ഭാവി തുലാസില്‍; സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരവുമായി ടോംസ് കോളേജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

ടോംസ് ആക്ഷന്‍ ഫോറം എന്നു പേരിട്ട വിദ്യാര്‍ത്ഥി-രക്ഷകര്‍തൃ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സമരം. സമരത്തിനു പിന്തുണയുമായി കെഎസ്‌യു, എബിവിപി എന്നീ വിദ്യാര്‍ത്ഥി സംഘടനകളും വിവിധ രാഷ്ട്രീയ-വിദ്യാഭ്യാസ സംഘടനാ നേതാക്കള്‍, ശബരീനാഥ് എംഎല്‍എ എന്നിവരും പിന്തുണയുമായി രംഗത്തെത്തി. ചെയര്‍മാന്‍ ടോം ജോസഫിനെതിരെ കേസെടുത്തിട്ട് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ചെയര്‍മാന്‍ ടോം ജോസഫിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ചെയര്‍മാന്‍ ടോം ജോസഫിനെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

ഭാവി തുലാസില്‍; സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരവുമായി ടോംസ് കോളേജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

വിദ്യാര്‍ത്ഥി പീഡനത്തിനു കേളികേട്ട മറ്റക്കര ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ചെയര്‍മാന്‍ ടോംസ് ജോസഫിനെതിരെ നടപടിയെടുക്കുക, വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുക, മെച്ചപ്പെട്ട പഠനസാഹചര്യമൊരുക്കുക, എഐസിടിഇയുടെ കാരണം കാണിക്കല്‍ നോട്ടീസ് പൂഴ്ത്തിയ സാങ്കേതിക സര്‍വ്വകലാശാല വി സി രാജിവയ്ക്കുക തുടങ്ങിയ പത്തിന ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്നലെ മുതല്‍ ആരംഭിച്ച സമരത്തില്‍ കോളേജിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലേതുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അണിനിരക്കുന്നുണ്ട്.

ടോംസ് ആക്ഷന്‍ ഫോറം എന്നു പേരിട്ട വിദ്യാര്‍ത്ഥി-രക്ഷകര്‍തൃ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സമരം. സമരത്തിനു പിന്തുണയുമായി കെഎസ്‌യു, എബിവിപി എന്നീ വിദ്യാര്‍ത്ഥി സംഘടനകളും വിവിധ രാഷ്ട്രീയ-വിദ്യാഭ്യാസ സംഘടനാ നേതാക്കള്‍, ശബരീനാഥ് എംഎല്‍എ എന്നിവരും പിന്തുണയുമായി രംഗത്തെത്തി. ചെയര്‍മാന്‍ ടോം ജോസഫിനെതിരെ കേസെടുത്തിട്ട് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ചെയര്‍മാന്‍ ടോം ജോസഫിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ചെയര്‍മാന്‍ ടോം ജോസഫിനെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

  • അതേസമയം, പൊതുവെ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം ഗുരുതരമാണെന്നും എഐസിടിഇയുടെ അംഗീകാരത്തിനായി നിര്‍ബന്ധം പിടിക്കേണ്ടത് സര്‍ക്കാരും കൂടിയാണെന്നും വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ എസ് ശബരീനാഥ് എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണം.

  • ഒരു ദിവസം കൊണ്ട് കേരളത്തിലെ എല്ലാ കോളേജുകളേയു ഐഐടി ആക്കാമെന്ന അബദ്ധധാരണയാണ് സാങ്കേതിക സര്‍വ്വകലാശാലയ്ക്കുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഞൊടിയിടയില്‍ എല്ലാ വിദ്യാര്‍ത്ഥികളേയും മാറ്റാമെന്ന് അവര്‍ ധരിക്കരുത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സാങ്കേതിക സര്‍വ്വകലാശാല നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഉറപ്പ് നല്‍കി.

വിദ്യാര്‍ത്ഥി പീഡനം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കോളേജില്‍ സാങ്കേതിക സര്‍വ്വകലാശാല അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരി ആറിന് ടോംസ് കോളേജിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ഇതോടൊപ്പം കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും സര്‍വകലാശാല സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയും വിദ്യാര്‍ത്ഥികള്‍ ഇതിന് എതിര്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്ത കോടതി, എന്നാല്‍ കോളേജില്‍ പഠനം തുടരുന്നവര്‍ക്ക് തുടരാമെന്നു അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒമ്പത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇപ്പോള്‍ കോളേജില്‍ തുടരുന്നത്. എന്നാല്‍ ഇവരും സമരത്തിനെത്തുമെന്ന് അറിയിച്ചിട്ടുള്ളതായി വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

സ്‌റ്റോപ് മെമ്മോ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഒന്നും രണ്ടും വര്‍ഷ ബാച്ചിലുള്ള 109 കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായത്. ഇവരുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. കാരണം സാങ്കേതിക സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ്, കൊച്ചിന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, വളാഞ്ചേരി എന്നിവിടങ്ങളില്‍ മാത്രമാണ് കെമിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ ഉള്ളത്.

ഇതില്‍ സാങ്കേതിക സര്‍വ്വകലാശാലയുടേയോ സര്‍ക്കാരിന്റേയോ അനുവാദം കിട്ടിയാല്‍ അഡ്മിഷന്‍ നല്‍കാമെന്നു അമല്‍ ജ്യോതി കോളേജ് സമ്മതിച്ചിട്ടുണ്ടെന്നു വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. എന്നാല്‍ അനുവാദം നല്‍കാന്‍ സര്‍ക്കാരോ സാങ്കേതിക സര്‍വ്വകലാശാല വി.സിയോ തയ്യാറാവുന്നില്ല. ഇക്കാര്യത്തില്‍ വി.സിയും ടോംസ് കോളേജ് മാനേജ്‌മെന്റും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

എന്നാല്‍ അമല്‍ജ്യോതിയില്‍ പ്രവേശനം ശരിയാക്കാന്‍ മൂന്നുമാസം വേണമെന്നാണ് സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചിരിക്കുന്നതെന്നും അപ്പോഴേക്കും സെക്കന്‍ഡ് സെമസ്റ്റര്‍ കാലാവധി പൂര്‍ത്തിയാവുമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ എത്രയും വേഗം നിലവാരമുള്ള കോളേജിലേക്ക് മാറ്റി ക്ലാസുകള്‍ പുനരാരംഭിക്കണം എന്നാണ് ഇവരുടെ ആവശ്യം.

അതേസമയം, കോളേജില്‍ നിന്നും മറ്റു കോളേജുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്നീ വിഭാഗങ്ങളിലുള്ള നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്തിലാണ്. കാരണം എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍)യുടെ അനുവാദം വാങ്ങാതെയാണ് സാങ്കേതിക സര്‍വ്വകലാശാല ഇവരെ മാറ്റിയത്. അതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനാവില്ലെന്നും എഴുതിയാല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കപ്പെടുമെന്നുമാണ് എഐസിടിഇ അറിയിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് ഇവര്‍.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ ഈമാസം 14ന് എഐസിടിഇയുടെ ബോര്‍ഡ് മീറ്റിങ് നടക്കുന്ന ബോര്‍ഡ് മീറ്റിങ്ങിലേക്ക് സാങ്കേതിക സര്‍വ്വകലാശാല വി.സി കുഞ്ചെറിയ പി ഐസക്കിനെ വിളിച്ചിട്ടുണ്ടെന്നും ഇതിനുശേഷം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോളേജിലെ രണ്ടാംവര്‍ഷ കെമിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇഖ്ബാലിന്റെ പിതാവ് കമ്മുണ്ണി നാരദാ ന്യൂസിനോടു പറഞ്ഞു. ആവശ്യങ്ങള്‍ പരിഹരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.