കിഫ്ബി പ്രായോഗികമെന്ന് കണക്കുകൾ നിരത്തി ഐസക്, വിദേശ വായ്പയെടുത്താൽ തിരിച്ചടവ് വീണ്ടും കുറയും

ഇത്തരത്തിൽ കണക്കാക്കിയാൽ 50000 കോടി രൂപയ്ക്ക് 14 വർഷം കൊണ്ട് 98000 കോടിയോളം രൂപയാണ് തിരിച്ചടവിന് വേണ്ടി വരിക. ഈ കാലയളവിൽ കിഫ്ബിയുടെ അക്കൌണ്ടിൽ 95000 കോടിയോളം രൂപ ഉണ്ടാകുമെന്നാണ് ഐസക് കണക്കുകൾ നിരത്തി സ്ഥാപിക്കുന്നത്. അതായത് 14 വർഷത്തിനുള്ളിൽ മൂവായിരത്തോളം കോടി രൂപ മാത്രമാണ് സർക്കാർ ഖജനാവിന് അധികബാധ്യതയായുണ്ടാകുന്നത്. വളരെ നിസാരമായ തുകയാണിത്.

കിഫ്ബി പ്രായോഗികമെന്ന് കണക്കുകൾ നിരത്തി ഐസക്, വിദേശ വായ്പയെടുത്താൽ തിരിച്ചടവ് വീണ്ടും കുറയും

കേരളത്തിലെ മൂലധന നിക്ഷേപമേഖലയിൽ വമ്പൻ മുടക്കുമുതലിനുവേണ്ടി വിഭാവന ചെയ്ത കിഫ്ബി വെറും സ്വപ്നാടന പദ്ധതിയാണെന്ന വിമർശനത്തിന് വിശദമായ കണക്കുകൾ നിരത്തി തോമസ് ഐസക്കിന്റെ മറുപടി. അമ്പതിനായിരം കോടിയുടെ വായ്പ 2030-31 ആകുമ്പോഴേയ്ക്കും തിരിച്ചടച്ചു കഴിയുമെന്നും സംസ്ഥാന സർക്കാർ നീക്കിവെയ്ക്കുന്ന തുക കൊണ്ടു മാത്രം അതു സാധ്യമാകുമെന്നുമാണ് കണക്കുകൾ. വായ്പാ തിരിച്ചടവിന് സർക്കാർ ഖജനാവിൽ നിന്ന് മറ്റു നീക്കിയിരിപ്പുകൾ ഒന്നും ആവശ്യമില്ലെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

മോട്ടോർ വാഹനനികുതിയുടെ അമ്പതു ശതമാനവും പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള സെസുമാണ് കിഫ്ബിയിലേയ്ക്ക് സർക്കാർ നീക്കി വെയ്ക്കുന്നത്. ഈ വരുമാനം ജാമ്യ ഉറപ്പു നൽകിയാണ് കിഫ്ബി വായ്പയെടുക്കുന്നത്. ഓരോ വര്‍ഷത്തെയും മൂന്നു വര്‍ഷത്തെ മൊറട്ടോറിയവും ഏഴു വര്‍ഷം തിരിച്ചടവു കാലാവധിയുമാണ് ഉദ്ദേശിക്കുന്നത്. 9.5 ശതമാനമാണ് പ്രതീക്ഷിക്കുന്ന പലിശ.

2017-18ല്‍ 5000 കോടി രൂപ വായ്പയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വായ്പയ്ക്ക് നാലു വർഷം കഴിഞ്ഞ് 1,345 കോടി രൂപ വീതം തിരിച്ചടവുണ്ടാകുമെന്ന് ഐസക് ചൂണ്ടിക്കാണിക്കുന്നു.

ഈ വായ്പയ്ക്ക് 2021-22 മുതലാണ് തിരിച്ചടവ് ആരംഭിക്കുന്നത്. അപ്പോഴേയ്ക്കും 14105 കോടി രൂപ കിഫ്ബിയുടെ അക്കൌണ്ടിലുണ്ടാകും. 2018-19ൽ പതിനായിരം കോടി രൂപ വായ്പയെടുക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. ഈ വായ്പയുടെ തിരിച്ചടവ് 2689 കോടി വീതമാണ്. തിരിച്ചടവ് ആരംഭിക്കുന്നത് 2022-23 വർഷത്തിലും. രണ്ടു വായ്പകൾക്കും കൂടി ആ വർഷത്തെ തിരിച്ചടവ് 4034 കോടി രൂപയായിരിക്കും. കിഫ്ബിയുടെ കൈവശം അപ്പോഴുണ്ടാവുക 17371 കോടിയും.

ഇത്തരത്തിൽ കണക്കാക്കിയാൽ 50000 കോടി രൂപയ്ക്ക് 14 വർഷം കൊണ്ട് 98000 കോടിയോളം രൂപയാണ് തിരിച്ചടവിന് വേണ്ടി വരിക. ഈ കാലയളവിൽ കിഫ്ബിയുടെ അക്കൌണ്ടിൽ 95000 കോടിയോളം രൂപ ഉണ്ടാകുമെന്നാണ് ഐസക് കണക്കുകൾ നിരത്തി സ്ഥാപിക്കുന്നത്. അതായത് 14 വർഷത്തിനുള്ളിൽ മൂവായിരത്തോളം കോടി രൂപ മാത്രമാണ് സർക്കാർ ഖജനാവിന് അധികബാധ്യതയായുണ്ടാകുന്നത്. വളരെ നിസാരമായ തുകയാണിത്.

ഒമ്പര ശതമാനം പലിശ കണക്കാക്കുമ്പോഴാണ് തിരിച്ചടവ് തുക ഇത്രയുമാകുന്നത്. മറുവശത്ത് വിദേശ വായ്പയുടെ പലിശനിരക്ക് രണ്ടു ശതമാനമാണ്. ആ വായ്പയെ ആശ്രയിച്ചാൽ കിഫ്ബിയുടെ അക്കൌണ്ടിൽ വൻതുക ബാക്കിയുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആദ്യഗഡുവായ അയ്യായിരം കോടി രൂപ ആരോഗ്യ- വിദ്യാഭ്യാസമേഖലകളിലാണ് ചെലവഴിക്കാനുദ്ദേശിക്കുന്നത്. മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനും പൊതുവിദ്യാലയങ്ങൾ ഹൈടെക് ആക്കാനും ഈ തുക വിനിയോഗിക്കും.

https://www.facebook.com/thomasisaaq/posts/1654903421192459