മാഞ്ചസ്റ്ററിനായി മോദിയുടെ ട്വിറ്റര്‍ ചലിച്ചു; ഝാര്‍ഖണ്ഡിൽ കൊല്ലപ്പെട്ട ഏഴു ദരിദ്രരെ അവഗണിച്ചു

വ്യാജപ്രചരണത്തെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ ഏഴ് യുവാക്കളെ അടിച്ചുകൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ നേതൃത്വവും മൗനം തുടരുകയാണ്. എന്നാല്‍ മാഞ്ചസ്റ്ററിലെ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടനടിയായിരുന്നു മോദിയുടെ പ്രതികരണം.

മാഞ്ചസ്റ്ററിനായി മോദിയുടെ ട്വിറ്റര്‍ ചലിച്ചു; ഝാര്‍ഖണ്ഡിൽ കൊല്ലപ്പെട്ട ഏഴു ദരിദ്രരെ അവഗണിച്ചു

കേരളമടക്കം ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ദേശീയ തലത്തില്‍ വിഷയമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഝാര്‍ഖണ്ഡിലെ കൊലപാതകങ്ങളില്‍ മൗനം തുടരുന്നു. ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളെയടക്കം ഏഴു പേരെ അക്രമികള്‍ അടിച്ചു കൊന്നിട്ടും പ്രധാനമന്ത്രിയും ബിജെപി ദേശീയ നേതൃത്വവും മൗനം പാലിക്കുകയാണ്.

അതിനിടെ മാഞ്ചസ്റ്ററില്‍ നടന്ന സ്‌ഫോടനത്തെ അപലപിച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി എന്തു പറയുന്നെന്ന് ചോദിച്ച് മോദിയുടെ ട്വിറ്റര്‍ സന്ദേശത്തിനു കീഴില്‍ ആളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്നാരോപിച്ച് അക്രമികള്‍ അടിച്ചവശനാക്കിയ മുഹമ്മദ് നയീം എന്ന യുവാവ് ചോരയില്‍ കുളിച്ച് ജീവനുവേണ്ടി കേഴുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി ഉത്തരം പറയുമോ എന്നു മുഹമ്മദ് നയീമിന്റെ ചിത്രസഹിതം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ സംഭവത്തില്‍ ബിജെപി നിലപാടിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

ജാംഷെഡ്‍പൂരിനടുത്ത ശോഭാപൂരില്‍ നാല് മുസ്ലീം യുവാക്കളെയും നഗാദിയില്‍ മൂന്ന് പേരെയുമാണ് അക്രമികള്‍ മൃഗീയമായി അടിച്ചു കൊന്നത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഝാര്‍ഖണ്ഡ് ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. കലാപം തടയാന്‍ വേണ്ടത്ര പൊലീസ് സേനയെ നിയോഗിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനു സാധിച്ചിരുന്നില്ല.

മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് കൂടുതല്‍ സേനയെ സംഭവ സ്ഥലത്ത് നിയോഗിച്ചത്. രഘുബര്‍ ദാസാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരിലടക്കം ഉണ്ടാകുന്ന അക്രസംഭവങ്ങളില്‍ കര്‍ശനനടപടിയുണ്ടാകുന്നില്ലെന്ന് ആരോപണം നേരത്തെ ഉയര്‍ന്നതാണ്.

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിനെ കടത്തി എന്നാരോപിച്ച് പെഹ്‌ലു ഖാന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൂര്‍ണമായും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മദ്ധ്യപ്രദേശിലെ ബിന്ദില്‍ ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് മുസ്ലീംങ്ങള്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇതിനിടെ പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ പരാമര്‍ശവും വിവാദമായിരിക്കുകയാണ്.