ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസ്; നിയമസഹായം ഏര്‍പ്പാടാക്കി തന്നെന്നും ശക്തിവേലിന്റെ മൊഴി; പ്രവീണിനായി വലവിരിച്ച് പൊലീസ് നാസിക്കില്‍

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയില്‍ അപേക്ഷ നല്‍കും

ഒളിവില്‍ കഴിയാന്‍ സഹായിച്ചത് കൃഷ്ണദാസ്; നിയമസഹായം ഏര്‍പ്പാടാക്കി തന്നെന്നും ശക്തിവേലിന്റെ മൊഴി; പ്രവീണിനായി വലവിരിച്ച് പൊലീസ് നാസിക്കില്‍

ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസാണെന്ന് ഇന്നലെ അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിയുന്നതിനിടെ ഒരു തവണ കൃഷ്ണദാസ് സന്ദര്‍ശിച്ചു. നിയമസഹായം ഏര്‍പ്പാടാക്കി തന്നത് കൃഷ്ണദാസാണെന്നും ശക്തിവേല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൃഷ്ണദാസിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കും.

ഇന്നലെ കോയമ്പത്തൂരില്‍ നിന്നും പിടിയിലായ ശക്തിവേലിനെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. ഇയാലെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ഇന്നലെ ശക്തിവേല്‍ പൊലീസിനോട് പറഞ്ഞിരുന്നു. ജിഷ്ണുവിന്റെ ഭാവിയെ കരുതിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നാണ് ഇയാളുടെ വാദം. ജിഷ്ണു കേപ്പിയടിച്ചെന്ന മൊഴിയിലും അവ്യക്തതയുണ്ട്. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെവുതിയതെന്നാണ് ശക്തിവേല്‍ മൊഴി നല്‍കിയതെന്നാണ് വിവരം.

ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് കേസിലെ നാലാം പ്രതി സി പി പ്രവീണ്‍ ആണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മൂന്നു മണിക്കൂറോളം സമയമാണ് പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തത്. ഒളിവില്‍ കഴിയുന്ന ഇന്‍വിജിലേറ്റര്‍ പ്രവീണിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇയാളെ തേടി പൊലീസ് നാസിക്കിലെത്തിയിട്ടുണ്ട്. പ്രവീണിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് പൊലീസ് ആവശ്യപ്പെടും.

ശക്തിവേലും പ്രവീണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍ പ്രവീണിന്റെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ പൂര്‍ണ്ണമായി എതിര്‍ത്തേക്കുമെന്നാണ് സൂചന.