ഭൂതകാലത്തെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് റാനു മൊണ്ടാൽ; അനുകരണം വിജയത്തിന്റെ സഹയാത്രികയല്ലെന്ന് ലത മങ്കേഷ്‌കർ

തന്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റാനു മൊണ്ടാൽ പരസ്യമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റാനു തന്റെ ഭൂതകാലത്തെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. അതേസമയം, അനുകരണം വിജയത്തിന്റെ സഹയാത്രികയല്ലെന്ന് ലത മങ്കേഷ്‌കർ പറഞ്ഞു.

ഭൂതകാലത്തെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് റാനു മൊണ്ടാൽ; അനുകരണം വിജയത്തിന്റെ സഹയാത്രികയല്ലെന്ന് ലത മങ്കേഷ്‌കർ

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് ലോകം മുഴുവൻ ചർച്ചാ വിഷയമായിരിക്കുകയാണ് റാനു മൊണ്ടാൽ എന്ന സ്ത്രീ. '...എക് പ്യാർ കാ നഗ്മാ ഹോ, എന്ന റാനുവിന്റെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞതാണ്. ലത മങ്കേഷ്‌കർ ആലപിച്ച ആ പാട്ട് അതെ പോലെ പാടിയതിനാലാണ് റാനു പ്രശസ്തയായത്. അപ്പോൾ സ്വാഭാവികമായും റാനു മൊണ്ടാലിന്റെ പാട്ടിനെക്കുറിച്ച് ലത മങ്കേഷ്‌കർ എന്ത് പറയുന്നു എന്നറിയണ്ടേ?

'എന്റെ പേരു കൊണ്ടോ ശബ്ദം കൊണ്ടോ ആർക്കെങ്കിലും ഗുണമുണ്ടായി എങ്കിൽ ഞാൻ ഭാഗ്യവതിയാണ്.'- ലത മങ്കേഷ്‌കർ പറഞ്ഞു. പക്ഷെ അനുകരണം ഒരിക്കലും വിജയത്തിന്റെ സഹയാത്രികയല്ല. അതിനാൽ അനുകരണത്തെ ആശ്രയിക്കരുത്. എന്റെയോ എന്റെ സഹപ്രവർത്തകരായ ഗായകരുടെയോ പാട്ടുകൾ വളർന്നു വരുന്നവർക്ക്‌ അനുകരിച്ച് കൈയ്യടി നേടാം. പക്ഷെ അത് അൽപകാലം മാത്രമേ ഉണ്ടാകൂ എന്നോർക്കണം.'- ലത മങ്കേഷ്‌കർ വ്യക്തമാക്കി. ഒരു ഘട്ടം കഴിഞ്ഞാൽ ഗായകർ സ്വന്തമായ ശൈലിയിലും ഭാവത്തിലും പാടണമെന്നും വളർന്നു വരുന്ന ഗായകർക്ക് നൽകാനുള്ള തന്റെ ഉപദേശമാണിത്.- ലത പറഞ്ഞു.

ചെറുപ്പത്തിൽ ലതാ മങ്കേഷ്‌ക്കറുടെ പാട്ടുകൾ റേഡിയോയിൽ കേട്ടാണ് സംഗീതം അഭ്യസിച്ചത് എന്നും ലതാജിയാണ് തന്റെ ഗുരുവെന്നും റാനു പറഞ്ഞു. തന്റെ ആലാപനം വൈറലായതു പോലെ അവസരങ്ങളും റാനുവിനെ തേടിയെത്തിയിരുന്നു. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയാണ് പിന്നണിഗാന രംഗത്തേയ്ക്ക് റാനുവിനെ കൈപിടിച്ച് കയറ്റിയത്. പിന്നീട് റാനുവിന്റെ തെരുവ് ജീവിതവും അമ്മയെ പത്ത് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയ മകൾ തിരിച്ച് വന്നതുമെല്ലാം ലോകം ചർച്ച ചെയ്തു.

എന്നാൽ തന്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റാനു മൊണ്ടാൽ പരസ്യമാക്കി. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് റാനു തന്റെ അച്ഛനെയും അമ്മയെയും ഭർത്താവിനെയും കുറിച്ച് പറഞ്ഞത്. തന്റെ ജനനം തെരുവിലല്ലെന്നും സ്വന്തമായി വീട് ഉണ്ടായിരുന്നെന്നും റാനു പറയുന്നു.

എന്നാൽ റാനുവിന് ആറ് മാസം മാത്രം പ്രായമുള്ളപ്പോൾ അച്ഛനും അമ്മയും വിടപറഞ്ഞു. പിന്നീട് മുത്തശ്ശിക്കൊപ്പമായിരുന്നു റാനുവിന്റെ ബാല്യം. അമ്മയും അച്ഛനുമില്ലാത്ത കുട്ടിക്കാലം നല്ല അനുഭവമായിരുന്നില്ലെന്ന് റാനു പറയുന്നു. കുട്ടിക്കാലം മുതലേ പാടാൻ ഏറെ ഇഷ്ടമായിരുന്നുവെങ്കിലും അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.- റാനു വ്യക്തമാക്കി.

പിന്നീട് വിവാഹത്തിനു ശേഷം ബംഗാളിൽ നിന്നും മുംബൈയിലേക്ക് പോയി. ബോളിവുഡ് താരം ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു.റാനുവിന്റെ ഭർത്താവ്. മുംബൈയിൽ വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു റാനുവിന്റേതാണ്. എന്നാൽ വിധി വീണ്ടും വില്ലനായി.

സന്തോഷം നിറഞ്ഞ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ നടന്നു. ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടമായി. ഭർത്താവിൻെറ മരണത്തിന് റാനുവിന് സാക്ഷിയാകേണ്ടി വന്നു. ഭർത്താവിന്റെ മരണം ജീവിതത്തെ മാറ്റി മറിച്ചു. പിന്നീട് മുംബൈയിൽ നിൽക്കാൻ തോന്നിയില്ല.അങ്ങനെ റാനു തിരികെ ബംഗാളിലേയ്ക്ക് വരുകയായിരുന്നു.