ഉപരാഷ്ട്രപതി പദത്തിൽ കണ്ണെറിഞ്ഞ് പി ജെ കുര്യൻ, ബിജെപിയെ സോപ്പിടാൻ യോഗയ്ക്കു സിന്ദാബാദ്

സൂര്യനെല്ലി കേസ് ഉയർന്നു വന്ന ഘട്ടത്തിൽ സംസ്ഥാന ബിജെപി ഘടകം കുര്യനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചപ്പോൾ കേന്ദ്രനേതൃത്വം മലക്കം മറിഞ്ഞത് നിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു. കുര്യൻ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്നും വിഷയം ദേശീയതലത്തിൽ ഉന്നയിക്കില്ലെന്നും അന്ന് ബിജെപി കേന്ദ്രനേതൃത്വം പരസ്യമായി വ്യക്തിമാക്കി.

ഉപരാഷ്ട്രപതി പദത്തിൽ കണ്ണെറിഞ്ഞ് പി ജെ കുര്യൻ, ബിജെപിയെ സോപ്പിടാൻ യോഗയ്ക്കു സിന്ദാബാദ്

ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ക്രിസ്ത്യൻ സമുദായാംഗത്തെ പരിഗണിക്കുന്നു എന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെ സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന പ്രസ്താവനകളുമായി രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ രംഗത്ത്. രാജ്യത്തെ മുഴുവൻ സ്ക്കൂളുകളിലും യോഗ നിർബന്ധമാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ബിജെപിയെ പ്രീതിപ്പെടുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തന്റെ മോഹം എൻഎസ്എസിലൂടെ ഇതിനകം വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.


രാജസ്ഥാനിലെ മൌണ്ട് അബുവിൽ ബ്രഹ്മകുമാരി ഈശ്വര വിശ്വ വിദ്യാലയത്തിന്റെ ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം യോഗയോടുള്ള തന്റെ ആഭിമുഖ്യം വ്യക്തമാക്കിയത്. ഇക്കാര്യം 2012ൽത്തന്നെ താൻ ആവശ്യപ്പെട്ടുവരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി ജെ കുര്യനോട് ഇതിനു മുമ്പും ബിജെപി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. സൂര്യനെല്ലി കേസ് ഉയർന്നു വന്ന ഘട്ടത്തിൽ സംസ്ഥാന ബിജെപി ഘടകം കുര്യനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചപ്പോൾ കേന്ദ്രനേതൃത്വം മലക്കം മറിഞ്ഞത് നിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു. കുര്യൻ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടില്ലെന്നും വിഷയം ദേശീയതലത്തിൽ ഉന്നയിക്കില്ലെന്നും അന്ന് ബിജെപി കേന്ദ്രനേതൃത്വം പരസ്യമായി വ്യക്തിമാക്കി. ഇതോടെ സംസ്ഥാന ഘടകവും പ്രക്ഷോഭത്തിൽ നിന്നു പിൻവലിഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കെതിരെ പി ജെ കുര്യൻ പരസ്യമായി രംഗത്തെത്തിയത് ആറന്മുളയിലെ ബിജെപി സ്ഥാനാർത്ഥിയായ എം ടി രമേശിനെ സഹായിക്കാൻ വേണ്ടിയായിരുന്നുവെന്ന് യുഡിഎഫിൽ ആക്ഷേപം ഉയർന്നിരുന്നു. എക്കാലവും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഓർത്തഡോക്സ്, മാർത്തോമാ വിഭാഗങ്ങളെ പിണക്കുകയായിരുന്നുവത്രേ കുര്യന്റെ ലക്ഷ്യം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രിയങ്കരനായിരിക്കെയാണ് ബിജെപിയുടെ പിന്തുണ നേടി ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കു കുര്യൻ കണ്ണുവെയ്ക്കുന്നത്.

നിലവിലുള്ള ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി 2017ൽ അവസാനിക്കും. തുടർച്ചയായി രണ്ടു തവണ അൻസാരി ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി മറ്റൊരു ന്യൂനപക്ഷ സമുദായത്തിൽ നിന്നൊരാളെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി തങ്ങൾക്കു ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു.