്കുന്ന രാജ്യസഭാ ശാക്തിക ബലാബലവും യു.പി. ഫലത്തോടെ അവർക്ക് കൈവെള്ളയിലെ നെല്ലിക്ക പോലെ അനുകൂലമായി മാറും.

രാജ്യത്തെ മതനിരപേക്ഷ ക്യാമ്പ് ബാബരി പളളി ധ്വംസനത്തിനു ശേഷം കെട്ടിപ്പടുക്കുന്നതായി സ്വയം അവകാശപ്പെടുന്ന ഫാസിസ്റ്റ് വിരുദ്ധ വൻമതിലിന് അവസാന വട്ട തകർച്ച നൽകുന്നതാവും ബി.ജെ.പി.ക്ക് പ്രവചിക്കപ്പെടുന്ന വിജയം. തൂക്കുസഭയാണ് ഉയർന്നുവരുന്നതെങ്കിൽപ്പോലും ബി.ജെ.പി.ക്ക് അവസാന ഫലത്തെ മാനേജ് ചെയ്യാനാവുമെന്നതാണ് യു .പി. തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽത്തന്നെ വ്യക്തമായിരുന്നത്.

ബി.ജെ.പി. വിരുദ്ധമുന്നണിയുടെ നായകരായി കരുതപ്പെടുന്ന മൂന്ന് രാഷ്ട്രീയ കക്ഷികളും ബി.ജെ.പി.നിശ്ചയിക്കുന്ന അജണ്ടകളുടെ പിന്നാലെ പായുന്നതാണ് കഴിഞ്ഞ രണ്ടു വർഷത്തിലെങ്കിലും തെളിഞ്ഞുവന്നത്. മുല്ലാ മുലായമെന്ന് മുസ്ലിം അനുകൂലത്വം കൊണ്ട് വിളിക്കപ്പെട്ട മുലായം സിങ്ങ് യാദവിന്റെ കക്ഷി സമീപകാല വർഗ്ഗീയ കലാപങ്ങളിൽപ്പോലും ബി.ജെ.പി.യുടെ ബി ടീമായി പ്രവർത്തിച്ചത് മുസ്ലിം ജനവിഭാഗങ്ങളെ നടുക്കിയിരുന്നു. ബി.എസ്.പി.യുടെ ആശയക്കോട്ടകളിൽ ദളിതനുകുലരായി കടന്നുചെന്ന് ബി.ജെ.പി. മായാവതിയുടെ രാഷ്ട്രീയ സാധ്യതകളെ താറുമാറാക്കി. ഈ രണ്ടു കക്ഷികളുടെയും വോട്ടടിത്തറയെ, ഒരു കാലത്ത് അസാധ്യമെന്ന് കരുതപ്പെട്ടതാണെങ്കിലും, സ്വന്തം വർഗീയ അജണ്ടകൾ മിന്നിച്ച് വിഭജിക്കാനും ബി.ജെ.പി.ക്ക് കഴിഞ്ഞതാണ് അവസാനഫലത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

ബ്രാഹ്മണ വോട്ടുകളുടെ ഏകോപനവും മുസ്ലിം വോട്ടർമാരിൽ തെല്ലെങ്കിലും ആത്മവിശ്വാസമുണ്ടാക്കലും ലക്ഷ്യമിട്ട് പ്രയോഗത്തിൽ വരുത്തിയ അഖിലേഷ് - രാഹുൽ സഖ്യം കോൺഗ്രസിന്റെ തകർന്ന വിശ്വാസ്യതക്ക് മരുന്നാകാൻ പാടാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത നിലവന്നാൽ ബി.എസ്.പി.തന്നെ ബി.ജെ.പി.യെ തുണക്കാൻ ഇറങ്ങില്ലെന്ന് ആർക്കുമത്രക്ക് ഉറപ്പില്ല. സമാജ് വാദിയിലും കോൺഗ്രസിലും ജയിച്ചു കയറുന്ന പലർക്കും കാവിപ്പാളയത്തിൽ ചെന്നുകേറാൻ കോഴി കൂവി വെളുക്കുന്ന നേരം പോലും വേണ്ടതില്ലെന്നതിന് നടുക്കുന്ന അനുഭവങ്ങളും സെക്കുലർ ക്യാമ്പിന് രാജ്യമെങ്ങും വേണ്ടുവോളമുണ്ട്.

മുസ്ലിം വോട്ടിൽ ഉണ്ടാക്കിയ ആശയക്കുഴപ്പത്തിലൂടെയാണ് ബി.ജെ.പി. ഇത്രയും ദൂരം യു.പി. തെരഞ്ഞെട്ടപ്പിൽ നടന്നെത്തിയത്. ചകിതരായ മുസ്ലിം വോട്ടർമാർ ബി.ജെ.പി.ക്കെതിരായ വിജയ സാധ്യതർക്കെന്ന് ഉറപ്പില്ലാത്തതിനാൽ സമാജ് വാദി - കോൺഗ്രസ് മുന്നണിക്കും ബി.എസ്.പിക്കും ചിതറി വോട്ടുകുത്തിയെന്നത് ഉറപ്പാണ്. ഇതുറപ്പാക്കാനായിരുന്നു അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന തീവ്രഹിന്ദുത ഷോകളെല്ലാം. നരേന്ദ്ര മോഡി രാഷ്ട്ര പരമാധികാരിയുടെ മിനിമം നയതന്ത്രത പോലും മാറ്റി വച്ച് 'ഹിന്ദു താല്പര്യങ്ങൾ'ക്കായി സംസ്ഥാനത്തെങ്ങും പറന്നിറങ്ങി പ്രചാരണം നയിച്ചത് സെക്കുലർ ക്യാമ്പുകളിൽ പ്രതിരോധത്തിന്റെയെല്ലാം കാറ്റൊഴിച്ചു.

ഒരു സംസ്ഥാനതെരഞ്ഞെടുപ്പിൽ ഇരുപതോളം റാലികളിൽ പങ്കെടുക്കുകയെന്ന റെക്കോർഡിട്ടാണ് രാജ്യത്തെ പ്രധാനമന്ത്രിമാരിൽ മോഡി മുമ്പനായത്. അതിനും മുമ്പ് കള്ളപ്പണ വേട്ടക്കെതിരായെന്ന പേരിൽ രാജ്യത്തെ ഞെട്ടിച്ച് അഴിച്ചുവിട്ട 'സർജിക്കൽ സ്ട്രൈക്ക്' നെടുമുള്ളൊടിയാൻ കാരണമായ ജനത തന്നെ മോഡിയെ വീരപുരുഷനാക്കാനും കാരണമായി ഈ സംസ്ഥാനത്ത്! സെക്കുലറിസ്റ്റുകൾ അപഹസിച്ചു കൊണ്ടിരുന്ന 'തള്ളലുകളൊ'ന്നും വെറും തള്ളലായിരുന്നില്ലെന്നും, ബി.ജെ.പി.യുടെ വർഗ്ഗീയ വിഭജന ഗെയിമിൽ നോട്ടു നിരോധനം പോലും തുരൂപ്പുചീട്ടായിരുന്നെന്നും ഇന്നിപ്പോൾ വ്യക്തമാണ്. 'മുസ്ലിംകളളപ്പണക്കാർ'ക്കെതിരായ ' 'ഐക്യമുന്നണി'യിൽ ആരാദ്യമെന്ന് മത്സരിച്ച് സെക്കുലർ ക്യാമ്പും ചോർന്നെത്തിയതാണ് ബി.ജെ.പി.യെ ആദ്യ ഘട്ട പ്രവചനങ്ങളെ നിസ്സാരമാക്കി മുന്നോട്ടെത്തിച്ചിരിക്കുന്നത്.

കൃഷി ജീവിതങ്ങൾക്കും മറ്റ് അടിസ്ഥാന ജീവിത മേഖലകൾക്കും മീതെ ബി.ജെ.പി.സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന തേരോട്ടം പ്രചാരണ ചിത്രത്തിലേ വരാതിരുന്നത് ജനങ്ങൾക്കു മുന്നിൽ അവരെ മാന്യരാക്കി നിലനിർത്തി. വാജ്പേയി സർക്കാരിന്റെ കാലത്തേ ഡിസൈൻ ചെയ്യപ്പെട്ട കോർപ്പറേറ്റനുകൂല പദ്ധതികൾ പുതിയ 'കോർപ്പറേറ്റ് സി.ഇ.ഒ.' ഉജ്ജ്വലമായി മുന്നോട്ടു തളളിയപ്പോൾ ഞങ്ങളുമതിനൊപ്പമാണെന്ന് മത്സരിച്ചു പിന്തുണക്കുന്ന ബി.ജെ.പി. ഇതരരെയാണ് സമീപവർ ഷങ്ങളിൽ കണ്ടത്. ആഗോളീകരണത്തിന് ദേശീയ ബദലുണ്ടാക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ മുന്നണിയുടെ ചെങ്കൊടികൾ വാനിലുയർന്നു പാറുന്ന ചിത്രം പോലും രാജ്യം കാണാതിരുന്ന 'അത്ഭുത'മാണ് യു.പി.യിൽ സംഭവിച്ചത്.

403 സീറ്റുകളിലേക്കായി അയ്യായിരം സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞെടുപ്പാണ് ഇന്ന് സമ്പൂർണാന്ത്യത്തിലെത്തുന്നത്. 202 എന്ന മാന്ത്രിക സംഖ്യ കടക്കുന്ന മുന്നണി/കക്ഷി ഭരണത്തിലെത്തും. കൗണ്ട് ഡൗൺ തുടങ്ങുകയായി.