താനൂർ സംഘർഷം: പൊലീസും അഴിഞ്ഞാടിയെന്ന് ന്യൂനപക്ഷ കമ്മീഷൻ; പൊലീസുകാരുടെ പ്രവൃത്തികൊണ്ടുണ്ടായ മുഴുവൻ നാശനഷ്ടവും സർക്കാർ നൽകണം

മാർച്ച് 12ന് രാത്രിയാണ് താനൂർ തീരദേശമേഖലയായ കേർമർ കടപ്പുറം, ചാപ്പപ്പടി, ആൽ ബസാർ തുടങ്ങിയ ഇടങ്ങളിൽ മുസ്ലീം ലീഗ്- സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. അക്രമത്തിൽ വീടുകൾ, വാഹനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഇരുകൂട്ടരും പരസ്പരം തകർത്തിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്കെതിരെ അക്രമവും മർദ്ദനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ന്യൂനപക്ഷ കമ്മിഷൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

താനൂർ സംഘർഷം: പൊലീസും അഴിഞ്ഞാടിയെന്ന് ന്യൂനപക്ഷ കമ്മീഷൻ; പൊലീസുകാരുടെ പ്രവൃത്തികൊണ്ടുണ്ടായ മുഴുവൻ നാശനഷ്ടവും സർക്കാർ നൽകണം

താനൂർ തീരദേശ മേഖലയിൽ കഴിഞ്ഞ മാസമുണ്ടായ സംഘർഷത്തിൽ പൊലീസും അക്രമികളുടെ റോളിൽ അഴിഞ്ഞാടി നാശനഷ്ടം വരുത്തിയതായി ന്യൂനപക്ഷ കമ്മിഷൻ. സംഘർഷത്തിൽ പങ്കാളികളായവരുടെ വീടുകൾ ആക്രമിച്ച് നാശനഷ്ടം വരുത്തിയ പൊലീസ് നടപടിയിൽ നടപടിയെടുക്കണം. ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ റിട്ട. ജഡ്ജി പി കെ ഹനീഫ,അംഗം അഡ്വക്കേറ്റ് ബിന്ദു എം തോമസുമാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മാർച്ച് 12ന് രാത്രിയാണ് താനൂർ തീരദേശമേഖലയായ കേർമർ കടപ്പുറം, ചാപ്പപ്പടി, ആൽ ബസാർ തുടങ്ങിയ ഇടങ്ങളിൽ മുസ്ലീം ലീഗ്- സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. അക്രമത്തിൽ വീടുകൾ, വാഹനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഇരുകൂട്ടരും പരസ്പരം തകർത്തിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്കെതിരെ അക്രമവും മർദ്ദനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ന്യൂനപക്ഷ കമ്മിഷൻ സ്ഥലം സന്ദർശിച്ചത്.

പൊലീസ് എത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ വ്യാപിക്കുന്നത് തടയാനായി. എന്നാൽ ചില ഭാഗങ്ങളിൽ പൊലീസ് അക്രമികളുടെ റോളെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. താനൂർ, ഊട്ടുപുറം അഴിമുഖം റോഡിന് ഇരുവശവും താമസിക്കുന്ന ഇരുപതോലം വീടുകളിലേക്ക് എ.ആർ ക്യാംപിൽ നിന്നുള്ള പൊലീസുകാർ അതിക്രമിച്ച് കയറി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയെന്ന് ദൃക്സാക്ഷികളുടെ മൊഴിയിൽ വ്യക്തമാകുന്നതായി റിപ്പോർട്ടിലുണ്ട്.

ഈ പ്രദേശത്തെ ആരും ലീഗ്- സിപിഐഎം പാർട്ടിയിൽപ്പെട്ടവരോ സംഘർഷത്തിൽ പങ്കാളികളോ അല്ല. നിരപരാധികളായ കുടുംബങ്ങൾക്ക് പൊലീസിന്റെ ഭഗത്ത് നിന്നുണ്ടായ പ്രവൃത്തി കൊണ്ട് ഉണ്ടായ മുഴുവൻ നാശനഷ്ടവും സർക്കാർ നൽകണം. നഷ്ടടം തിട്ടപ്പെടുത്താൻ വിദഗ്ധ സമിതിയെ ഉടൻ നിയോഗിക്കണമെന്നും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അക്രമങ്ങൾക്ക് ഉത്തരവാദികളായ വ്യക്തികളെ കണ്ടെത്തുന്നതിനും മേലിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കീഴിൽ സമർത്ഥരായ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്നവരിൽ ചിലർ നിരപരാധികളാണെന്നും അക്രമികളിൽ പലരും പിടിയിലായിട്ടുണ്ടെന്നും അഭിപ്രായം നിലനിൽക്കുന്നുണ്ട്. ഈ വസ്തുത പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.


Read More >>