മോദി സമ്പൂർണ്ണാധികാരത്തിലേക്ക്; രാജ്യസഭയിലും ഭൂരിപക്ഷമാവും; രാഷ്ട്രപതി ഇനി ബിജെപിയുടെ മാത്രം തീരുമാനം

അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന സൂചനയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമാണ് എന്‍ഡിഎയ്ക്കുള്ളത്. യുപിഎ-ഇടത് ഇതര പാര്‍ട്ടികളുടെ പിന്തുണയോടെ ഇത് മറികടക്കാന്‍ ബിജെപിക്കു കഴിയും. 2018 അവസാനമാകുമ്പോഴേക്കും രാജ്യസഭയിലും ബിജെപിക്കു ഭൂരിപക്ഷം നേടാനാകും. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അംഗീകരിക്കുന്നില്ലെങ്കില്‍ പോലും 2019-ലെ പൊതു തെരഞ്ഞെടുപ്പ് ബിജെപിക്കു അത്രയൊന്നും വെല്ലുവിളിയാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

മോദി സമ്പൂർണ്ണാധികാരത്തിലേക്ക്; രാജ്യസഭയിലും ഭൂരിപക്ഷമാവും; രാഷ്ട്രപതി ഇനി ബിജെപിയുടെ മാത്രം തീരുമാനം

വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് കൂടി ബിജെപിയുടെ താമരക്കുമ്പിളില്‍ ഭദ്രമായതോടെ ദേശീയ തലത്തില്‍ പ്രതിപക്ഷം പേരിനു മാത്രമായി. ബിജെപിയേയും മോദിയേയും നേരിടാന്‍ അവരവരുടെ തുരുത്തുകളിലുള്ള പ്രാദേശിക പാര്‍ട്ടികളും, പ്രതാപം പോയ കോണ്‍ഗ്രസും, ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇടത് പാര്‍ട്ടികളും മാത്രം. അവരെക്കൊണ്ട് കൂട്ടിയാല്‍ ഉടനൊന്നും കൂടുന്നതല്ല കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ബിജെപിയെ ഒതുക്കൽ. മോദി രാജ്യത്തെ ഏറ്റവും സ്വീകാര്യനായ നേതാവാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരത്തിനുപോലും പറയേണ്ടി വന്നിരിക്കുന്നു.

രാഷ്ട്രപതിയെ
ബിജെപിക്ക്‌
തീരുമാനിക്കാം

മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് റെയ്‌സിനാ കുന്നിലേക്ക് അയയ്ക്കാനുള്ള ആത്മവിശ്വാസവും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കി. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളേജ് വോട്ടില്‍ രണ്ട് ശതമാനം കൂടി ലഭിച്ചാല്‍ എന്‍ഡിഎയ്ക്ക് അവരുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാകും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്ക് 53,634 ഇലക്ടറല്‍ കോളേജ് വോട്ടാണ് കൂടിയത്.

ആകെയുള്ള 10,98,882 ഇലക്ട്രറല്‍ കോളേജ് വോട്ടുകളില്‍ 42 ശതമാനം മാത്രമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് വരെ എന്‍ഡിഎയ്ക്ക് ഉണ്ടായിരുന്നത്. രാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള 5,49,441 ഇലക്ടറല്‍ കോളേജ് വോട്ടിലേക്കെത്താന്‍ 91,658 വോട്ടുകളുടെ കുറവ്.
ബിജെപിക്ക്‌
തനിച്ച് 3.80 ലക്ഷം വോട്ടുകളും ഉണ്ടായിരുന്നു.പുതുതായി 53,634 ലഭിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള 50.1 ശതമാനം കടക്കാന്‍ ആവശ്യമായത് രണ്ട് ശതമാനം വോട്ട് മാത്രം.

യുപിഎ- ഇടത് ഇതര പാര്‍ട്ടികളുടെ സഹായത്തോടെ ഈ പ്രതിസന്ധി മറികടക്കാന്‍ ബിജെപിക്ക്‌ കഴിയും. തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഒഡിഷയിലെ ബിജെഡി എന്നീ പാര്‍ട്ടികളുടെ പിന്തുണ നേടാനാകും ബിജെപി ശ്രമിക്കുക. പനീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തി എഐഎഡിഎംകെ പിളര്‍ത്താനുള്ള ശ്രമത്തിന് പിന്നില്‍ ഈ ഉദ്ദേശമാണെന്നു കരുതാം. ബിജെഡിക്ക്‌ 117 എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. ലോക്‌സഭയില്‍ 20ഉം രാജ്യസഭയില്‍ 8 എംപിമാരുമുണ്ട് ബിജെഡിക്ക്‌ 133 എംഎല്‍എമാരുള്ള എഐഎഡിഎംകെയ്ക്ക് പാര്‍ലമെന്റില്‍ 50 എംപിമാരുണ്ട്.

ലോക്‌സഭയിലെ 543 ഉം രാജ്യസഭയിലെ 233 എംപിമാരുടെയും ആകെ വോട്ടിന്റെ മൂല്യം 54,9474 ആണ്.രാജ്യത്തെ 4120 എംഎല്‍എമാരുടെ വോട്ട് മൂല്യവും കണക്കിലെടുക്കുമ്പോഴാണ് ആകെ 10,98,882 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ലഭിക്കുന്നത്. ഓരോ സംസ്ഥാനത്തേയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ വോട്ടിന്റേയും മൂല്യം കണക്കാക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുള്ളത്. ഓരോ വോട്ടിന്റെ മൂല്യം 208 ആണ്. (കുറവ് സിക്കിമിലും, വോട്ട് മൂല്യം ഏഴ്‌).

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്, കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകള്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് ബിജെപി- ആര്‍എസ്എസ് നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ്‌ ബാദല്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയ പേരുകളും.

രാജ്യസഭയിലും ഭൂരിപക്ഷമാവും

കേന്ദ്ര സര്‍ക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്ന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതാണ്. കോണ്‍ഗ്രസ് ആണ് രാജ്യസഭയിലെ വലിയ ഒറ്റകക്ഷി. 59 അംഗങ്ങളാണ് അവര്‍ക്കുള്ളത്. ബിജെപിക്ക്‌ 56 ഉം. എസ്പി-18, എഐഎഡിഎംകെ-13, തൃണമൂല്‍ കോണ്‍ഗ്രസ് -11, ജെഡിയു-10, സിപിഐഎം-8, ബിജെഡി-8, ബിഎസ്പി-6, എന്‍സിപി-5 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ അംഗബലം.

അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് 11 എംപിമാരുടെ ഒഴിവുണ്ടാകും. ബിജെപിക്ക്‌ സ്വാധീനമുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും രാജ്യസഭാ എംപിമാരുടെ കാലാവധി അവസാനിക്കാറായിട്ടുണ്ട്.

രാജ്യസഭയില്‍ ഭൂരിപക്ഷം നേടിയാല്‍ രാജ്യഭരണം ബിജെപിയുടെ കൈകളില്‍ പൂര്‍ണ്ണമായും ഒതുങ്ങും. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ പോലും മോദിക്കും ബിജെപിക്കും മിനക്കെടേണ്ടി വരില്ല.

Read More >>