തോമസ് ചാണ്ടിയുടെ രാജി നാളെ; രാജി മുഖ്യമന്ത്രി ആവശ്യപ്പെടും

നാളത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം തോമസ് ചാണ്ടിയുടെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രി സഭാ യോഗത്തിൽ നിന്നും തോമസ് ചാണ്ടി വിട്ടു നിൽക്കാനാണ് സാധ്യത.

തോമസ് ചാണ്ടിയുടെ രാജി നാളെ; രാജി മുഖ്യമന്ത്രി ആവശ്യപ്പെടും

രാജി വെക്കില്ലെന്ന നിലപാട് മയപ്പെടുത്തി ആരോപണ വിധേയനായ ​ഗതാ​ഗതി മന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ താൻ രാജി വെക്കുമെന്ന് മന്ത്രി സമ്മതിച്ചതായി തോമസ് ചാണ്ടിയോടടുത്തു വൃത്തങ്ങൾ പറയുന്നു. ഹെെക്കോടതിയിൽ നിന്നുള്ള പരാമർശങ്ങൾ സർക്കാരിന്റെ മുഖഛായക്ക് കാര്യമായ കോട്ടമുണ്ടാക്കി എന്നാണ് ഇടതു നേതാക്കളുടെ വിലയിരുത്തൽ. വൈകുന്നേരത്തോടെ തോമസ് ചാണ്ടിയും മുഖ്യമന്ത്രിയും ഫോണിൽ സംസാരിച്ചുവെന്നും നാളത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം രാജി തീരുമാനം മാധ്യമങ്ങളോട് വെളിപ്പെടുത്താൻ ആണ് ഇടതുമുന്നണി നേതാക്കളുടെ തീരുമാനം എന്നുമറിയുന്നു.

വെെകീട്ടോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട തോമസ് ചാണ്ടി, നാളെ മന്ത്രിസഭാ യോ​ഗത്തിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ എട്ടു മണിയോടെ ക്ലിഫ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അതിനു ശേഷം നടക്കുന്ന മന്ത്രിസഭാ ​യോ​ഗത്തിൽ തോമസ് ചാണ്ടി പങ്കെടുത്തേക്കില്ലെന്നും സൂചനകളുണ്ട്. ഇടതു മുന്നണി നേതാക്കളോട് നാളെ തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും അറിയുന്നു. നാളത്തെ മന്ത്രി സഭാ യോഗത്തിനു ശേഷം തോമസ് ചാണ്ടിയുടെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

മന്ത്രിസഭയിലെ ജി സുധാകരൻ ഉൾപ്പെടെയുള്ള അംഗങ്ങൾ പരസ്യമായി തന്നെ തോമസ് ചാണ്ടിക്ക് എതിരെ രം​ഗത്തെത്തിയിട്ടുണ്ട്. ഇടതു സർക്കാരിനെ ആകെ പ്രതിക്കൂട്ടിലെത്തിക്കുന്ന തരത്തിലാണ് സംഭവങ്ങൾ എന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിദഗ്ധോപദേശം. നേരത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐഎമ്മും സിപിഐയും തോമസ് ചാണ്ടി രാജി വെക്കണമെന്നുള്ള നിലപാട് സ്വീകരിച്ചിരുന്നു. എൽഡിഎഫ് യോഗം രാജിക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

Read More >>