പേമാരിയില്‍ വിറങ്ങലിച്ച് പാലക്കാട്; അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടി: കൃഷിനാശം രൂക്ഷം: വൈദ്യുതിയും ഗതാഗതവുമില്ലാതെ വലഞ്ഞ് ആയിരങ്ങള്‍

മണ്ണിടിച്ചിലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മണ്ണാര്‍ക്കാട് -പാലക്കാട് ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ഷോളയാറില്‍ നിന്ന് കോയമ്പത്തൂര്‍ വഴിയാണ് പാലക്കാട്ടേക്ക് പോയത്.

പേമാരിയില്‍ വിറങ്ങലിച്ച് പാലക്കാട്; അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടി: കൃഷിനാശം രൂക്ഷം: വൈദ്യുതിയും ഗതാഗതവുമില്ലാതെ വലഞ്ഞ് ആയിരങ്ങള്‍

ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴ പാലക്കാട് ജില്ലയില്‍ ഞായറാഴ്ചയും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പല റോഡുകളും വെള്ളത്തിനടിയിലായി. പലയിടത്തും മരം പൊട്ടിവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മണ്ണാര്‍ക്കാട് -പാലക്കാട് ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ഷോളയാറില്‍ നിന്ന് കോയമ്പത്തൂര്‍ വഴിയാണ് പാലക്കാട്ടേക്ക് പോയത്. മണ്ണാര്‍ക്കാട് നിന്ന് ചുരം വഴി അട്ടപ്പാടിയിലേക്കുള്ള റോഡില്‍ മണ്ണും പാറയും ഉള്‍പ്പടെയുള്ളവ റോഡിലേക്ക് വീണാണ് ഗതാഗത തടസമുണ്ടായത്.

Image Title

ഫയര്‍ഫോഴ്‌സെത്തി ഇന്നലെ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മഴ തുടരുന്നതിനാല്‍ മണ്ണും പാറയും ഇന്ന് വീണ്ടും റോഡിലേക്ക് വീണിട്ടുണ്ട്. ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന മുക്കാലി ടൗണ്‍ വെള്ളത്തിനടിയിലാണ്. കരുവാര- ചിണ്ടക്കി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിനെത്തുടര്‍ന്നാണ് മുക്കാലി വെള്ളത്തിനടിയിലായത്. ഇതോടെ ഈ പ്രദേശത്ത് വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയുടെ പല മേഖലയിലും വൈദ്യുതി ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്.

Image Titleഅട്ടപ്പാടിയുടെ പലഭാഗത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ വകുപ്പുകളും സജ്ജമാണെന്നും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ജില്ലയുടെ മറ്റ് പല സ്ഥലങ്ങളിലും ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ വെള്ളം കയറി നശിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പാടശേഖരത്തില്‍ ഒമ്പതേക്കറും പെരുവെമ്പ് പാടശേഖരത്തില്‍ പത്തേക്കറും കൊയ്യാറായ നെല്‍കൃഷി വെളളംകയറി നശിച്ചു. ചിറ്റൂര്‍, പട്ടാമ്പി മേഖലകളിലും വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്. ജില്ലയിലെ നിറയാതെ കിടന്നിരുന്ന ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ പാലക്കാട് കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Story by
Read More >>