നക്‌സല്‍ വര്‍ഗീസ് വധം: സർക്കാരിനെ തള്ളി കോടിയേരി, സിപിഐഎം നിലപാട് ഇതല്ല; സത്യവാങ്മൂലം യുഡിഎഫ് നിയോഗിച്ച അഭിഭാഷകന്റേത്‌

നക്‌സല്‍ നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016 ജൂണില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗ്ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചത്. ഇതിനെതിരെ സിപിഐഎമ്മിനുള്ളിലും മുന്നണിക്കുള്ളിലും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കുന്നുന്നത്

നക്‌സല്‍ വര്‍ഗീസ് വധം: സർക്കാരിനെ തള്ളി കോടിയേരി, സിപിഐഎം നിലപാട് ഇതല്ല; സത്യവാങ്മൂലം യുഡിഎഫ് നിയോഗിച്ച അഭിഭാഷകന്റേത്‌

പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് തിരുനെല്ലിക്കാട്ടില്‍ നക്‌സല്‍ നേതാവ് വര്‍ഗീസ് വെടിയേറ്റു മരിച്ചതെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി നയത്തിന് നിരക്കുന്നതല്ല ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്നും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ കാഴ്ചപാട് ഇതല്ല. സത്യവാങ്മൂലം നല്‍കിയത് മുന്‍സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനാണെന്നും ഈ അഭിഭാഷകനെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

2016 ജൂലൈ 22ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍ സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. വര്‍ഗീസിനെ കൊള്ളയും കൊലയുമുള്‍പ്പെടെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി മാനന്തവാടി പൊലീസ് പ്രഖ്യാപിച്ചതാണ്. അദ്ദേഹത്തിന്റെ മരണകാലത്ത് ഭരണകൂട ഭീകരത എന്ന ആരോപണം നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഗീസ് കൊലക്കേസില്‍ പ്രതിയെ വിചാരണകോടതി ശിക്ഷിച്ചതിന്റെ പേരില്‍ ഭരണകൂട ഭീകരത ആരോപിച്ചു നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

എഴുപതുകളില്‍ വയനാട്ടില്‍ നടന്ന കൊലപാതകം, കവര്‍ച്ച കേസുകളിലുള്‍പ്പെടെ വര്‍ഗീസ് പ്രതിയാണെന്ന കാര്യം നിഷേധിക്കാനുള്ള കാരണം സിബിഐയോ വിചാരണകോടതിയോ കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരങ്ങായ എ തോമസ, ജോസഫ്, മറിയം, റോസ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കേസ് മധ്യവേനവധിയ്ക്ക് പരിഗണിക്കാന്‍ മാറ്റിയിരുന്നു.

ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലത്തിനെതിരെ സിപിഐ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.സത്യവാങ്മൂലം എല്‍ഡിഎഫ് കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ലെന്നായിരുന്നു സിപിഐ അസി. സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ പ്രതികരണം. സിപിഐഎമ്മിനുള്ളിലും ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറി വിശദീകരണവുമായെത്തിയത്.