പീഡനം മൂടിവയ്ക്കാന്‍ വികാരിയച്ചനും കെസിവൈഎം നേതാവും സ്വീകരിച്ചത് ഒരേ വഴി; സമാനരീതിക്കു പിന്നില്‍ ഒരേ ബുദ്ധികേന്ദ്രം

സമാനമായ രീതിയിൽ കുറ്റവാളികൾ സ്വതന്ത്രമായി ചിന്തിക്കുന്ന സാഹചര്യം ഉണ്ടാവാമെങ്കിലും കുറ്റം മൂടിവയ്ക്കാന്‍ സഭാ സംവിധാനങ്ങൾ തന്നെ ഉപയോഗപ്പെടുത്തിയതിനാൽ രണ്ടു പ്രവൃത്തികൾക്ക് പിന്നിലും ഒരേ ബുദ്ധികേന്ദ്രം ആവുമെന്നാണ് കുറ്റാന്വേഷണവിദഗ്ധരും അഭിപ്രായപ്പെടുന്നത്. .

പീഡനം മൂടിവയ്ക്കാന്‍ വികാരിയച്ചനും കെസിവൈഎം നേതാവും സ്വീകരിച്ചത് ഒരേ വഴി; സമാനരീതിക്കു പിന്നില്‍ ഒരേ ബുദ്ധികേന്ദ്രം

മാനന്തവാടി അതിരൂപതയിലെ വികാരിയച്ചനും കെസിവൈഎം നേതാവും രണ്ടു വ്യത്യസ്ത സന്ദർഭങ്ങളിലായി വ്യത്യസ്ത സാഹചര്യത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച്‌ ഗർഭിണികളാക്കുകയും പ്രസവിക്കുകയും ചെയ്ത കുറ്റകൃത്യങ്ങളെ മൂടിവെക്കാൻ സ്വീകരിച്ചത് ഒരേ വഴി.

കൊട്ടിയൂർ നീണ്ടുനോക്കി ഇടവക വികാരിയായ ഫാദർ റോബിൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ രഹസ്യമായി പ്രസവം നടത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് വയനാട് ശിശുക്ഷേമ സമിതിയുടെ കൂടി സഹായത്തോടെ നവജാത ശിശുവിനെ വയനാട്ടിലെ സഭാ നിയന്ത്രണത്തിലുള്ള അനാഥാലയത്തിൽ എത്തിക്കുകയുമായിരുന്നു. ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും നിരവധി വാഗ്ധാനങ്ങളും നൽകി.

ഇതോടൊപ്പം, കെസിവൈഎം മാനന്തവാടി രൂപതാ കോർഡിനേറ്റർ വയനാട് സ്വദേശി സിജോ ജോർജും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി. പ്രായപൂർത്തിയായാൽ വിവാഹം ചെയ്തുകൊള്ളാം എന്ന വാഗ്ദാനം നൽകി കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് രഹസ്യമായി പ്രസവം നടത്തുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് ശിശുക്ഷേമസമിതിയിൽ പ്രായപൂർത്തിയായ പെൺകുട്ടി പ്രസവിച്ചതാണ് എന്ന നിലയിൽ കുഞ്ഞിനെ ഹാജരാക്കുകയും സഭാ നിയന്ത്രണത്തിലുള്ള അനാഥാലയത്തിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ ജില്ലാ ശിശുക്ഷേമസമിതിക്ക് വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കുറ്റകൃത്യം മറക്കാൻ വേണ്ടി രണ്ടു പേർ ഒരേ രീതിയിൽ ഒരേയിടത്ത് വച്ച് നടത്തിയ നീക്കങ്ങൾക്ക് പിന്നില്‍ ഒരേ ബുദ്ധികേന്ദ്രം ആണെന്നാണ് വിവരം. സമാനമായ രീതിയിൽ കുറ്റവാളികൾ സ്വതന്ത്രമായി ചിന്തിക്കുന്ന സാഹചര്യം ഉണ്ടാവാമെങ്കിലും കുറ്റം മൂടിവയ്ക്കാന്‍ സഭാ സംവിധാനങ്ങൾ തന്നെ ഉപയോഗപ്പെടുത്തിയതിനാൽ രണ്ടു പ്രവൃത്തികൾക്ക് പിന്നിലും ഒരേ ബുദ്ധികേന്ദ്രം ആവുമെന്നാണ് കുറ്റാന്വേഷണവിദഗ്ധരും അഭിപ്രായപ്പെടുന്നത്.

രണ്ടു സംഭവങ്ങളും വ്യത്യസ്ത അന്വേഷണ സംഘങ്ങളാണ് നിലവിൽ അന്വേഷിക്കുന്നത്. വികാരിയച്ചന്റെ പീഡനത്തിന് പിന്നാലെ
കെസിവൈഎം നേതാവിന്റെ പീഡനവും പുറത്തുവന്നത് സഭാ നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.