ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടി: വീഴ്ച പറ്റിയിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; ഗൂഢാലോചന നടത്തിയത് അഞ്ച് പേര്‍

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡി.ജി.പിയുടെ മുറിയ്ക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്.സു.സി.ഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്‌തെന്നുമാണ് റേഞ്ചജ് ഐജി മനോജ് എബ്രഹാമിന്റെ കണ്ടെത്തല്‍. ഡി.ജി.പി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചെന്ന ആരോപണം പൊലീസ് വീണ്ടും തള്ളി.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടി: വീഴ്ച പറ്റിയിട്ടില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; ഗൂഢാലോചന നടത്തിയത് അഞ്ച് പേര്‍

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ മഹിജയെ ഡി.ജി.പി ഓഫീസിനു മുന്നില്‍ ചവിട്ടി വീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം പൊലീസ് തള്ളി. സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ന്യായീകരണമുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറും.

ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡി.ജി.പിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്.യു.സി.ഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തി. സംഭവത്തില്‍ ഇപ്പോല്‍ ജയിലില്‍ കഴിയുന്ന എസ്.യു.സി.ഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍,വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് ഗൂഢാലോചന നടത്തിയത്. ഷാജര്‍ഖാനാണ് മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസമൊരുക്കിയത്. ഇയാളും ഇവിടെയാണ് താമസിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇവര്‍ താമസിച്ച മുറി പരിശോധിച്ചപ്പോള്‍ ജിഷ്ണു സംഭവത്തില്‍ പൊലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗമുള്ള സംഘടനയുടെ മുഖപത്രം പൊലീസിനു കിട്ടി. ഷാജര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളും ഇതിനു മുമ്പുള്ള ദിവസങ്ങളില്‍ പരസ്പരം പലവട്ടം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍വിളിയുടെ വിശദാംശങ്ങളില്‍ നിന്നു മനസ്സിലായി. എന്നാല്‍ ഹിമവല്‍ ഭദ്രാനന്ദ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവു ലഭിച്ചിട്ടില്ല.

സംഭവം കുറെ കൂടി മെച്ചപ്പെട്ട രീതിയില്‍ പൊലീസിന് കൈകാര്യെ ചെയ്യാമായിരുന്നു എന്നായിരുന്നു ഐജിയുടെ ആദ്യ കണ്ടെത്തല്‍. എന്നാല്‍ പൊലീസിനെ പിണറായി വിജയന്‍ പൂര്‍ണ്ണമായി ന്യായീകരിക്കുകയും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കൂടി അന്വേഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ഐജി അന്വേഷിച്ചത്. മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിക്കുകയും നടപടി ന്യായീകരിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

പൊലീസ് നടപടിയില്‍ മഹിജയ്‌ക്കോ സഹോദരനോ മുറിവോ ചതവോ ഇല്ലെന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.