മലയാളത്തിന് അഭിമാനിക്കാൻ പാർവതിക്ക് പുരസ്കാരം

ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന നേഴ്സ് കഥാപാത്രമാണ് നടിയെ അവാർഡിന് അർഹയാക്കിയത്. ഗോവ ചലച്ചിത്ര മേള ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

മലയാളത്തിന് അഭിമാനിക്കാൻ പാർവതിക്ക് പുരസ്കാരം

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്ക്കാരം മലയാളത്തിന്റെ പ്രിയതാരം പാർവതിക്ക്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന നേഴ്സ് കഥാപാത്രമാണ് നടിയെ അവാർഡിന് അർഹയാക്കിയത്. ഗോവ ചലച്ചിത്ര മേള ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരത്തിന് പുരസ്‌കാരം ലഭിക്കുന്നത്. ചലചിത്ര മേളയിലെ പുരസ്കാര ചടങ്ങിൽ പാർവതി അവാർഡ് ഏറ്റുവാങ്ങി. 2014ൽ ഇറാഖിൽ ഐഎസ് തടങ്കലിലായ ഇന്ത്യൻ നേഴ്സുമാരുടെ കഥ പറയുന്ന ചലച്ചിത്രമായിരുന്നു ടേക്ക് ഓഫ്.

ഇറാഖിൽ അകപ്പെട്ട മലയാളിയായ മെറീന അവർ കടന്നുപോയ ഭീതിജനകമായ കഥ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. മെറീനയുടെ അനുഭവങ്ങൾ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ടേക്ക് ഓഫിന്റെ പ്രദർശന ദിവസം പാർവതിക്കൊപ്പം മെറീനയും കോട്ടയം ആനന്ദ തിയേറ്ററിൽ സിനിമ കാണാനുണ്ടായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ്. ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ദുബായിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ച 2017 മാർച്ച് 24ന് തിയേറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടിയിരുന്നു.

Read More >>