പാലാ ഉപതിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് നിര്‍ദേശം

യുഡിഎഫ് നേതാക്കളുടെ സമ്മർദത്തെ തുടർന്ന് പി ജെ ജോസഫാണ് നിര്‍ദേശം നൽകിയത്. യുഡിഎഫ് സ്ഥാനാർഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ച ശേഷം വന്ന വിമതൻ പത്രിക പിൻവലിക്കുന്നതിൽ തൽക്കാലം ആശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

പാലാ ഉപതിരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് നിര്‍ദേശം

പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. അതിനിടെ പത്രിക പിന്‍വലിക്കാന്‍ യുഡിഎഫ് വിമത സ്ഥാനാർഥി ജോസഫ് കണ്ടത്തിലിന് നിര്‍ദേശം ലഭിച്ചു. യുഡിഎഫ് നേതാക്കളുടെ സമ്മർദത്തെ തുടർന്ന് പി ജെ ജോസഫാണ് നിര്‍ദേശം നൽകിയത്. യുഡിഎഫ് സ്ഥാനാർഥിയായി ജോസ് ടോമിനെ പ്രഖ്യാപിച്ച ശേഷം വന്ന വിമതൻ പത്രിക പിൻവലിക്കുന്നതിൽ തൽക്കാലം ആശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടിലച്ചിഹ്നം കിട്ടാൻ സാധ്യതയില്ല എന്ന വിലയിരുത്തലിലാണ് ജോസഫ് പക്ഷം. പുലിക്കുന്നേൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് പി ജെ ജോസഫ്. കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി ജോസ് ടോമിനെ അംഗീകരിക്കില്ലെന്ന്‌ ജോസഫ് കണ്ടത്തിലും നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ മാണി പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വർക്കിംഗ് ചെയര്‍മാനാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം.

ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവ് ജോസഫ് വിഭാഗം വീണ്ടും വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങൾ വ്യക്തമാക്കി പി ജെ ജോസഫ് വരണാധികാരിക്കു നേരത്തെ കത്തും നല്‍കിയിട്ടുണ്ട്. എന്നാൽ സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാർഥിയെ തിരഞ്ഞെടുത്തതെന്ന്‌ ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറേയും അറിയിച്ചു.

സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ പ്രകാരം ചിഹ്നം ആവശ്യപ്പെട്ടുവെന്ന് ജോസ് പക്ഷം നേതാവ് സ്റ്റീഫൻ ജോര്‍ജ്ജ് വ്യക്തമാക്കി. നിയമക്കുരുക്കിലുള്ള ചിഹ്നത്തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപാകെയുള്ള ചെയര്‍മാൻ തര്‍ക്കവും കോടതിയിലെ കേസുകളും പാര്‍ട്ടി ഭരണഘടനയും പരിഗണിച്ചാകും വരണാധികാരിയുടെ തീരുമാനം.