ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും തൂത്തുവാരി ബിജെപി; പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസിന് നേട്ടം; അഖിലേഷ് യാദവ് ഇന്ന് രാജി വെക്കും

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉത്തര്‍പ്രദേശില്‍ നേടിയ വിജയം ആവര്‍ത്തിച്ച് ബിജെപി. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ബിജെപി ഉത്തര്‍പ്രദേശ് ഭരിക്കുമെന്നുറപ്പായി. ഉത്തരാഖണ്ഡിലും വന്‍ നേട്ടമാണ് ബിജെപിയ്ക്ക്. പഞ്ചാബും ഗോവയുമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ള വക നല്‍കുന്നത്.

ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും തൂത്തുവാരി ബിജെപി; പഞ്ചാബിലും ഗോവയിലും   കോണ്‍ഗ്രസിന് നേട്ടം; അഖിലേഷ് യാദവ് ഇന്ന് രാജി വെക്കും

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടി ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വന്‍വിജയം. മുന്നൂറിലേറെ സീറ്റുകള്‍ നേടി ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കുമെന്നുറപ്പായി. ബിജെപിയ്ക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. പരാജയം ഉറപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്നു തന്നെ രാജി വെക്കും. ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെ ഗവര്‍ണറെ കണ്ട് അഖിലേഷ് രാജിസന്നദ്ധത അറിയിക്കും.

ബിഎസ്പിയ്ക്ക് പ്രതീക്ഷിച്ച നേട്ടം യുപിയില്‍ കൈവരിക്കാനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ച ദളിത് വോട്ടുകള്‍ ഇത്തവണയും ബിജെപിയ്ക്ക് ലഭിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. യാദവ സ്വാധീന മണ്ഡലങ്ങളിലും മുസ്ലീം സ്വാധീന ഇടങ്ങളിലും ബിജെപിയ്ക്കാണ് നേട്ടം. രണ്ടായിരത്തിലാണ് അവസാനമായി ബിജെപി യുപിയില്‍ അധികാരത്തിലെത്തിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എത്തിയേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ ഇന്നോ നാളെയോ ബിജെപി പ്രഖ്യാപിച്ചേക്കും. മേദി-അമിത് ഷാ കൂട്ടുക്കെട്ടിന്റെ വിജയമായാണ് യുപി തെരെഞ്ഞെടുപ്പ് വിജയത്തെ ബിജെപി വിലയിരുത്തുന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കമാണ് എസ്പിയ്ക്ക് ഭരണം നഷ്ടമാകാനിടയാക്കിയെതെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

ഉത്തരഖണ്ഡിലും കേവലഭരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിച്ചു. നിലവില്‍ കോണ്‍ഗ്രസാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ 55 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

മണിപ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. മണിപ്പൂരില്‍ തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രോം ഇബോബി സിംഗിനോട് മത്സരിച്ച ഇറോം ശര്‍മ്മിള പരാജയപ്പെട്ടു.

പഞ്ചാബും ഗോവയുമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന സംസ്ഥാനങ്ങള്‍. പഞ്ചാബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്.പഞ്ചാബിലും ഗോവയിലും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു.

പഞ്ചാബില്‍ 2007ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ലംബി മണ്ഡലത്തില്‍ മുഖ്യമന്ത്രി പ്രകാശ്് സിംഗ് ബാദലിനെതിരെ മത്സരിച്ച അമരീന്ദര്‍ സിംഗ് പിന്നിലാണ്. പട്യാല മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന അമരീന്ദര്‍ സിംഗ് വിജയം ഉറപ്പിച്ചു.

Read More >>