സ്ത്രീയെന്ന നിലയില്‍ അസഹ്യമായ സാഹചര്യം: അല്‍നീമ മംഗളം ചാനലിൽ നിന്ന് രാജിവെച്ചു

രാജിവെച്ചത് ആദ്യവാര്‍ത്ത സത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച്. ചാനലിലെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടാന്‍ ക്ഷണമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ അല്‍നീമ അഷ്‌റഫാണ് രാജിവെച്ചത്. സ്ത്രീകളുടെ കൂടുതല്‍ രാജിക്ക് സാധ്യത

സ്ത്രീയെന്ന നിലയില്‍ അസഹ്യമായ സാഹചര്യം: അല്‍നീമ മംഗളം ചാനലിൽ നിന്ന് രാജിവെച്ചു

മന്ത്രിയുടെ സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ പ്രതിഷേധിച്ച് മംഗളം ചാനലിലെ മാദ്ധ്യമപ്രവർത്തക അൽനീമ അഷ്റഫ് രാജിവെച്ചു. മാദ്ധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മാത്രമല്ല, സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വെച്ചതെന്ന് അൽനീമ അഷ്റഫ് പറഞ്ഞു. മംഗളത്തിന്റെ വാര്‍ത്ത ഇത്രയും തരംതാഴ്ന്ന രീതിയില്‍ ആകുമെന്ന് കരുതിയിരുന്നില്ല. അവിടെ ജോലി ചെയ്യുന്നവരെ അപമാനകരമായ സാഹചര്യത്തിലാണ് മംഗളം പുറത്തുവിട്ട വാർത്ത എത്തിച്ചിരിക്കുന്നതെന്നും അൽ നീമ ഫേസ്ബുക്കിൽ വ്യക്തമാക്കി.

സ്വകാര്യ ഫോൺ സംഭാഷണം പുറത്തു വിട്ട ചാനൽ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകയുടെ രാജി. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അൽനീമ മംഗളത്തിൽ ചേർന്നത്. ആ ഘട്ടത്തിൽ തന്നെ അഞ്ച് റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിച്ചിരുന്നെന്ന് അൽനീമ പറയുന്നു. ആ സംഘത്തിലേക്ക് തന്നേയും നിർദ്ദേശിച്ചിരുന്നെങ്കിലും തയ്യാറല്ല എന്ന് അറിയിക്കുകയായിരുന്നു. അതിന്റെ ഉദ്ദേശം തന്റെ പ്രതീക്ഷയിലെ മാദ്ധ്യമപ്രവർത്തനം അല്ലെന്ന് തോന്നിയതിനാലാണ് വേണ്ടെന്ന് പറഞ്ഞതെന്നും അൽനീമ വ്യക്തമാക്കി.

മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത ചാനൽ പുറത്ത് വിട്ടപ്പോളാണ് താനും അറിഞ്ഞത്. വലിയ ബ്രേക്കിംഗ് പുറത്ത് വിടുമെന്ന് സൂചന തന്നിരുന്നുവെങ്കിലും ഇങ്ങനെയൊരു വാർത്തയാണെന്ന് അറിയില്ലായിരുന്നു. ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണസമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോഴാണ് ശരികേടുകൾ ബോധ്യമായതെന്ന് അൽനീമ വ്യക്തമാക്കി.

പരാതിക്കാരിയായ സ്ത്രീ ആരെന്നും എന്ത് പരാതി പറയാനാണ് മന്ത്രിയെ സമീപിച്ചതെന്നും, സ്ത്രീയുടെ സംഭാഷണം എഡിറ്റ് ചെയ്ത് മാറ്റിയത് എന്തിനാണെന്നും അറിയാൻ ആഗ്രഹമുണ്ടെന്നും അൽനീമ പറയുന്നു. മംഗളം ചാനൽ പുറത്ത് വിട്ടതോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാദ്ധ്യമപ്രവർത്തകരും സംശയത്തിന്റെ നിഴലിലാകുകയും അപമാനിക്കപ്പെടുന്ന സാഹചര്യവുമുണ്ടെന്ന് അൽ നീമ പറയുന്നു. അത് സങ്കടകരമാണെന്ന് അൽനീമ ഫേസ്ബുക്കിൽ കുറിച്ചു.

മംഗളം പുറത്തുവിട്ട സ്വകാര്യസംഭാഷണവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിക്കാരി പൊലീസിനെയോ മറ്റോ സമീപിച്ചിട്ടില്ല. പരാതിക്കാരിയുടെ വിവരങ്ങൾ ചാനൽ പുറത്തുവിട്ടതുമില്ല. ഈ സാഹചര്യത്തിൽ സംശയനിഴലിലായിരിക്കുന്ന ചാനലിന് മാദ്ധ്യമപ്രവർത്തകയുടെ രാജി കൂടുതൽ പ്രതിസന്ധിയിലാക്കും. മംഗളം ചാനലിൽ നിന്നും കൂടുതൽ വനിതാ മാദ്ധ്യമപ്രവർത്തകർ രാജിയ്ക്കൊരുങ്ങുന്നതായാണ് സൂചനകൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


Read More >>