തൊഗാഡിയയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറച്ച് ഇടതുസര്‍ക്കാറും; മതവിദ്വേഷ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

2003ല്‍ കോഴിക്കോട് വിദ്വേഷ പ്രസംഗം നടത്തിയ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2014 നവംബറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെ ഇടതുപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു. തൊഗാഡിയയെ ജയിലില്‍ അടയ്ക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും സംഘപരിവാറുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിക്കുന്ന സിപിഐഎമ്മിന് കനത്തതിരിച്ചടിയാവുകയാണ് ഹൊസ്ദുര്‍ഗ് കേസ്

തൊഗാഡിയയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറച്ച് ഇടതുസര്‍ക്കാറും; മതവിദ്വേഷ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കാസര്‍ഗോഡ് ജില്ലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിന് കോടതിയുടെ കടുത്ത വിമര്‍ശനം. അറസ്റ്റ് ചെയ്യാനാവാത്തതിനെത്തുടര്‍ന്ന് തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേസ് ഇപ്പോള്‍ വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് തൊഗാഡിയയെ കണ്ടുകിട്ടാന്‍ കഴിയുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചത്. രാജ്യം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രമുഖ നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ലയെന്ന പൊലീസിന്റെ വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഹൊസ്ദുര്‍ഗ് എസ് ഐ ജൂണ്‍ 23ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് എം ബാലകൃഷ്ണനാണ് ഉത്തരവിട്ടത്.

2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാരിഭവന്‍ ഓഡിറ്റോറിയത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഭാരതം ഹിന്ദുക്കളുടേത് മാത്രമാണെന്നും രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മ്മിക്കാന്‍ അനുവദിക്കുകയുള്ളുവെന്നുമായിരുന്നു പ്രവീണ്‍ തൊഗാഡിയ പരാമര്‍ശിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കേസെടുത്തത്. പോലീസ് നേരിട്ട് ചാര്‍ജ് ചെയ്ത കേസില്‍ 23 സാക്ഷികളാണുള്ളത്. ആറുവര്‍ഷത്തിനിടെ തൊഗാഡിയയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് പൊലീസ് തൊഗാഡിയക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം അപാകത നിറഞ്ഞതാണെന്ന് നിരീക്ഷിച്ച കോടതി തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് വീണ്ടും പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യമുണ്ടായി.

2003ല്‍ കോഴിക്കോട് വിദ്വേഷ പ്രസംഗം നടത്തിയ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2014 നവംബറില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ സര്‍ക്കാറിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ആഭ്യന്തരവകുപ്പ് കേസ് പിന്‍വലിച്ചത്. ഇതിനെ ഇടതുപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു. തൊഗാഡിയയെ ജയിലില്‍ അടയ്ക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും സംഘപരിവാറുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിക്കുന്ന സിപിഐഎമ്മിന് കനത്തതിരിച്ചടിയാവുകയാണ് ഹൊസ്ദുര്‍ഗ് കേസ്.

Story by