പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയേക്കുമെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ; പൊലീസ് തലപ്പത്തും അഴിച്ചു പണിക്ക് സാധ്യത

അധികാരമേറ്റതു മുതല്‍ സര്‍ക്കാരിന് തലവേദനയായ പൊലീസില്‍ വ്യാപക അഴിച്ചു പണിക്ക് സാധ്യത. ഡിജിപി തലം മുതല്‍ മാറ്റം വരുത്തിയേക്കുമെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയേക്കുമെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ; പൊലീസ് തലപ്പത്തും അഴിച്ചു പണിക്ക് സാധ്യത

സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും നിരന്തരം തലവേദനയാകുന്ന പൊലീസില്‍ സമഗ്ര അഴിച്ചു പണിക്ക് സര്‍ക്കാര്‍ തയ്യാറാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരെ മാറ്റി പൊലീസിന് പുതിയ മുഖം നല്‍കിയേക്കുമെന്നാണ് പത്രങ്ങള്‍ രിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ആലോചിക്കണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തോട് ആവശ്യപ്പെട്ടെന്ന് ഇന്നലെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പകരം നിയമിക്കാന്‍ ഓഫീസര്‍മാരില്ലെന്ന മറുപടിയാണ് പാര്‍ട്ടി സംസ്ഥാനഘടകം നല്‍കിയതായാണ് സൂചനയെന്നും മനോരമയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടി ഉചിതമായില്ലെന്ന വിലയിരുത്തലാണ് സിപിഐഎം കേന്ദ്രനേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

സംസ്ഥാന പൊലീസ് മേധാവിക്കു പുറമെ ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്ഥാനചലനം ഉണ്ടായേക്കുമെന്നാണ് കേരളാകൗമുദി രിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്രതിഛായ നശിപ്പിക്കുന്ന പൊലീസ് സേനയെ ശരിയാക്കാന്‍ സര്‍ക്കാര്‍ ഡി.ജി.പി തലം മുതല്‍ അഴിച്ചുപണി നടത്തും. സേനയെ ഏകോപനത്തോടെ നിയന്ത്രിയ്ക്കാന്‍ പൊലീസ് മേധാവിയ്ക്ക് കഴിയുന്നില്ല.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ മുതല്‍ ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ നടപടി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ടു ഡസനോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പദവിയില്‍ നിന്ന് നീക്കിയതിനെതിരെ മുന്‍ പൊലീസ് മേധാവി ടി. പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സെന്‍കുമാറിന്റെ അപേക്ഷയില്‍ ഇടക്കാല വിധിയുണ്ടായാല്‍ സര്‍ക്കാരിന് അപ്പീലോ പുനഃപരിശോധനാ ഹര്‍ജിയോ നല്‍കാന്‍ കഴിയില്ല.

ഇടക്കാല ഉത്തരവ് പ്രതികൂലമായാല്‍ ബെഹ്‌റയ്ക്ക് കാലാവധി പൂര്‍ത്തിയാക്കാതെ പൊലീസ് മേധാവി സ്ഥാനം ഒഴിയേണ്ടി വരും. കേന്ദ്രത്തില്‍ ഡിജിപിയായി എംപാനല്‍ ചെയ്യുന്നതോടെ ബെഹ്‌റയെ എന്‍ഐഎ ഡയറക്ടര്‍ ജനറലായി നിയമിച്ചേക്കാനാണ് സാധ്യതയെന്നും കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെഹ്‌റയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നാല്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, വിജിലന്‍സ് ഡയറക്ടര്‍(അവധിയില്‍) ജേക്കബ് തോമസ്, സിആര്‍പിഎഫ് ഉത്തരമേഖല അഡീഷണല്‍ ഡയറക്ടര്‍ നിര്‍മ്മല്‍ ചന്ദ്ര അസ്താന എന്നിവരാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍.