സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മയും സഹോദരിയും; അവിഷ്ണയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു; ധനസഹായം തിരിച്ചു നല്‍കുമെന്ന് അച്ഛന്‍ അശോകന്‍

നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം പരാജയപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം തുടരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നിര്‍ബന്ധപൂര്‍വ്വം ഡ്രിപ്പ് നല്‍കുന്നുണ്ട്. അതേസമയം അഞ്ചുപേരില്‍ ഒരാളെയെങ്കിലും പിടികൂടണമെന്നും നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ അമ്മയും സഹോദരിയും; അവിഷ്ണയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു; ധനസഹായം തിരിച്ചു നല്‍കുമെന്ന് അച്ഛന്‍ അശോകന്‍

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ സോമന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവിഷ്ണയെ പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ഈ അവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നുമായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. അതിനിടെ നാട്ടുകാരുടേയും ബന്ധുക്കളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് അവിഷ്ണയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം മൂന്നാം തവണയും പരാജയപ്പെട്ടു.

ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം രാത്രി ഒമ്പത് മണിയോടെ ജിഷ്ണുവിന്റെ വീട്ടിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് നീക്കം പാളുകയായിരുന്നു. പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും അത്യാവശ്യഘട്ടം വരികയാണെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്നും ബന്ധുക്കള്‍ ഡി.ജി.പിയെ അറിയിച്ചു. അവിഷ്ണയുടെയും മഹിജയുടെയും ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പ്രകടനം നടത്തി.

എന്നാല്‍ ഇന്നും നിരാഹാരം തുടരുകയാണെങ്കില്‍ സ്ഥിതി വഷളായേക്കും എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. വടകര ജില്ല ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ യൂണിറ്റ് വീട്ടില്‍ ക്യാംപ് ചെയ്യുന്നുണ്ട് . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാദാപുരം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് തുടരുകയാണ്.

അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മഹിജയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളം കുടിക്കില്ലെന്നും മരുന്ന് കഴിക്കില്ലെന്നും തീരുമാനിച്ച മഹിജയ്ക്ക് നിര്‍ബന്ധപ്പൂര്‍വ്വം ഡ്രിപ്പ് നല്‍ക്കുന്നുണ്ട്.

വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കും. മകനാണ് തനിക്കു വലുതെന്നും അഞ്ച് പ്രതികളില്‍ ഒരാളെയെങ്കിലും പിടികൂടണമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് അശോകന്‍ പറഞ്ഞു.

തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഹിജയ്ക്ക് ഒപ്പം ചികിത്സയിലുള്ള ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും നിരാഹാരം തുടരുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി. ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ് തുടങ്ങിയ നേതാക്കളാണ് അനിശ്ചിത കാല നിരാഹാര സമരം നടത്തുന്നത്.

Read More >>