ജിഷ്ണുവിന്റെ സഹോദരിയും സമരത്തില്‍; ആശുപത്രിയില്‍ അമ്മ മഹിജയുടെ നിരാഹാരസമരം തുടരുന്നു; പൊലീസ് പറയുന്നത് പച്ചക്കള്ളമെന്ന് അമ്മാവന്‍

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും, ബന്ധുക്കളും, സഹപാഠികളും നിരാഹാരസമരത്തിലാണ്. അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും ആശുപത്രിയിലും മറ്റുള്ളവര്‍ ആശുപത്രിയ്ക്ക് പുറത്തുമാണ് സമരം തുടരുന്നത്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും ഇന്ന് നിരാഹാരമനുഷ്ഠിക്കും.

ജിഷ്ണുവിന്റെ സഹോദരിയും സമരത്തില്‍;  ആശുപത്രിയില്‍ അമ്മ മഹിജയുടെ നിരാഹാരസമരം തുടരുന്നു; പൊലീസ് പറയുന്നത് പച്ചക്കള്ളമെന്ന് അമ്മാവന്‍

നീതി ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയും നിരാഹാര സമരം തുടങ്ങി. നാദാപുരത്തെ വളയത്ത് വീട്ടിലാണ് ജിഷ്ണുവിന്റെ സഹോദരി സമരമിരിക്കുന്നത്. അച്ഛനും അമ്മയും തിരികെയെത്തുന്നത് വരെ സമരം തുടരുമെന്ന് അവിഷ്ണ പറഞ്ഞു. അമ്മയെ മര്‍ദ്ദിക്കാനുള്ള താത്പര്യം എന്തു കൊണ്ടാണ് പ്രതികളെ പിടിക്കാന്‍ പൊലീസ് കാട്ടാത്തതെന്നും അവിഷ്ണ ചോദിക്കുന്നു.

നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് ഇപ്പോള്‍ പൊലീസിനോടുമുള്ളത്. കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ ചിത്രമാണ് ഏട്ടന്‍ വിഷുക്കണിയായി കാണിച്ചു തന്നത്. കുറെ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തു തന്നെങ്കിലും പ്രതികളെ പിടിക്കാന്‍ തയ്യാറാകാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അവിഷ്ണ പറയുന്നു.

പൊലീസ് അതിക്രമത്തില്‍ മര്‍ദ്ദനമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും നിരാഹാരസമരം തുടരുകയാണ്. ആശുപത്രിയ്ക്ക് പുറത്ത് സമരത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരാഹാരസമരം നടത്തുന്നുണ്ട്.

തന്റെ സമരം സര്‍ക്കാരിനെതിരെയല്ല, പൊലീസിനെതിരെയാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ വ്യക്തമാക്കി. ഡിജിപി ഓഫീസിന്റെ മുന്നില്‍ നിന്ന് പൊലീസിന്റെ കാട്ടിക്കൂട്ടലാണ് ഇതെല്ലാം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും മഹിജ പറഞ്ഞു.

ഡിജിപി ഓഫീസിലേക്ക് ഇന്നലെ നടത്തിയ സമരത്തിലേക്ക് ആളുകളെ തിരുകി കയറ്റിയെന്ന പൊലീസ് വാദം കള്ളമാണെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. കെ എം ഷാജഹാനും ഹിമവല്‍ ഭദ്രാനന്ദയും തങ്ങള്‍ ക്ഷണിച്ച് വന്നവരല്ല.ജിവിതത്തില്‍ ഇവരെ കണ്ടിട്ടില്ല. നാട്ടില്‍ നിന്ന് 14 പേരും ജിഷ്ണുവിന്റെ സഹപാഠികളായ രണ്ടുപേരുമാണ് സമരത്തിനായി എത്തിയതെന്നും ശ്രീജിത്ത് പറയുന്നു.

മുമ്പ് പരിചയമുള്ളത് ഷാജര്‍ഖാനെ മാത്രമാണ്. തിരുവനന്തപുരത്ത് മുറിയെടുത്ത് തന്നത് ഷാജര്‍ഖാനാണ്. എന്നാല്‍ അവരോട് സമരത്തില്‍ പങ്കു ചേരണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. സമരത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് ആളുകള്‍ നുഴഞ്ഞു കയറിയെന്ന് പൊലീസ് കള്ളം പറയുന്നതെന്നും ശ്രീജിത്ത് പറയുന്നു.

Read More >>