അനുനയത്തിന് കളമൊരുങ്ങുന്നു; കാനം രാജേന്ദ്രന്‍ ആശുപത്രിയിലെത്തി മഹിജയെ കണ്ടു; ജിഷ്ണുവിന്റെ കുടുംബം അഞ്ചരയ്ക്ക് മാദ്ധ്യമങ്ങളെ കാണും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം രാജേന്ദ്രന്‍ സംസാരിച്ചു. സമരം ഉടന്‍ അവസാനിക്കുമെന്ന് കാനം പറഞ്ഞു. അഞ്ച് ദിവസമായി ജിഷ്ണുവിന്റെ അമ്മയും കുടുംബാംഗങ്ങളും നിരാഹാര സമരത്തിലായിരുന്നു.

അനുനയത്തിന് കളമൊരുങ്ങുന്നു; കാനം രാജേന്ദ്രന്‍ ആശുപത്രിയിലെത്തി മഹിജയെ കണ്ടു; ജിഷ്ണുവിന്റെ കുടുംബം അഞ്ചരയ്ക്ക് മാദ്ധ്യമങ്ങളെ കാണും

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ നീതി തേടിയുള്ള കുടുംബത്തിന്റെ സമരം ഇന്നവസാനിച്ചേക്കും. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്‍കൈയ്യെടുത്തതോടെയാണ് അനുനയത്തിനുള്ള വഴി തെളിഞ്ഞത്. ആശുപത്രിയില്‍ നിരാഹാര സമരം തുടരുന്ന ജിഷ്്ണുവിന്റെ അമ്മ മഹിജയെ കാനം സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കാനം രാജേന്ദ്രന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി.

സമരം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കോടിയേരിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിയുമായി സംസാരിച്ച ശേഷമായിരുന്നു കാനം മഹിജയെ സന്ദര്‍ശിച്ചത്. മുതിര്‍ന്ന എല്‍ ഡി എഫ് നേതാക്കളും ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.പി ഉദയഭാനുവും കുടുംബത്തെ കാണുന്നുണ്ട്.

ഒത്തുതീര്‍പ്പിന് ആരു മുന്‍കൈയെടുത്താലും സഹകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരം തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പ്രതികരിച്ചു. കേരള സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തീരുമാനമുണ്ടാകുമെന്ന കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാനത്തിന്റെ ഇടപെടല്‍ മരുഭൂമിയില്‍ മഴ പോലെയെന്നും ശ്രീജിത്ത് പറഞ്ഞു. വൈകിട്ട് അഞ്ചരയ്ക്ക് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് നടപടി അനാവശ്യം തന്നെയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കേസിലെ പ്രതികലെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് കാനം മഹിജയെ അറിയിച്ചെന്നും സൂചനകളുണ്ട്. ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. റിപ്പോര്‍ട്ട് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കാനം വ്യക്തമാക്കി.

ഡിജിപി ഓഫീസിനു മുന്നിലെ പൊലീസ് അതിക്രമത്തിലും ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് അമ്മ മഹിജ അടക്കമുള്ളവര്‍ കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയില്‍ നിരാഹാര സമരത്തിലാണ്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നാദാപുരം വളയത്തിലെ വീട്ടില്‍ കഴിഞ്ഞ നാല് ദിവസമായി നിരാഹാര സമരം തുടരുകയാണ്.