നാരദാ സ്റ്റിംഗ് ഓപ്പറേഷന്‍; നാരദാ സിഇഒ മാത്യു സാമുവേലിനും കുടുംബത്തിനും അജ്ഞാതഭീഷണി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തുകൊണ്ടുവന്ന നാരദാ സ്റ്റിംഗ് ഓപ്പറേഷനില്‍ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് നാരദാന്യൂസ് സിഇഒയും എഡിറ്ററുമായ മാത്യു സാമുവേലിനേയും കുടുംബത്തേയും അജ്ഞാതര്‍ പിന്തുടരുന്നത്. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് മാത്യു സാമുവേല്‍ പറഞ്ഞു.

നാരദാ സ്റ്റിംഗ് ഓപ്പറേഷന്‍; നാരദാ സിഇഒ മാത്യു സാമുവേലിനും കുടുംബത്തിനും അജ്ഞാതഭീഷണി

തന്നേയും കുടുംബത്തേയും സംശയാസ്പദമായ രീതിയില്‍ അജ്ഞാതര്‍ പിന്തുടരുന്നുവെന്ന് നാരദാ ന്യൂസ് സിഇഒ മാത്യു സാമുവേല്‍. നാരദാന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകയായ ഏയ്ഞ്ചല്‍ എബ്രാഹാമിനേയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരാള്‍ പിന്തുടരുകയാണ്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്നത് പുറത്ത് കൊണ്ടുവന്ന നാരദാ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് ഇതെന്നും മാത്യു സാമുവേല്‍ പറഞ്ഞു.

ചികിത്സയുമായി ബന്ധപ്പെട്ട് മാത്യു സാമുവേല്‍ ഇപ്പോള്‍ കൊച്ചിയിലാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കുള്ള യാത്രയില്‍ പതിമൂന്ന് കിലോമീറ്ററോളം സാന്‍ട്രോ കാര്‍ തന്നെ പിന്തുടര്‍ന്നുവെന്ന് മാത്യു സാമുവേല്‍ പറഞ്ഞു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലും ഈ കാര്‍ പിന്നാലെയുണ്ടായിരുന്നു. ഡല്‍ഹിയിലുള്ള ഭാര്യയേയും മക്കളേയും ഒരാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിന്തുടര്‍ന്നതായും മാത്യു സാമുവേല്‍ പറയുന്നു.

ഫേസ്ബുക്ക് മെസെഞ്ചറിലൂടെ പരിചിതരല്ലാത്ത ചിലര്‍ ഭീഷണിരൂപത്തിലുള്ള സന്ദേശങ്ങല്‍ അയക്കുന്നുണ്ട്. ഇത് ബംഗാളില്‍ നിന്നാണെന്നാണ് മനസ്സിലാക്കാനായിട്ടുള്ളതെന്നും മാത്യു സാമുവേല്‍ പറഞ്ഞു. സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട പ്രധാന സാക്ഷിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നാരദാന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകയായ ഏയ്ഞ്ചല്‍ എബ്രഹാമും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയില്‍ പതിവായി യാത്ര ചെയ്യുന്ന തന്നെ ഒരാള്‍ സ്ഥിരമായി പിന്തുടരുന്നുണ്ടെന്ന് ഏയ്ഞ്ചല്‍ പറഞ്ഞു. രാവിലെ ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇയാള്‍ പിന്നാലെയുണ്ടാകും. ലേഡീസ് കംപാര്‍ട്ട്‌മെന്റിലാണ് കയറാറുള്ളതെങ്കിലും അതിന് തൊട്ടടുത്താണ് ഇയാള്‍ നില്‍ക്കാറുള്ളതെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്ന് മാത്യൂ സാമുവേല്‍ പറഞ്ഞു. ആലുവാ ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കുന്നത്. ഡല്‍ഹിയിലുള്ള മാത്യു സാമുവേലിന്റെ കുടുംബവും ഏയ്ഞ്ചല്‍ എബ്രഹാമും ഡല്‍ഹി പൊലീസിന് ഇന്നു പരാതി നല്‍കുന്നുണ്ട്.