മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കു മുന്നിൽ എല്‍ഡിഎഫ് വിയര്‍ക്കും; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

മങ്കട, പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളില്‍ മാത്രമാണു ലീഗിനു ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയാതെ വന്നത്. ഇവിടങ്ങളിലാണ് എല്‍ ഡി എഫിന് കാര്യമായ വോട്ടുകളുള്ളതും. 40 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഈ സാധ്യതയാണ് എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നത്. 16 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫും നാല് പഞ്ചായത്തുകളില്‍ ഇടതു പിന്തുണയോടെയുള്ള ലീഗ് വിരുദ്ധരുമാണ് ഭരണം കയ്യാളുന്നത്. അവശേഷിക്കുന്ന 20 പഞ്ചായത്തുകളാണ് യു ഡി എഫിനുള്ളത്. നാല് നഗരസഭകളില്‍ രണ്ടും എല്‍ ഡി എഫാണ്

മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കു മുന്നിൽ എല്‍ഡിഎഫ് വിയര്‍ക്കും; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെത്തുമ്പോള്‍ യുദ്ധം ജയിക്കാന്‍ പതിനെട്ടടവും പയറ്റാനൊരുങ്ങി എല്‍ ഡി എഫും രഗഗത്ത് . യു ഡി എഫില്‍ ഇതുവരെയും പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്നുള്ള സൂചനകളാണു ലഭിക്കുന്നത്. അതേസമയം കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ ശക്തനായ സ്ഥനാര്‍ഥിയെ അങ്കത്തട്ടിലിറക്കാന്‍ എല്‍ ഡി എഫില്‍ സ്ഥനാര്‍ഥി ചര്‍ച്ചകള്‍ സജീവമായിത്തുടങ്ങി. 11,97,718 വോട്ടര്‍മാരുള്ള മലപ്പുറം മണ്ഡലം പരമ്പരാഗതമായി ലീഗിന്റെ കോട്ടയാണ്. ഏഴ് നിയമസഭാ നിയോജക മണ്ഡലം പൂര്‍ണ്ണമായും യു ഡി എഫാണ് കൈയ്യാളുന്നത്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര നിയോജക മണ്ഡലങ്ങളില്‍ മൃഗീയ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നത്.

മങ്കട, പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് ലീഗിന് ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയാതെ വന്നത്. ഇവിടങ്ങളിലാണ് എല്‍ ഡി എഫിന് കാര്യമായ വോട്ടുകളുള്ളതും. 40 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഈ സാധ്യതയാണ് എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നത്. 16 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫും നാല് പഞ്ചായത്തുകളില്‍ ഇടതു പിന്തുണയോടെയുള്ള ലീഗ് വിരുദ്ധരുമാണ് ഭരണം കയ്യാളുന്നത്. അവശേഷിക്കുന്ന 20 പഞ്ചായത്തുകളാണ് യു ഡി എഫിനുള്ളത്. നാല് നഗരസഭകളില്‍ രണ്ടും എല്‍ ഡി എഫാണ്.

2009ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം രൂപീകൃതമായതു മുതല്‍ മുസ്ലിംലീഗിനാണിവിടെ ആധിപത്യം. അത് മറി കടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ എല്‍ ഡി എഫ് ഏറെ വിയര്‍ക്കേണ്ടി വരും. യു ഡി എഫ് സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെത്തുകയാണെങ്കില്‍ അത്രത്തോളം ശക്തനായ എതിര്‍ സ്ഥാനാര്‍ഥിയെയാണ് എല്‍ ഡി എഫ് ആലോചിക്കുന്നത്. പാര്‍ട്ടിയില്‍ സര്‍വസമ്മതനും കഴിഞ്ഞ തവണ മങ്കട നിയോജക മണ്ഡലത്തില്‍ നിന്ന് നേരിയ വോട്ടുകള്‍ക്കു പരാജയപ്പെടുകയും ചെയ്ത സിപിഐഎമ്മിലെ അഡ്വ. ടി കെ റഷീദിന്റെ പേരാണ് ഇപ്പോള്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. ലീഗ് കോട്ടകള്‍ ഇളക്കാന്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെയും പരിഗണിക്കാമെന്നാണ് എല്‍ ഡി എഫില്‍ നിന്നുയരുന്ന ചര്‍ച്ചകള്‍. മലപ്പുറം മണ്ഡലം രൂപീകൃതമാകുന്നതിന് മുമ്പ് 2004ല്‍ സിപിഐഎമ്മിലെ ടി കെ ഹംസ മഞ്ചേരി ണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയ ചരിത്രവുമുണ്ട്.

മുസ്ലിംലീഗിലെ കെ പി എ മജീദായിരുന്നു അന്ന് എതിര്‍ സ്ഥനാര്‍ഥി. അന്ന് ഇടതുപക്ഷത്തിന് ശക്തമായ മേല്‍ക്കൈയുള്ള കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങള്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിലായിരുന്നു. 1991 മുതല്‍ 99 വരെ മഞ്ചേരിയെ പ്രതിനിധീകരിച്ചത് ഇ അഹമ്മദായിരുന്നു. പിന്നീട് അദേഹം പൊന്നാനിയിലേക്ക് മാറുകയായിരുന്നു. ടി കെ ഹംസയെ മലപ്പുറത്ത് ഇറക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. അതിനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ കുറവാണെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. യു ഡി എഫില്‍ കുഞ്ഞാലിക്കുട്ടിയല്ലെങ്കില്‍ ഇ അഹമദിന്റെ മകളുടെ പേരും സമദാനിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ലീഗിലെ ഒരു വിഭാഗത്തിന് സമദാനിയില്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്.

ഇടക്കാലത്ത് ലീഗിനുള്ളില്‍ രൂപപ്പെട്ട വിഭാഗീയ രാഷ്ട്രീയമാണ് കോട്ടക്കല്‍ മുന്‍ എം എല്‍ എ ആയിരുന്ന സമദാനിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാന്‍ ചരടുവലി നടത്തിയത്. പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയായാല്‍ വേങ്ങ നിയോജക മണ്ഡലത്തില്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും. തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും പ്രചാരണവും ഉള്‍പ്പെടെ ത്വരിതഗതിയില്‍ നടത്താനാണ് ഇരുമുന്നണികളും കോപ്പുകൂട്ടുന്നത്.

Read More >>