പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ ഇപ്പോഴും അയിത്തം; ദളിത് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരിക്കാന്‍ തങ്ങളുടെ കുട്ടികളെ വിടാതെ സവര്‍ണ്ണ വിഭാഗം

സര്‍ക്കാര്‍ തലത്തിലുള്ള പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിലാണ് പറയ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളെ ഇരുത്തില്ലെന്ന സവര്‍ണ്ണ വിഭാഗക്കാരുടെ തിട്ടൂരം. നാലാം തരം വരെയുള്ള സ്‌കൂളില്‍ ഇപ്പോള്‍ ആകെ 14 കുട്ടികള്‍ മാത്രമാണുള്ളത്. എല്ലാവരും ദളിത് കുടുംബങ്ങളില്‍ നിന്നുള്ളവർ. മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും നായര്‍, ഈഴവ, മുസ്ലിം വിഭാഗങ്ങളിലുള്ളവർ തങ്ങളുടെ കുട്ടികളെ ദളിതര്‍ക്കൊപ്പം ഇരുത്തില്ലെന്ന് വാശി പിടിക്കുകയാണ് എന്ന് ഒരു വിദ്യാർഥിയുടെ പിതാവ് ആരോപിച്ചു.

പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ ഇപ്പോഴും അയിത്തം; ദളിത് വിദ്യാര്‍ഥികള്‍ക്കൊപ്പം  ഇരിക്കാന്‍ തങ്ങളുടെ കുട്ടികളെ വിടാതെ സവര്‍ണ്ണ വിഭാഗം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ അയിത്തത്തിന്റെ പേരില്‍ നിഷ്‌കളങ്കരായ കുട്ടികളെ സാക്ഷര കേരളം ഒറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ തലത്തിലുള്ള പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിലാണ് പറയ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളെ ഇരുത്തില്ലെന്ന സവര്‍ണ്ണ വിഭാഗക്കാരുടെ തിട്ടൂരം. ഇത്തവണ ഇവിടെ ഒന്നാം തരത്തിൽ നാല് വിദ്യാർഥികൾക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചിട്ടുള്ളത്. നാലാം തരം വരെയുള്ള സ്‌കൂളില്‍ ഇപ്പോള്‍ ആകെ 14 കുട്ടികള്‍ മാത്രമാണുള്ളത്. എല്ലാവരും ദളിത് കുടുംബങ്ങളില്‍ നിന്നുള്ളവർ. പ്രീപ്രൈമറി വിഭാഗത്തില്‍ അഞ്ചു കുട്ടികളുമുണ്ട്. ഇതേ സ്‌കൂളില്‍ പഠിച്ച ദളിത് വിഭാഗത്തില്‍പ്പെട്ട പി എം തുളസിയാണ് പ്രീം പ്രൈമറിയില്‍ ടീച്ചറായുള്ളത്. തുളസി, അധ്യാപികയായതോടെ സവര്‍ണ്ണ വിഭാഗത്തിന്റെ എതിർപ്പ് രൂക്ഷമായതായി പരാതിയുണ്ട്.

2015-2016 അധ്യയന വര്‍ഷത്തിലാണ് പേരാമ്പ്ര സ്‌കൂളിലെ ജാതിവിവേചനം പുറത്തുവരുന്നത്. അന്ന് 11 ദളിത് വിദ്യാർഥികകളും ഒരു ഇതര വിഭാഗത്തില്‍പ്പെട്ട കുട്ടിയുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷവും സമാനമായ അവസ്ഥ തന്നെയാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷവും ഇതേ സ്ഥിതി തന്നെ. നിലവിലുള്ള കുട്ടികളെ നന്നായി പഠിപ്പിച്ച് ഒരു കരയ്‌ക്കെത്തിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ രഘുനാഥ് നാരദാ ന്യൂസിനോട് പറഞ്ഞു.

ദളിത് വിദ്യാർഥികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളെ ഇരുത്തില്ലെന്ന് ഉറപ്പു നല്‍കിയാല്‍ മാത്രമേ സ്‌കൂളില്‍ വിടുകയുള്ളുവെന്ന നിലപാടാണ് സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക്. സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ പലപ്പോഴായി കുട്ടികളെ മാറ്റിയിരുത്തിയ സംഭവവുമുണ്ടായിരുന്നു. ഇപ്രകാരം എന്‍ സി സിയില്‍ നിന്ന് പോലും പറയ സമുദായത്തില്‍പ്പെട്ട കുട്ടികളെ മാറ്റി നിര്‍ത്തപ്പെടുന്നായി ആക്ഷേപമുണ്ട്. മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും നായര്‍, ഈഴവ, മുസ്ലിം വിഭാഗങ്ങളിലുള്ളവർ തങ്ങളുടെ കുട്ടികളെ ദളിതര്‍ക്കൊപ്പം ഇരുത്തില്ലെന്ന് വാശി പിടിക്കുകയാണ് എന്ന് ഒരു വിദ്യാർഥിയുടെ പിതാവ് ആരോപിച്ചു.

1957ലാണ് പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ തുടക്കം കുറിക്കുന്നത്. അതിന് സമീപമായി രണ്ട് എല്‍ പി സ്‌കൂളുകള്‍ വേറെയുമുണ്ട്. ഈ മൂന്ന് സ്‌കൂളുകളിലും എഴുപതുകളിലും എണ്‍പതുകളിലുമെല്ലാം കുട്ടികള്‍ നിറഞ്ഞുകവിയുമായിരുന്നു. 90കളോടെയാണ് വെല്‍ഫെയല്‍ സ്‌കൂളില്‍ കുട്ടികള്‍ കുറയാന്‍ തുടങ്ങിയത്. 2000 ആയപ്പോഴേക്കും ദളിത് വിദ്യാർഥികകളും നാമമാത്രം ഇതര വിഭാഗങ്ങളുമേ ഉണ്ടായിരുന്നു. സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ കുട്ടികളെ അന്വേഷിച്ച് വീടുകളിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് രക്ഷിതാക്കളുടെ ജാതീയത പുറത്തുചാടിയത്.

സംഭവം പുറംലോകമറിഞ്ഞതോടെ നിരവധി സന്നദ്ധസംഘടനകളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം പേരാമ്പ്രയിലെത്തിയിരുന്നു. ബോധവത്കരണങ്ങളും പ്രദേശത്ത് നടന്നു. എന്നാല്‍ ഇതൊന്നും സവര്‍ണ്ണ തിട്ടൂരങ്ങളെ മറികടക്കാന്‍ ഉതകുന്നതായിരുന്നില്ല. ഇതര സമുദായത്തില്‍പ്പെട്ടവരുടെ മനോഭാവത്തില്‍ മാത്രം മാറ്റം വന്നില്ലെന്ന് ചുരുക്കം. പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ പറയ വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ ഇപ്പോഴും ഒറ്റയ്ക്കാണ്. പ്രത്യേക സമുദായത്തില്‍ ജനിച്ച ഒരൊറ്റ കാരണം കൊണ്ട് മാറ്റി നിര്‍ത്തപ്പെടുകയാണ് ആ കുരുന്നുകള്‍.